നമുക്ക് ഈ ചുരം റോഡ് ടിപ്പർ ലോറികൾക്ക് എഴുതിക്കൊടുത്തുകൂടേ സാറമ്മാരേ...?
text_fieldsഎത്ര എഴുതിയാലും അഴിമതിയുടെയും സ്വജനപക്ഷപാതങ്ങളുടെയും ഈ കൊടുംവളവുകൾ ഒരിക്കലും നേരെയാകാൻ പോകിെല്ലന്ന് ഉൽപനറിയാം. എന്നാലും ഈ 'പാതി ലോക്ഡൗൺ' കാലത്ത് താമരശ്ശേരി മുതൽ കൽപറ്റ വരെ യാത്ര ചെയ്ത അനുഭവത്തിെൻറ വെളിച്ചത്തിൽ ചിലത് ചൂണ്ടിക്കാട്ടാതെ വയ്യ. വഴിനീളെ, ഒരു ടോറസായിരുന്നെങ്കിൽ എന്ന് ഏത് ബി.എം.ഡബ്ല്യൂക്കാരനും ആശിച്ചുപോവുന്ന കാഴ്ചകളാവുേമ്പാൾ പ്രത്യേകിച്ചും.
ഒരു വാഹനമെന്ന നിലയിലല്ല, റോഡിൽ നാം വമ്പൻ ടോറസ് ലോറികളെയും ടിപ്പറുകളെയും കാണേണ്ടത്. അതൊരുതരം എഴുന്നള്ളലാണ്. റോഡിെൻറ അധികാരികളെപ്പോലെ അവർ നെഞ്ചുവിരിച്ച് നടത്തുന്ന കുതിപ്പുകണ്ടാൽ ആർക്കും അസൂയ തോന്നും. മന്ത്രിമാരുടെ അധികാരഭാവം കടമെടുക്കുന്ന പോലെ മുഴുവൻ സംവിധാനങ്ങളുടെയും ആശീർവാദത്തോടെയാണ് നിരത്തിൽ അവയുടെ ഭാവഹാവാദികൾ. ചുരുങ്ങിയപക്ഷം ദേശീയപാത 766ൽ താമരശ്ശേരി ചുങ്കം ജങ്ഷൻ മുതൽ അങ്ങ് മുത്തങ്ങയും പേര്യയും നിരവിൽപുഴയും പുൽപള്ളിയുമൊക്കെയെത്തുന്ന വഴികളിലൊക്കെ അതങ്ങനെ തന്നെയാണ്. എല്ലാവരും ഭയഭക്തിയോടെ അവർക്ക് ഒതുങ്ങിക്കൊടുക്കും. പൊലീസ് ഏമാന്മാർ സല്യൂട്ടടിക്കുന്നതിനൊത്ത സ്നേഹത്തോടെ ഒളികണ്ണെറിയും.
അടിവാരം കഴിഞ്ഞ് ചുരം കയറിത്തുടങ്ങിയാൽ പിന്നെ ഇപ്പറഞ്ഞ ടിപ്പർ ഭീമന്മാർ രാജാക്കന്മാരാണ്. കുറ്റം പറയാൻ പറ്റില്ല. മുക്കം ഭാഗത്ത് ക്രഷറുകൾ പൂത്തുലയാൻ തുടങ്ങിയ കാലം മുതൽ അവരുടെ സ്വന്തം ചുരമാണിത്. ആംബുലൻസുകൾക്കു പോലും അവരെക്കഴിഞ്ഞേ ഇവിടെ സ്ഥാനമുള്ളൂ. പണ്ട് പ്രളയത്തിൽ ചുരം ഇടിഞ്ഞ കാലത്തുപോലും തങ്ങളുടെ അരുമകൾക്ക് അധികാരികൾ നിയന്ത്രണം ഏർപെടുത്തിയിട്ടില്ല. അന്ന് മലാപ്പറമ്പിനും എരഞ്ഞിപ്പാലത്തിനുമിടയിൽനിന്ന് കടലാസ് വന്നപ്പോൾ 'വയറ'ല്ല, ടയറുകളുടെ എണ്ണമാണ് പ്രധാനമെന്ന് തീർപ്പുകൽപിച്ച കരുതൽ പകർന്നു കിട്ടിയവരാണ്.
