ഇടുക്കിയിൽ മുറിച്ചത് വനഭൂമിയിലെ മരങ്ങളല്ലെന്ന് പൊതുമരാമത്ത് വകുപ്പ്
text_fieldsമൂന്നാർ: ചിത്തിരപുരം-ഉടുമ്പൻചോല റോഡിലെ മരങ്ങൾ മുറിച്ചത് നടപടിക്രമങ്ങൾ പാലിച്ചെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി. മരങ്ങൾ നിൽക്കുന്നത് വനഭൂമിയിൽ അല്ലെന്നും ഇവരുടെ വിശദീകരണത്തിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം റേഞ്ച് ഓഫിസർക്ക് ബുധനാഴ്ചയാണ് പൊതുമരാമത്ത് വകുപ്പ് വിശദീകരണം നൽകിയത്. ഒന്നര വർഷംമുമ്പ് 154 കോടി കിഫ്ബി ഫണ്ടും നബാർഡിെൻറ ആറ് കോടിയും വിനിയോഗിച്ച് 45 കി.മീ. നീളത്തിൽ നിർമാണം തുടങ്ങിയ റോഡാണിത്. റോഡിലും വശങ്ങളിലുമായി 173 മരം അപകടാവസ്ഥയിലുള്ളതായി പൊതുമരാമത്ത് അധികൃതർ കണ്ടെത്തി. ഇവ മുറിച്ചുനീക്കാൻ നടപടി ആവശ്യപ്പെട്ട് നിരവധി തവണ വനം വകുപ്പിന് കത്തും നൽകി.
എന്നാൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് അനുമതി നൽകേണ്ടതെന്നായിരുന്നു മറുപടി. ഇതോടെ മരങ്ങൾ നിലനിർത്തി റോഡ് നിർമാണം തുടർന്നു. ചില മരങ്ങൾ റോഡിന് നടുക്കും മറ്റുള്ളവ റോഡരികിൽ ഒന്നര മീറ്റർ വരെ തിട്ടയിലുമായിരുന്നു. ഇതിനിടെ, ടൗെട്ട ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ േമയ് 14ന് ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം അപകടാവസ്ഥയിലുള്ള മരങ്ങൾ 31നകം മുറിച്ചുമാറ്റാൻ തീരുമാനിച്ചു. റോഡ് നിർമാണം ആരംഭിച്ചപ്പോൾ വില്ലേജ് ഓഫിസിൽനിന്ന് ലഭിച്ച അനുമതി പ്രകാരവും 1974 ലെ റവന്യൂ രേഖകൾ പ്രകാരവും റോഡ് കടന്നുപോകുന്ന ഭാഗം വനഭൂമിയല്ലെന്നും പൊതുമരാമത്ത് അധികൃതർ പറയുന്നു.
രണ്ടുമാസം മുമ്പ് പുളിയന്മലയിൽ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മരം വീണ് തൊടുപുഴ സ്വദേശിനി മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് പഴികേട്ടിരുന്നു. ഇതോടെയാണ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ തുടങ്ങിയതെന്നും വിശദീകരണത്തിൽ പറയുന്നു. നെടുങ്കണ്ടം സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ബിബിൻ ജിത്ത്, ശാന്തൻപാറ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ കാർത്തിക് കൃഷ്ണൻ എന്നിവരാണ് വിശദീകരണം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.