തോട്ടംഭൂമിയിലെ ക്വാറി: ഇളവ് റദ്ദാക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടംഭൂമിയിൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇളവ് റദ്ദാക്കി മിച്ചഭൂമിയായി ഏറ്റെടുക്കാൻ സർക്കാർ നീക്കം. ഹൈകോടതിയിലെ മൂന്നംഗ െബഞ്ചിെൻറ വിധിയെ തുടർന്നാണ് ക്വാറികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യൂവകുപ്പ് സെക്രട്ടറിക്ക് നിർേദശം നൽകിയത്.
ഭൂപരിഷ്കരണനിയമപ്രകാരം ഇളവ് ലഭിച്ച തോട്ടങ്ങളിൽ ക്വാറികൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം ഭൂമി നിയമപ്രകാരം ഏറ്റെടുക്കാവുന്നതാണെന്നും ഹൈകോടതി വിധിച്ചിരുന്നു. വൻകിട, ചെറുകിട തോട്ടങ്ങളിലുൾപ്പെടെ പതിനായിരക്കണക്കിന് ഏക്കർ സ്ഥലങ്ങളിൽ നിയമവിരുദ്ധമായി ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.
ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം ക്വാറികളിലധികവും പ്രവർത്തിക്കുന്നത്. സർക്കാർ അനുമതി ലഭിച്ചാലുടൻ തോട്ടം ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷം ഇവ മിച്ചഭൂമിയായി ഏറ്റെടുക്കാൻ താലൂക്ക് ലാൻഡ് ബോർഡുകൾക്ക് കഴിയും. ഇതിനായി ആദ്യം ക്വാറികൾ പ്രവർത്തിക്കുന്ന തോട്ടങ്ങൾക്ക് നൽകിയ സീലിങ് കേസുകൾ ലാൻഡ് ബോർഡുകൾ പുനഃപരിശോധിക്കേണ്ടിവരും.
ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ 81പ്രകാരമാണ് തോട്ടങ്ങൾക്ക് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം െവക്കാൻ കഴിയുന്നത്. 15 ഏക്കറിൽ കൂടുതലുള്ള ഭൂമി തോട്ടമാണെങ്കിലാണ് ഇളവ് നൽകുന്നത്. ഇത് 1964ന് മുമ്പ് തോട്ടമായിരിക്കണം. ഇളവ് ലഭിച്ച ഭൂമി തരം മാറ്റുകയാണെങ്കിൽ ഇവ മിച്ചഭൂമിയായി പ്രഖ്യാപിച്ച് സർക്കാറിന് ഏെറ്റടുക്കാം.
അതേസമയം, 1970ന് ശേഷവും സർക്കാറിന് ഭൂപരിധിയിൽ ഇളവ് നൽകാം. തോട്ടങ്ങൾക്കും വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത്തരത്തിൽ ഇളവ് ലഭിക്കും. ഇതിനായി കലക്ടർമാർ അധ്യക്ഷരായ ജില്ലതല സമിതികൾ പ്രവർത്തിക്കുന്നുണ്ട്.
ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ, ബന്ധപ്പെട്ട വകുപ്പിലെ ജില്ലതല ഓഫിസർ എന്നിവരാണ് സമിതിയിലുണ്ടാവുക. എന്നാൽ, പൊതുതാൽപര്യം ഉള്ള കേസുകളിൽ മാത്രമേ ഇത്തരം ഇളവുകൾ നൽകാൻ പാടുള്ളൂ. നിശ്ചിതസമയ പരിധിയിലേക്കാണ് ഇളവ് നൽകുക. ഭൂപരിഷ്കരണനിയമത്തിലെ സെക്ഷൻ 81(3) പ്രകാരമാണ് ഇത്തരത്തിൽ കർശന നിബന്ധനകളോടെ ഇളവ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.