അർധരാത്രി 'ബ്രസീൽ ബിരിയാണി'; പെരിന്തൽമണ്ണയിൽ കുതിച്ചെത്തിയത് 2000ലേറെ പേർ -VIDEO
text_fieldsപെരിന്തൽമണ്ണ: സെർബിയയെ വിറപ്പിച്ച് ബ്രസീലിയൻ താരങ്ങൾ പടയോട്ടം തുടങ്ങുംമുമ്പേ പെരിന്തൽമണ്ണയിലെ ബ്രസീൽ ആരാധകർ ഉറപ്പിച്ചിരുന്നു, വിജയം കാനറിപ്പക്ഷികൾക്കാണെന്ന്. അതുകൊണ്ടുതന്നെ ആഘോഷം കെങ്കേമമാക്കാൻ കളികഴിയുന്നത് വരെ അവർ കാത്തിരുന്നില്ല. 12.30ന് ഖത്തറിൽ പോരാട്ടം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് പെരിന്തൽമണ്ണ ജൂബിലി ജങ്ഷനിൽ ഫാൻസിന്റെ വക 'ബ്രസീൽ ബിരിയാണി' വിതരണം തുടങ്ങിയിരുന്നു.
ലോകകപ്പിൽ ബ്രസീലിന്റെ അരങ്ങേറ്റ മൽസരത്തോടനുബന്ധിച്ചാണ് ആരാധകർ അർധരാത്രി ബിരിയാണി വിതരണം നടത്തിയത്. ബ്രസീൽ ഫാൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി വിതരണം സോഷ്യൽമീഡിയ വഴി അറിഞ്ഞ് 2000ൽപരം പേരാണ് പാതിരാത്രിയും ഒഴുകിയെത്തിയത്.
റിച്ചാലിസന്‍റെ മനോഹരമായ ബൈസിക്കിൾ കിക്കിലൂടെ ബ്രസീൽ ഗോൾ നേടിയത് ബിരിയാണി കഴിച്ച് ആവേശത്തോടെ കളികാണാനിരുന്ന ആരാധകരുടെ ആഘോഷാരവം ഇരട്ടിയാക്കി. ഗ്രൂപ് ജിയിലെ മത്സരത്തിൽ കാനറികൾ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെർബിയയെ തോൽപിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്‍റെ (62, 73) ഇരട്ടഗോളിന്‍റെ കരുത്തിലായിരുന്നു ബ്രസീലിന്‍റെ ജയം.
ബ്രസീൽ മൽസരം കാണാൻ വരുന്നവർക്കെല്ലാം രാത്രി 11.30 മുതൽ 12.25 വരെ ബിരിയാണി വിതരണം ചെയ്യുമെന്നായിരുന്നു സോഷ്യൽ മീഡീയയിൽ അറിയിപ്പ്. വണ്ടൂർ, നിലമ്പൂർ, മക്കരപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുവരെ ആളുകളെത്തി.
അർജന്റീന ഫാൻസ് അടക്കം മറ്റു ഫാൻസുകാരും ഫുട്ബോൾ പ്രേമികളും സഹകരിച്ചു കൊണ്ടാണ് ഭക്ഷണവിതരണം നടത്തിയതെന്ന് ബ്രസീൽ ഫാൻസ് അംഗങ്ങൾ പറഞ്ഞു. 2800 പേർക്ക് ഭക്ഷണം കഴിക്കാനുള്ള ഡിസ്പോസിബിൾ പ്ലെയ്റ്റാണ് കരുതിയിരുന്നത്. രണ്ടും മൂന്നും പേർക്കു കഴിക്കാനുള്ളത് ഒരുമിച്ചും വിതരണം നടത്തി.
നീണ്ട വരിയാണ് പെരിന്തൽമണ്ണ ജൂബിലിജങ്ഷനു സമീപം രൂപപ്പെട്ടത്. യുവാക്കളും മുതിർന്നവരും ഒഴുകിയെത്തിയതോടെ പെരിന്തൽമണ്ണ ജൂബിലി ജങ്ഷൻ പാതിരാത്രിയിൽ കളിയാവേശക്കാരെക്കൊണ്ട് നിറഞ്ഞു. ചെറിയ തോതിൽ ഗതാഗത തടസവുമുണ്ടായി. ജൂബിലിയിൽ പ്രൊജക്ടർ വെച്ച് ഫുട്ബോൾ മൽസരം കാണാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കളി കാണാന്‍ വരുന്നവർക്കെല്ലാം സൗജന്യ ബിരിയാണിയെന്ന് രണ്ടാഴ്ചയോളം മുമ്പ് തീരുമാനിച്ചതാണ്.
26 കി.ഗ്രാമി ന്റെ ഏഴു ചാക്ക് അരിയിട്ടാണ് ബിരിയാണി വെച്ചത്. ബ്രസീൽ മൽസരം 12.30 ന് തുടങ്ങുമെന്നതിനാൽ 12.25 ന് നിർത്താനായിരുന്നു തീരുമാനം. എന്നാൽ ആളുകളുടെ തിരക്ക് കൂടിയതോടെ 12.45 വരെ വിതരണം നീണ്ടു. വിവിധ ഫാൻസുകാരും ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞ് എത്തിയിരുന്നു.
ക്ലബ്ബ് പ്രവർത്തകരും ബ്രസീൽ ഫാൻസ് അംഗങ്ങളുമായ നിഷാദ് ആലിക്കൽ, ജസീൽ, ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ബിരിയാണി വിതരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.