എഴുത്തില്ല, സമ്പർക്കമറിയാൻ ഇനി ക്യൂ.ആർ സ്കാനിങ്
text_fieldsതിരുവനന്തപുരം: സമ്പർക്കവും സാന്നിധ്യവുമറിയാൻ രജിസ്റ്റർ ബുക്ക് പരതേണ്ട, സന്ദർശകരിലോ ജീവനക്കാരിലോ കോവിഡ് ബാധയുണ്ടായാൽ ഇടപഴകിയവരുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന ഡിജിറ്റൽ സന്ദർശക രജിസ്ട്രി എല്ലാ സർക്കാർ ഒാഫിസിലും പൊതുസ്ഥാപനങ്ങളിലും നിർബന്ധമാക്കാൻ സർക്കാർ നിർദേശം. ക്യൂ.ആർ കോഡ് വഴി ജാഗ്രത പോർട്ടലുമായി ബന്ധപ്പെടുത്തിയാണ് രജിസ്ട്രി പ്രവർത്തിക്കുന്നത്.
പേനയും പുസ്തകവും ഉപയോഗിച്ചുള്ള നിലവിലെ രീതിക്കുപകരം മൊബൈൽ ഫോണിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതാണ് സംവിധാനം. സ്വകാര്യ സ്ഥാപനങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും വിവാഹമടക്കമുള്ള ചടങ്ങുകളിലും ഇതു പ്രയോജനപ്പെടുത്താമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം.
സ്ഥാപന മേധാവിയോ ഒാഫിസ് ചുമതലയുള്ള ഉദ്യോഗസ്ഥനോ ജാഗ്രത പോർട്ടലിൽ പ്രവേശിച്ച് ഡിജിറ്റൽ രജസ്ട്രിക്കായുള്ള ഭാഗത്ത് വിവരങ്ങൾ നൽകിയാൽ ക്യൂ.ആർ കോഡ് ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് ഒാഫിസ് മുൻവശത്ത് പ്രദർശിപ്പിക്കണം. ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കെത്തുന്ന സന്ദർശകരും മൊബൈൽ ഫോൺ ഉപയോഗിച്ച് ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നതോടെ രജിസ്ട്രേഷൻ നടക്കും.
ആദ്യ തവണ സ്കാൻ ചെയ്യുേമ്പാൾ മൊബൈൽ നമ്പർ, പേര്, ജില്ല, തദ്ദേശ സ്ഥാപനം, വിലാസം എന്നീ വിവരങ്ങൾ നൽകണം. തുടർന്ന്, മറ്റ് ഏത് ഒാഫിസ് സന്ദർശിച്ചാലും ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുേമ്പാഴേക്കും വിവരം ജാഗ്രത പോർട്ടലിൽ രജിസ്റ്ററാകും. സ്മാർട്ട് േഫാണില്ലാത്തവരാണ് സന്ദർശകരെങ്കിൽ ഉദ്യോഗസ്ഥർ സ്വന്തം ഫോൺ വഴി ഇവരുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. സംസ്ഥാനത്തെ 16,470 സ്ഥാപനങ്ങളിൽ സംവിധാനം ഇപ്പോൾ ലഭ്യമാണ്. കോഴിക്കോട്ടാണ് സംവിധാനം ആദ്യം തുടങ്ങിയത്. സ്വകാര്യ സ്ഥാപനങ്ങളും ചില തദ്ദേശ സ്ഥാപനങ്ങളും സ്വന്തം നിലക്ക് ക്യൂ.ആർ സംവിധാനം നേരത്തേ തുടങ്ങിയിരുന്നു. സർക്കാർ ഏകീകൃത സ്വഭാവത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്ലാറ്റ്ഫോം ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.