ക്വാറി ഖനനം: താമരശ്ശേരി ബിഷപ്പിനും പള്ളി വികാരിക്കും 23.53 ലക്ഷം രൂപ പിഴ
text_fieldsകോഴിക്കോട്: പള്ളിയുടെ പേരിലുള്ള ഭൂമിയിലെ ക്വാറിയിൽ അനധികൃത ഖനനം നടത്തിയതിന് കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ച് വികാരിക്കും താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയലിനും പിഴ. 23,48,013 രൂപ പിഴയും 5000 രൂപ കോമ്പൗണ്ടിങ് ഫീസും ഉൾപ്പെടെ 23,53,013 രൂപയാണ് ജില്ല ജിയോളജിസ്റ്റ് പിഴയിട്ടത്. ഈ മാസം 30നകം പിഴയൊടുക്കാനാണ് നിർദേശം.
കാത്തലിക് ലേമെന്‍ അസോസിയേഷൻ നൽകിയ ഹരജിയിൽ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ജിയോളജി വകുപ്പിന്റെ നടപടി. ഈ മാസം 30നകം പിഴയടക്കണം. പിഴ ചുമത്തിയ നടപടിയോട് പ്രതികരിക്കാനില്ലെന്ന് താമരശ്ശേരി രൂപത അധികൃതർ അറിയിച്ചു.
കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ പേരിലുള്ള സ്ഥലത്തെ ക്വാറിയിലായിരുന്നു ഖനനം. 2002 മുതല്‍ 2010 വരെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം നടത്തിയിരുന്നു. ക്വാറിക്ക് അനുമതിയുണ്ടായിരുന്നെങ്കിലും 3200 ഘനമീറ്റർ കല്ലിന് മാത്രമാണ് സർക്കാറിലേക്ക് റോയല്‍റ്റിയായി പണമടച്ചത്. 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികം പൊട്ടിച്ചെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞു.
കാത്തലിക് ലേമെന്‍ അസോസിയേഷൻ സെക്രട്ടറി എം.എൽ. ജോർജ്, വിൻസന്‍റ് മാത്യു എന്നിവർ നൽകിയ ഹരജിയിലാണ് ആവശ്യമായ നടപടി സ്വീകരിക്കാൻ ജനുവരി 25ന് ഹൈകോടതി ഉത്തരവിട്ടത്. തുടർന്നാണ് കഴിഞ്ഞ മാസം 31ന് ജില്ല ജിയോളജിസ്റ്റിന്റെ ചുമതലയുള്ള പി.സി. രശ്മി പിഴയടക്കാൻ ഉത്തരവിട്ടത്. പള്ളികളുടെ മൊത്തം ചുമതലക്കാരൻ എന്ന നിലയിലാണ് ബിഷപ്പിനും പിഴയിട്ടത്.
അതേസമയം, ഈ പള്ളിയുടെ പ്രവർത്തനങ്ങളിൽ ബിഷപ്പിന് നേരിട്ട് ബന്ധമില്ല എന്നാണ് എതിർകക്ഷികൾ ജിയോളജി വകുപ്പിന്റെ ഹിയറിങ്ങിൽ അവകാശപ്പെട്ടത്. ലിറ്റിൽ ഫ്ലവർ പള്ളി, കോൺവന്‍റ്, എൽ.പി, യു.പി സ്കൂളുകൾ, അനാഥാലയം എന്നിവയുടെ നിർമാണത്തിനാണ് ക്വാറിയിൽ ഖനനം നടത്തിയതെന്നായിരുന്നു എതിർകക്ഷികളുടെ നിലപാട്.
60 വർഷം മുമ്പ് പള്ളി നിർമാണത്തിനും മറ്റ് കെട്ടിട നിർമാണത്തിനും കാർഷികാവശ്യങ്ങൾക്കും മറ്റുമായി ഇവിടെ ഖനനം നടത്തിയെന്ന ബിഷപ്പിന്റെയും പള്ളി വികാരിയുടെയും വാദം വകുപ്പ് തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.