ഇടിഞ്ഞകാലത്ത് ഇടതടവില്ലാതെ പാഞ്ഞവർക്ക് കോവിഡ് മഹാമാരിക്കാലത്ത് എന്തു പേടിക്കാൻ? ഭരിക്കുന്ന തമ്പുരാക്കന്മാർ കനിഞ്ഞ് ഒരു മുട്ടും ഈ കാലയളവിലും യാത്രക്കുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ലോക്ഡൗണിെൻറ ആദ്യനാളിൽ ഒരു വണ്ടിയും ഓടാതിരുന്ന സമയത്ത് അൽപം വീട്ടിലിരുന്നുവെന്നു മാത്രം. അരിയും പയറും മരുന്നുമടക്കമുള്ള അവശ്യ സർവിസുകൾ ചുരം കയറട്ടെ എന്ന് അരുളപ്പാടുണ്ടായപ്പോൾ ആദ്യം കയറിയെത്തിയത് കല്ലും മണലുമൊക്കെയായിരുന്നു. രണ്ടു മാസം മുമ്പ് ചുരമിടിഞ്ഞ ശേഷം താൽകാലികമായി നന്നാക്കിയപ്പോഴും അരിയേക്കാൾ മുൻഗണന കിട്ടിയത് മണലിന്. 'താഴെ വെച്ചാൽ ഉറുമ്പരിക്കും, മുകളിൽവെച്ചാൽ പേനരിക്കും' എന്ന കരുതലോടെ ചുരത്തിന് താഴെയും മുകളിലുമുള്ള ഭരണകൂടങ്ങൾ വാത്സല്യം ചൊരിഞ്ഞ് വളർത്തുന്നതിെൻറ മുൻഗണനകളും അതനുസരിച്ചുള്ള അഹങ്കാരവും സ്വാഭാവികം.
ഇവരെ പരിശോധിക്കാൻ വകുപ്പില്ലേ സാറേ?
ഇക്കഴിഞ്ഞ ബുധനാഴ്ച അവശ്യ യാത്രകൾക്കൊഴികെ മറ്റെല്ലാ സഞ്ചാരങ്ങൾക്കും കടുത്ത നിയന്ത്രണമുണ്ട്. പതിവായി ടിപ്പറുകൾക്കുപിന്നിൽ കൂനിക്കൂടിയുള്ള ചുരം കയറൽ ഇന്നുണ്ടാവില്ലല്ലോ എന്ന ആശ്വാസത്തോടെയാണ് ഇരുചക്രവാഹനം സ്റ്റാർട്ടാക്കിയത്. താമരശ്ശേരി ചുങ്കം ജങ്ഷനിലെത്തിയപ്പോൾ വലിയ പൊലീസ് പട. കൈകാട്ടി നിർത്തി. എങ്ങോട്ടാണ്? ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണെന്ന് ഏമാന്മാരോട് പറഞ്ഞുഫലിപ്പിക്കുന്നതിനിടെ മുക്കം റോഡിൽനിന്ന് വലിയൊരു ടോറസ് വണ്ടി ഗമയോടെ വയനാട് റോഡിലേക്ക് കയറി കൂളായി മുന്നോട്ടുപോയി. ഒരു പൊലീസുകാരനും കണ്ണുരുട്ടി നോക്കിയതു പോലുമില്ല.
ഇതു കണ്ടപ്പോൾ ഉൽപന് ഒരാകാംക്ഷ. സാറേ...ഈ ടിപ്പറുകളെയൊന്നും ചെക്ക് ചെയ്യാൻ നിങ്ങളുടെ കൈയിൽ വകുപ്പുകളൊന്നുമില്ലേ?. അറിയാതെ ചോദിച്ചു പോയി. 'പിന്നേ.. ഇന്ന് രണ്ട് ടിപ്പറുകളാണ് ഞങ്ങൾ ചെക്കിങ്ങിൽ പിടിച്ചത്'. പാതി ലോക്ഡൗണിൽ അമിതഭാരം കയറ്റി ആയിരക്കണക്കിന് ടിപ്പറുകൾ ചുരം കയറുന്നതിനിടയിൽ രണ്ടെണ്ണത്തിനെ പരിശോധനയിൽ പിടികൂടിയ വീരസ്യം കേട്ട് അറിയാതെ ചിരിച്ചുപോയപ്പോൾ പിന്നിൽനിന്ന് മറ്റൊരു നിയമപാലകൻ സീനിലേക്കെത്തി. 'നിങ്ങൾ നമ്മളെ പോലുള്ളവരോട് പറഞ്ഞിട്ട് എന്ത് കാര്യം?' അയാളുടെ ചോദ്യം. 'നിങ്ങളോടെന്നല്ല, ആേരാടും പറഞ്ഞിട്ട് കാര്യമില്ല. ഇവരൊക്കെയാണ് ഈ നാടു ഭരിക്കുന്നത് 'എന്ന മറുപടിയോടെ ഞാൻ പതിയെ ടിപ്പറുകൾക്കിടയിലേക്ക് ഊളിയിട്ടു.
