ക്വാറികളുടെ ദൂരപരിധി കുറച്ചു
text_fieldsതിരുവനന്തപുരം: ക്വാറികൾ നടത്തുന്നതിന് ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള ദൂരപരിധി 100ൽനിന്ന് 50 മീറ്ററായി കുറക്കാൻ മന്ത്രിസഭ തീരുമാനം. പെർമിറ്റ് കാലാവധി മൂന്നിൽനിന്ന് അഞ്ചു വർഷമായി ഉയർത്താനും തീരുമാനിച്ചു. റോഡ്, തോട്, നദികൾ, വീടുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽനിന്നുള്ള ദൂരമാണ് കുറച്ചത്. ഇതോടെ 2000ഒാളം ക്വാറികൾക്ക് കൂടി പ്രവർത്തനാനുമതി ലഭിക്കും.
ചെറുകിട ധാതുക്കളുടെ നിയന്ത്രണവും വികസനവും സംബന്ധിച്ച 2015ലെ കേരള മൈനർ മിനറൽ കൺെസഷൻ ചട്ടങ്ങളിലെ ഭേദഗതിയിൽ ഇൗ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ അംഗീകരിച്ചതായി മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് 100 മീറ്റർ ആയി ഉയർത്തിയത്. ഇതോടെ 2000 ക്വാറികൾ അടച്ചുപൂട്ടിയിരുന്നു. ആവശ്യമുള്ള നിർമാണ സാധനങ്ങളുടെ ഭൂരിഭാഗവും ചെറുകിട ക്വാറികളിൽനിന്നാണ് ലഭ്യമായിരുന്നത്.
ഇവിടങ്ങളിൽ ഉൽപാദനം നിലച്ചതോടെ നിർമാണ സാധനങ്ങളുടെ വില അമിതമായി വർധിച്ചുവെന്ന പരാതിയും ഉയർന്നു. ഈ സാഹചര്യത്തിലാണ് വ്യവസായ വകുപ്പ് പരിശോധന നടത്തിയത്. കേന്ദ്രസർക്കാർ 2016ൽ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും ദൂരപരിധി 50 മീറ്ററാണ്. കേരളത്തിൽ മാത്രം 100 മീറ്റർ ആയി വർധിപ്പിച്ച് പ്രതിസന്ധി സൃഷ്ടിച്ചിച്ചു. ഇൗ സാഹചര്യത്തിലാണ് ദൂരപരിധി 50 മീറ്റർ ആയി പുനഃസ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിർമാണ മേഖലയിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്നും മന്ത്രി അവകാശപ്പെട്ടു.
ചൈനക്ലേ, സിലിക്ക സാൻഡ്, ലാറ്ററൈറ്റ് എന്നിവയെ കേരള മൈനർ മിനറൽ കൺസപ്ഷൻ ചട്ടങ്ങളിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 2015ൽ ഇവ മൈനർ മിനറലുകളായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും കേരളത്തിെൻറ ചട്ടങ്ങളിൽ ഉൾപ്പെടുത്താത്തതിനാൽ ഖനനത്തിന് അനുമതി നൽകാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിൽ സുലഭമായിട്ടുള്ള ലാറ്ററൈറ്റ് ഖനനം ചെയ്യാൻ സാധിക്കാത്തതിനാൽ മലബാർ സിമൻറ്സിന് ആന്ധ്രയിൽനിന്ന് മൂന്നിരട്ടി വിലയ്ക്ക് വാങ്ങേണ്ടതായും വന്നു.
കെട്ടിട നിർമാണത്തിെൻറ ഭാഗമായി സാധാരണ മണ്ണ് നീക്കംചെയ്യാൻ അനുമതി വാങ്ങിയിട്ടുണ്ടെങ്കിൽ ഒരുവർഷത്തിനകം അടിസ്ഥാനമെങ്കിലും നിർമിക്കണം. ഇല്ലെങ്കിൽ സാധാരണ മണ്ണ് നീക്കംചെയ്തത് അനധികൃതമായി ഖനനം ചെയ്തതായി കണക്കാക്കി ശിക്ഷ നൽകും. കെട്ടിട നിർമാണത്തിെൻറ ഭാഗമായി ഭൂമി നിരപ്പാക്കേണ്ടതുണ്ടെങ്കിൽ എത്ര സ്ഥലത്ത് എത്ര അളവിൽ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട് എന്ന വിവരം ബിൽഡിങ് പെർമിറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിഷ്കർഷിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.