പി.വി.ആർ നാച്ചുറൽ പാർക്ക്: അനധികൃത നിർമാണം പൊളിച്ചുനീക്കാൻ കലക്ടറുടെ ഉത്തരവ്
text_fieldsകോഴിക്കോട്: പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പി.വി.ആർ നാച്ചുറൽ പാർക്കിന്റെ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ കലക്ടറുടെ ഉത്തരവ്. നീർചാലിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ നിർമിച്ച കോൺക്രീറ്റ് കുഴൽ ഉൾപ്പെടെയുള്ള നിർമാണം ഒരുമാസത്തിനകം പൊളിച്ചുമാറ്റാനാണ് ഹരജിയിലെ ഏഴാം എതിർകക്ഷിയായ പി.വി.ആർ നാച്ചുറൽ പാർക്ക് അധികൃതർക്ക് ജില്ല കലക്ടർ നിർദേശം നൽകിയത്.
പാർക്ക് അധികൃതർ പൊളിച്ചുമാറ്റിയില്ലെങ്കിൽ പൊളിച്ചുമാറ്റാൻ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. ചെലവാകുന്ന തുക പാർക്ക് ഉടമകളിൽനിന്ന് ഈടാക്കണം. പരിസ്ഥിതി പ്രവർത്തകൻ ടി.വി. രാജനാണ് അനധികൃത നിർമാണത്തിനെതിരെ ഹൈകോടതിയെ സമീപിച്ചത്.
കേസിലെ മറ്റുകക്ഷികളെയും നേരിൽകേട്ട് തീർപ്പുണ്ടാക്കാൻ ജില്ല കലക്ടറോട് കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ജൂണിൽ പി.വി.ആർ നാച്ചുറൽ പാർക്ക് മാനേജർക്കും മറ്റും നോട്ടീസ് നൽകിയെങ്കിലും മാനേജരോ മറ്റു പ്രതിനിധികളോ ഹാജരായില്ല. തുടർന്ന് വിചാരണ ജൂലൈ 17ലേക്ക് മാറ്റി. പരാതിക്കാരനായ ടി.വി. രാജൻ, കക്ഷികളായ താമരശ്ശേരി തഹസിൽദാർ, കൂടരഞ്ഞി വില്ലേജ് ഓഫിസർ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ വിചാരണയിൽ പങ്കെടുത്തു.
ഉത്തരവുകളും ഫയലുകളും പരിശോധിച്ച കലക്ടർ പ്രകൃതിദത്തമായ നീർച്ചാലുകൾക്ക് കുറുകെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തി. ഇതേത്തുടർന്നാണ് കോൺക്രീറ്റ് കുഴൽ ഉൾപ്പെടെയുള്ളവ പൊളിച്ചുനീക്കാനും മണ്ണ് സാധാരണ നിലയിലാക്കാനും ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.