ലക്കിടിഞ്ഞാലും ലക്കിടി കയറും
അടിവാരം മുതൽ വ്യൂ പോയൻറ് വരെ ടിപ്പറുകളൊരുക്കുന്ന പത്മവ്യൂഹങ്ങൾക്കുള്ളിൽനിന്ന് രക്ഷപ്പെട്ട് സ്വന്തം ജില്ലയിലേക്ക് പ്രവേശിക്കുന്നു. വയനാട്ടിലേക്കുള്ള പ്രവേശന കവാടത്തിനരികെ വീണ്ടും നിയമപാലകരുടെ സംഘം. സൈഡാക്കാൻ ദൂരെനിന്നേ നിർദേശം കിട്ടി. അത്യാവശ്യത്തിന് യാത്രയാകുന്നവരും നോമ്പുതുറക്കുന്നതിനായി വീടെത്താൻ തിടുക്കമുള്ളവരുമൊക്കെ വിലക്കിൽപെട്ട് കിടക്കുന്നു.
ജനമൈത്രിക്കാരുടെ കർശന ചോദ്യങ്ങൾക്ക് ഭയഭക്തി ബഹുമാനങ്ങളോടെ ഉത്തരം നൽകുകയാണ് ജനം. ഉൽപനും കിട്ടി കുറേ ചോദ്യങ്ങൾ. എല്ലാത്തിനും മറുപടി പറയുന്നതിനിടയിൽ ചോരത്തിളപ്പുള്ള ഒരു സിവിൽ പൊലീസുകാരൻ കൈയിലിരുന്ന വടി കൊണ്ട് എെൻറ ബാഗിനൊരു കുത്ത്. 'ഇതിലെന്താണ്?' 'അതിൽ കുറച്ച് ഡ്രസ്സാണ് സാറേ' എന്ന് ഞാൻ. ഇതൊക്കെ നടക്കുേമ്പാഴും ടോറസുകളുടെയും ടിപ്പറുകളുടെയും നീണ്ട നിര ഘോഷയാത്ര പോലെ വയനാട്ടിലേക്ക് പ്രവേശിക്കുന്നുണ്ടായിരുന്നു. നിങ്ങൾക്ക് അവയെ തടയാൻ ധൈര്യമില്ലാത്തതെന്തേ? എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ഇരുമ്പുബോഡിയുടെ ഉള്ളിൽ സ്റ്റേജിലെ ഉദ്ഘാടകനെ പോലെ ഇരിക്കുന്ന ടിപ്പർ ഡ്രൈവർമാർ ഞങ്ങളെ പുച്ഛത്തോടെ നോക്കുേമ്പാൾ പ്രത്യേകിച്ചും. താമരശ്ശേരിയിലെ മറുപടി മനസ്സിലുള്ളതിനാൽ ചോദ്യവും മനസ്സിൽതന്നെ വെച്ചു.
ആശുപത്രിയിൽ പോകുന്നവർക്ക് പോലും സത്യവാങ്മൂലമടക്കം നൽകാൻ നിയന്ത്രണമുള്ള കാലത്ത് ടിപ്പറുകൾ തലങ്ങും വിലങ്ങും ഓടുന്നതുകണ്ടപ്പോൾ ശരിക്കും അമ്പരപ്പും അതിശയവുമൊക്കെ തോന്നുകയാണ്. ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളടക്കം കൂലങ്കഷമായ പരിശോധനകൾക്ക് വിധേയമാവുന്ന കാലത്ത് ഈ ക്വാറി മാഫിയക്ക് ആരാണ് അവശ്യ സേവനങ്ങളുടെ പരിരക്ഷ നൽകുന്നത്? ചുരുങ്ങിയ പക്ഷം കടുത്ത നിയന്ത്രണങ്ങളുള്ള വേളയിലെങ്കിലും ഇവയെ നിയന്ത്രിക്കേണ്ടതല്ലേ?
ഇഴഞ്ഞിഴഞ്ഞ് കയറ്റം, കുതികുതിച്ച് ഇറക്കം
ചുരം റോഡ് ഇപ്പോൾ ഇടിഞ്ഞുതാഴെച്ചാടുമെന്നു തോന്നുന്ന ഭാരവുമായി മലകയറുേമ്പാൾ ഇഴഞ്ഞിഴഞ്ഞാവും ഇവയുടെ ആരോഹണം. അതുകൊണ്ട് സ്പീഡില്ലെന്നൊന്നും പറഞ്ഞ് കൊച്ചാക്കാൻ നോക്കേണ്ട. തിരിച്ചിറങ്ങുേമ്പാൾ അതിെൻറ മുതലും പലിശയും തീർത്താകും കുതിപ്പ്. മുന്നിൽപെട്ടാൽ ആംബുലൻസുകൾക്കും ഒതുക്കിക്കൊടുക്കുകയേ നിർവാഹമുള്ളൂ. സമീപകാലത്ത് ചുരത്തിലും പരിസരങ്ങളിലുമുണ്ടായ മിക്ക അപകടങ്ങളിലും ഒരു കക്ഷി ഇവരാണ്.
