ലൈസൻസില്ലാതെ പ്രവർത്തിച്ച ക്വാറിയിൽ പാറയിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു
text_fieldsനെയ്യാറ്റിൻകര: ക്വാറിയിൽ പണിനടക്കുന്നതിനിടെ പാറയടരുകൾ ഇടിഞ്ഞുവീണ് എക്സ്കവേറ്റർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. തമിഴ്നാട് സേലം ധർമപുരി കാമരാജ്പേട്ടൈ തങ്കൻകാട് 4/55 ൽ തങ്കരാജിെൻറ മകൻ സതീഷ്കുമാർ (29), മരായമുട്ടം മാലകുളങ്ങര ചീനിവിള റോഡരികത്ത് പുത്തൻവീട്ടിൽ യേശുദാസ്^കമലം ദമ്പതികളുടെ മകൻ ബിനുകുമാർ (23) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഏഴു പേരിൽ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലും നാലുപേരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മരായമുട്ടം, കോട്ടക്കൽ, ശാസ്താംപാറ ക്വാറിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഒരാഴ്ച മുമ്പ് 160 മീറ്റർ ഉയരത്തിൽ പാറ പൊട്ടിച്ചിരുന്നു. കല്ലിെൻറ ഒരു ഭാഗം വീണെങ്കിലും കുറച്ചഭാഗം ഇളകിയിരുന്നു. നിലത്തുകിടന്ന പാറക്കല്ലുകൾ എക്സ്കവേറ്റർ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് ഉയരമുള്ള ക്വാറിയുടെ മുകളിൽനിന്ന് അപകടാവസ്ഥയിലായ പാറക്കല്ല് അടർന്ന് എക്സ്കവേറ്ററിെൻറ മുകളിലും ക്വാറിയിൽ ജോലി ചെയ്തിരുന്നവരുടെ ശരീരത്തിലും വീണത്. മുപ്പതിലേറെ പേർ ജോലി ചെയ്തിരുന്ന ക്വാറിയിൽനിന്ന് പാറ വീഴുന്നത് കണ്ട പലരും ഓടി മാറിയതാണ് ദുരന്തത്തിെൻറ വ്യാപ്തി കുറച്ചത്.
കല്ലുകൾ പതിച്ചതോടെ എക്സ്കവേറ്റർ പൂർണമായും തകർന്നാണ് ൈഡ്രവർ സംഭവ സ്ഥലത്ത് മരിച്ചത്. അരക്ക് കീഴെയും ശരീരത്തിെൻറ വിവിധ ഭാഗങ്ങളും പൂർണമായും വികൃതമായനിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനുകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിച്ചു. കല്ലിനടിയിലും മറ്റും കുടുങ്ങിയവരെ സമീപ വാസികളും ക്വാറിയിലെത്തിയവരും ചേർന്ന് ആദ്യം നെയ്യാറ്റിൻകരയിലെ സർക്കാർ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി എത്തിച്ചു. മാരായമുട്ടം സ്വദേശി സുധിൻ (23), വെള്ളറട സ്വദേശി അജി (45), മാലക്കുളങ്ങര സ്വദേശി ബിനിൽകുമാർ (23), വിജിൻ, മുള്ളറവിള സ്വദേശി മോഹൻ, മാരായമുട്ടം സ്വദേശി കുക്കു, അരുവിയോട് സ്വദേശി ജയൻ എന്നിവരാണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലുമായി ചികിത്സയിലുള്ളത്.
നെയ്യാറ്റിൻകര, ചെങ്കൽചൂള, പാറശ്ശാലയിൽനിന്നുമുൾപ്പെടെ ഏഴ് യൂനിറ്റ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനത്തിനെത്തി. നെയ്യാറ്റിൻകര സബ്ഡിവിഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. അപകടം നടന്ന ക്വാറിക്ക് ലൈസൻസില്ലായിരുന്നു. സംഭവ സ്ഥലം സന്ദർശിച്ച കലക്ടർ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. സതീഷിെൻറ മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയിലും ബിനിലിെൻറ മൃതദേഹം മെഡിക്കല്‍ കോളജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.