ക്വാറിക്ക് അനുമതി നൽകിയില്ല; കാസർകോട് ഡി.എഫ്.ഒയെ മാറ്റി
text_fieldsകാസർകോട്: എൻ.സി.പി നേതാക്കളുടെ നിയമവിരുദ്ധ ശിപാർശകൾ തള്ളിയ കാസർകോട് ഡി.എഫ്.ഒയുടെ സ്ഥാനം തെറിച്ചു. ഡി.എഫ്.ഒ പി. ധനേഷ് കുമാറിനെയാണ് സ്ഥാനം മാറ്റിയത്. ധനേഷ് കുമാറിനെ കാസർകോട്ടെ തന്നെ സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി നിയമിച്ചപ്പോൾ ഈ തസ്തികയിലുണ്ടായിരുന്ന പി. ബിജുവിന് ഡി.എഫ്.ഒ ആയി നിയമനം നൽകി. കുറച്ചു നാളുകളായി ഡി.എഫ്.ഒയും എൻ.സി.പി ജില്ല നേതൃത്വവും ഇടഞ്ഞു നിൽക്കുകയായിരുന്നു.
വനാതിർത്തിയിലെ ക്വാറികൾക്ക് അനുമതി നൽകാത്തതും ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് നിയമിക്കപ്പെട്ട താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ട് എൻ.സി.പിയുടെ ശിപാർശ പ്രകാരം ജീവനക്കാരെ നിയമിക്കാത്തതുമാണ് ഡി.എഫ്.ഒയും എൻ.സി.പി നേതൃത്വവും തമ്മിൽ ഇടയാൻ കാരണമായത്. ആറുമാസം മുമ്പാണ് ധനേഷ് കുമാറിനെ കാസർകോടേക്ക് മാറ്റിയത്. ഈ കാലയളവിൽ അദ്ദേഹത്തിെൻറ മുന്നിലെത്തിയ ക്വാറി അപേക്ഷകൾക്ക് എൻ.ഒ.സി നൽകിയിരുന്നില്ല.
എല്ലാം എൻ.സി.പി മുഖേനയുള്ള ശിപാർശകളായിരുന്നു. ഇതിനെതുടർന്ന് എൻ.സി.പി നേതാക്കൾ അദ്ദേഹത്തെ ഓഫിസിൽ ചെന്നുകണ്ടിരുന്നു. പിന്നാലെ സ്ഥലംമാറ്റ ഭീഷണിയും ഉണ്ടായി. ഇതിനു പുറമെ താൽക്കാലിക നിയമനത്തിനുള്ള പട്ടികയും കൈമാറി. പിരിച്ചുവിടേണ്ട തൊഴിലാളികൾ ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് നിയമിക്കപ്പെട്ട സി.പി.ഐക്കാരായിരുന്നു.
സി.പി.എമ്മിനും സി.പി.ഐക്കും താൽപര്യമുള്ള ഉദ്യോഗസ്ഥനുനേരെ സ്ഥലം മാറ്റ ഭീഷണി ഉയർന്നപ്പോൾ തന്നെ ധനേഷ് കുമാറിനെ സ്ഥലം മാറ്റാൻ പാടില്ലെന്ന് മുന്നണി നേതൃത്വം വനം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊടുന്നനെ സ്ഥലം മാറ്റാതെ സ്ഥാനം മാറ്റുകയായിരുന്നു. ഭരണപരമായ ചുമതലയില്ലാത്ത മരം നടീൽ വകുപ്പിലേക്കാണ് ധനേഷിനെ മാറ്റിയത്. വയനാട്ടില്‍ ഡി.എഫ്.ഒ ആയിരിക്കേ മുട്ടിലിലെ മരംമുറിക്കെതിരായി ആദ്യം നടപടിയെടുത്തതു ധനേഷായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.