മാസ്ക് അണിയാതെയാണ് മിക്ക വണ്ടികളുടെയും ഡ്രൈവർമാർ. മിക്കപ്പോഴും മൊബൈൽ ഫോണും ഉണ്ടാകും ചെവിയിൽ. അതൊന്നും പേക്ഷ, ഒരു പൊലീസും കാണില്ലെന്നു മാത്രം.
സോഷ്യൽ മീഡിയയിലുമുണ്ട് ചാവേറുകൾ
'ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല' എന്ന് പറഞ്ഞത് പോലെയാണ് ക്വാറി മാഫിയയുടെ കാര്യം. ക്വാറി-ക്രഷർ മാഫിയയുടെ വ്യാപ്തിയെക്കുറിച്ച് പൊതുജനത്തിന് ചുക്കും ചുണ്ണാമ്പുമറിയില്ല. താൽപര്യസംരക്ഷണത്തിന് പുറത്തെന്നപോലെ സാമൂഹിക മാധ്യമങ്ങളിലും തരാതരം പോലെ ആളുകളുണ്ടവർക്ക്. ഒരു ചെറിയ കുറിപ്പുപോലും പോസ്റ്റ് ചെയ്താൽ വെട്ടുകിളികളെപ്പോലെ അവരെത്തും, രാഷ്ട്രീയ പാർട്ടികളുടെ സൈബർ വിങ്ങുകളെ വെല്ലുന്ന വാദമുഖങ്ങളുമായി. അന്യായ വിലക്ക് സാമഗ്രികൾ വിൽക്കുന്നവരുടെ പ്രധാന ചോദ്യം 'പാവപ്പെട്ടവർക്ക് വീടുണ്ടാക്കണ്ടേ' എന്നതാവും. നിങ്ങൾ താഴെയുള്ള കുന്നും മലയും വെട്ടിപ്പൊളിച്ച് മുകളിലെത്തിച്ച് കൊള്ളവിലക്ക് വിറ്റ് കാശുണ്ടാക്കിക്കോളൂ...പക്ഷേ, അതിനൊരു മയമൊക്കെ വേണ്ടേ എന്ന് ചോദിച്ചാൽ പറ്റില്ലെന്ന് തന്നെ അവർ കട്ടായം പറയും.
നിരോധിച്ചില്ലെങ്കിലും അൽപം നിയന്ത്രണമായിക്കൂടേ...?
ഇനി നാളെ മുതൽ യഥാർഥ ലോക്ഡൗൺ. അതിെൻറ മുന്നോടിയായി ടോറസ് ഭീമന്മാരുടെ വിളയാട്ടമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. കേരളത്തിലെ മുഴുവൻ ടിപ്പർ ലോറികളും വയനാട്ടിലേക്ക് ട്രിപ്പടിക്കുന്ന പ്രതീതി. കോടിക്കണക്കിന് ടൺ കല്ലും മണലും മെറ്റലുമൊക്കെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ടിപ്പറുകളുടെ സ്വന്തം ചുരം കയറി വയനാട്ടിലെത്തിക്കഴിഞ്ഞു. ഇനി ആദിവാസികളും തോട്ടംതൊഴിലാളികളും ചെറുകിട കർഷകരുമടങ്ങിയ പാവപ്പെട്ട വയനാടൻ ജനതക്ക് കേരളത്തിലെ ഏറ്റവും ഉയർന്ന വിലക്ക് അവ വിറ്റു കാശാക്കണം. അതിെൻറ ഒരോഹരി അധികാരി വർഗത്തിനും കൊടുക്കണം.
അത്യാഗ്രഹം മൂത്തുള്ള ഇവരുടെ മരണപ്പാച്ചിലിന് ഒരു നിയന്ത്രണമൊക്കെ വേണ്ടേ എന്ന് വയനാട് ചോദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, ഒരധികാരിയും അത് കേട്ട ഭാവം പോലും നടിക്കാറില്ല. ഇത്രയൊക്കെയായിട്ടും ഇവരെ കണ്ണിലെ കൃഷ്ണമണി പോലെ അധികാരിവർഗം കൊണ്ടുനടക്കുന്നത് കാണുേമ്പാൾ തൽക്കാലം ഉൽപന് ചോദിക്കാൻ ഇത്രയേ ഉള്ളൂ. 'നാളെ തുടങ്ങുന്ന ലോക്ഡൗണിൽ നമ്മൾക്ക് ടിപ്പറുകൾക്ക് മാത്രമായി ഈ ചുരം റോഡ് തുറന്നുകൊടുത്തുകൂടേ സാറമ്മാരേ..?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.