സ്കൂൾ പാദവാർഷിക പരീക്ഷ നടത്തിപ്പ്; തീരുമാനം ക്യു.ഐ.പി യോഗത്തിൽ
text_fieldsതിരുവനന്തപുരം: കാലവർഷക്കെടുതിയിൽ താളം തെറ്റിയ സ്കൂൾ പാദവാർഷിക പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഈ മാസം 30ന് ചേരുന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.ഐ.പി ) മോണിറ്ററിങ് യോഗത്തിൽ തീരുമാനമെടുക്കും. പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ 29ന് സ്കൂൾ തുറന്നു അധ്യയനം പുനരാരംഭിച്ചാലും സെപ്റ്റംബറിൽ പരീക്ഷ നടത്താൻ സാധിക്കില്ല. ഒട്ടേറെ വിദ്യാർത്ഥികൾക്ക് പ്രളയത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇവർക്ക് സെപ്റ്റംബർ ഏഴിനകം പുസ്തകം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓണാവധി കഴിഞ്ഞു ആഗസ്റ്റ് 31ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ കാലവർഷക്കെടുതിയും പിന്നീടുണ്ടായ പ്രളയവും കാരണം സ്കൂളുകൾക്ക് കൂട്ട അവധി നൽകേണ്ടി വന്നു. ഇതോടെയാണ് പാദവാർഷിക പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. പരമാവധി ശനിയാഴ്ചകൾ പ്രവൃത്തി ദിവസം ആക്കിയാൽ പോലും സെപ്റ്റംബറിൽ പരീക്ഷക്ക് ആവശ്യമായ ഭാഗം പഠിപ്പിച്ചു തീരില്ല. പാദവാർഷിക പരീക്ഷ ഈ വർഷം ഉപേക്ഷിക്കുമെന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.
പാദവാർഷിക പരീക്ഷക്കുള്ള ചോദ്യപേപ്പർ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇതിലുള്ള പാഠഭാഗം പഠിപ്പിച്ചു കഴിഞ്ഞെങ്കിൽ മാത്രമേ പരീക്ഷ നടത്താനാകൂ. നേരത്തെ അധ്യയന ദിനങ്ങൾ കൂട്ടത്തോടെ നഷ്ടപെട്ട സാഹചര്യത്തിൽ എസ്. എസ്. എൽ.സി പരീക്ഷ മാർച്ച് അവസാന വാരത്തിലേക്കു മാറ്റാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ പിന്നീട് ചേർന്ന ക്യു.ഐ.പി യോഗം ഈ നിർദേശം തള്ളുകയും പരമാവധി ശനിയാഴ്ച പ്രവൃത്തിദിവസമാക്കി മാർച്ച് 13മുതൽ പരീക്ഷ നടത്താൻ ശിപാർശ ചെയ്തു. ഇതിന് ശേഷം പ്രളയക്കെടുതിയിൽ കൂടുതൽ ദിവസം നഷ്ടമായതോടെ എസ്. എസ്.എൽ.സി മാർച്ച് 13ന് തുടങ്ങുന്ന കാര്യത്തിൽ പുനരാലോചന വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.