പൊതുമരാമത്ത് നിർമാണം: അവശിഷ്ടം നീക്കിയില്ലെങ്കിൽ അഞ്ചു ലക്ഷം വരെ പിഴ
text_fieldsകൊച്ചി: പൊതുമരാമത്ത് നിർമാണത്തിലെ അവശിഷ്ടങ്ങളും മാലിന്യവും അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന കരാറുകാർക്കെതിരെ നടപടി കർശനമാക്കുന്നു. ഇത്തരം കരാറുകാർക്ക് ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം രൂപവരെ പിഴ ചുമത്താനാണ് തീരുമാനം. നിർമാണസ്ഥലങ്ങളിൽ അവശിഷ്ടം കുന്നുകൂടുന്നതും ശാസ്ത്രീയമായി സംസ്കരിക്കാത്തതും യാത്രക്കാരുടെ ജീവനുവരെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
റോഡ്, പാലം, കെട്ടിട നിർമാണം, പഴയവ പൊളിച്ചുമാറ്റൽ എന്നീ ജോലികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവശിഷ്ടങ്ങളും മാലിന്യവും സ്ഥലത്തുനിന്ന് ശാസ്ത്രീയമായി നീക്കുകയും സംസ്കരിക്കുകയും ചെയ്യണമെന്ന് 2012ലെ പരിഷ്കരിച്ച പൊതുമരാമത്ത് മാന്വലിൽ അനുശാസിക്കുന്നുണ്ട്. പുനരുപയോഗത്തിനു സാധ്യമായവ അത്തരത്തിലും പ്രയോജനപ്പെടുത്തണം.
കരാറുകാരനാണ് ഇതിെൻറ പൂർണ ഉത്തരവാദിത്തം. എന്നാൽ, നിർദേശം ലംഘിച്ചാൽ പിഴയീടാക്കാൻ നിലവിൽ വ്യവസ്ഥയില്ല. അതുകൊണ്ടുതന്നെ പല കരാറുകാരും കൃത്യമായി പാലിക്കാറുമില്ല. അവശിഷ്ടങ്ങൾ നിർമാണസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിക്കുന്നതും യാത്രക്കാരുടെയും വാഹനങ്ങളുടെയും സുഗമസഞ്ചാരത്തിനു ഭീഷണിയാകും വിധം കുന്നുകൂട്ടിയിടുന്നതും പലപ്പോഴും അപകടങ്ങൾക്കുവരെ കാരണമാകാറുണ്ട്. കരാറുകാർക്ക് പലതവണ കർശന നിർദേശം നൽകിയിട്ടും ഫലമില്ലാത്തതുകൊണ്ടാണ് കനത്ത പിഴ ചുമത്താൻ തീരുമാനിച്ചത്.
കുറഞ്ഞത് ഒരു ലക്ഷവും കൂടിയത് അഞ്ചു ലക്ഷവും എന്ന വ്യവസ്ഥക്ക് വിധേയമായി എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനം എന്ന നിരക്കാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗം ചീഫ് എൻജിനീയറാണ് ശിപാർശ സർക്കാറിനു സമർപ്പിച്ചത്. പിഴ ചുമത്താൻ തീരുമാനിച്ച സാഹചര്യത്തിൽ പൊതുമരാമത്ത് മാന്വലിലെ ബന്ധപ്പെട്ട വ്യവസ്ഥയിൽ ഇതിനനുസൃതമായി മാറ്റം വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.