ക്വാറി-ക്രഷർ ഉടമകൾ അനിശ്ചിതകാല സമരത്തിന്
text_fieldsകോഴിക്കോട്: ക്വാറികൾ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി- ക്രഷർ കോ ഓഡിനേഷൻ കമ്മിറ്റി സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച തൃശൂരിൽ ചേരുന്ന ക്വാറി, ക്രഷർ വ്യവസായികളുടെ സംസ്ഥാനതല സമരപ്രഖ്യാപന കൺവെൻഷനിൽ വിശദാംശങ്ങൾ തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ നയങ്ങൾമൂലം ഈ മേഖല പ്രതിസന്ധിയിലാണ്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഏപ്രിൽ 17ന് ക്വാറികളും ക്രഷറുകളും അടച്ചിട്ട് സമരം ആരംഭിച്ചെങ്കിലും വ്യവസായ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ, കോ ഓഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ആറംഗ കമ്മിറ്റി രൂപവത്കരിക്കുകയും ഈ കമ്മിറ്റിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങൾ ഉണ്ടാകൂ എന്നും ഉറപ്പ് നൽകിയിരുന്നു. ഇതിന് വിരുദ്ധമായി ആഗസ്റ്റ് 25ന് ഖനന കുടിശ്ശികയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഇതുപ്രകാരം നേരത്തെ പാറ പൊട്ടിച്ചുമാറ്റിയ സ്ഥലത്തിനുപോലും ഭീമമായ സംഖ്യ പിഴ അടക്കണമെന്നാണ് പറയുന്നത്. ഈ ഉത്തരവ് പിൻവലിക്കണമെന്നാണ് ക്വാറി-ക്രഷർ ഉടമകളുടെ പ്രധാന ആവശ്യം.
കോ ഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എം.കെ. ബാബു, ചെയർമാൻ എ.എം. യൂസഫ്, യു. സെയ്ത്, ഡേവിഡ് പാത്താടൻ, ഇ.കെ അലി മൊയ്തീൻ, പട്ടാക്കൽ റസാഖ്, ബാവ താമരശേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.