ഡോക്ടർമാര്‍ തമ്മിൽ പിണക്കം;ആര്യനാട് സര്‍ക്കാര്‍ ആശുപത്രി പ്രവർത്തനം താളംതെറ്റി
text_fieldsആര്യനാട്: ഡോക്ടർമാര്‍ തമ്മിലുള്ള പിണക്കം കാരണം ആര്യനാട് സര്‍ക്കാര്‍ ആശുപത്രി പ്രവർത്തനം താളംതെറ്റുന്നു. പല ദിവസങ്ങളിലും രാത്രി ജോലി ചെയ്യാൻ ഡോക്ടർമാർ തയാറാകാത്തതാണ് പ്രധാന പ്രതിസന്ധി. നിലവിൽ ആറ് ഡോക്ടർമാർ ഉള്ളതിൽ രണ്ടുപേർ പി.എസ്.സി മുഖേന നിയമനം ലഭിച്ചവരാണ്.
മെഡിക്കൽ ഓഫിസർ ഡോക്ടർമാരുടെ സമരകാലത്ത് പ്രത്യേക ഇന്റര്‍വ്യൂവിലൂടെ എത്തിയതാണ്. ഒരാൾ ഒരു മാസം മെഡിക്കൽ അവധിയിലാണ്. ശേഷിക്കുന്ന രണ്ടുപേർ എൻ.എച്ച്.എം ഡോക്ടർമാരും ഒരാൾ ബ്ലോക്ക് പഞ്ചായത്തിന്റെ താൽക്കാലിക നിയമനവുമാണ്.
മെഡിക്കൽ ഓഫിസർ ഉൾപ്പടെ സ്ഥിരം ഡോക്ടർമാർ രാത്രി ഡ്യൂട്ടി എടുക്കാത്തതാണ് താൽക്കാലികക്കാരെ പ്രകോപിപ്പിക്കുന്നത്. മിക്ക സമയങ്ങളിലും അധികജോലി ചെയ്യാൻ താൽക്കാലികക്കാരെ ചുമതലപ്പെടുത്തുകയാണ് പതിവ്.
മാസങ്ങളായി ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർ ഡ്യൂട്ടി സംബന്ധിച്ച തർക്കം കാരണം ചികിത്സതേടി എത്തുന്നവര്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. നിശ്ചയിക്കുന്ന ജോലിചെയ്യാൻ താൽക്കാലിക ഡോക്ടർമാർ വിസമ്മതിക്കുന്നതായി മെഡിക്കൽ ഓഫിസർ ഡോ. നെൽസൺ പറഞ്ഞു. പലപ്പോഴും രാത്രി ഡ്യൂട്ടി ചെയ്യേണ്ടവർ വൈകീട്ട് നാലോടെ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സതേടിയിട്ട് മെഡിക്കൽ ഓഫിസർക്ക് വാട്സ്ആപ് വഴി വരാൻ കഴിയില്ലെന്ന് അറിയിക്കും. ഇവർ പരസ്പര ധാരണയോടെ ഡ്യൂട്ടി ക്രമീകരിക്കാൻപോലും തയാറാകാത്തത് രാത്രികാലങ്ങളിൽ ആശുപത്രി അടച്ചിടേണ്ടതായ സ്ഥിതിയുണ്ടാക്കുന്നു.
രാത്രികാലങ്ങളിൽ ഡ്യൂട്ടിക്ക് എത്തുന്നവർ അഞ്ചിന് മുമ്പ് ഹാജര്‍ ബുക്കില്‍ ഒപ്പിടണം. നഴ്സുമാരും അറ്റൻഡർമാരും ഇപ്പോൾ രജിസ്റ്ററിൽ ഒപ്പിടാതെയാണ് ജോലിചെയ്യുന്നത്.
രാത്രികാലങ്ങളിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികളും ദുരിതത്തിലാണ്. നെടുമങ്ങാട് താലൂക്കിൽ ആദ്യമായി കിടത്തിചികിത്സ ആരംഭിച്ച ആശുപത്രിക്കാണ് ഈ ദുർഗതി. ആദിവാസി മേഖലയിൽ നിന്നുൾപ്പെടെ നൂറുകണക്കിന് രോഗികളാണ് ദിവസവും ആശുപത്രിയെ ആശ്രയിക്കുന്നത്. പലപ്പോഴും രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതുകാരണം നിരവധി രോഗികളാണ് ബുദ്ധിമുട്ടിലാകുന്നു.
ഡോക്ടർ ഇല്ലാതെ ദുരിതത്തിലായപ്പോൾ ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ആശുപത്രിയിലെത്തി സമരവും നടത്തിയിരുന്നു.
രാത്രിയിൽ ഡോക്ടറുടെ സേവനം ഇല്ലാതായതോടെ ഡ്യൂട്ടിയിലുളള നഴ്സുമാരാണ് അടിയന്തര ചികിത്സ നൽകുന്നത്. രാത്രിയിൽ അത്യാഹിതം സംഭവിച്ച് ആശുപത്രിയിലെത്തുന്ന രോഗികളെ നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ വിടേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.