ക്വാറി ഉടമയുടെ കൊലപാതകം: പൊലീസ് തിരയുന്നയാൾ കീഴടങ്ങി
text_fieldsമാർത്താണ്ഡം: കൈമനം സ്വദേശിയായ ക്വാറി ഉടമ ദീപുവിനെ കളിയിക്കാവിളയിൽ കാറിൽവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് പൊലീസ് തിരഞ്ഞയാൾ കീഴടങ്ങി. നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനഉടമയും പൊൻമുള സ്വദേശിയുമായ സുനിൽകുമാറാണ് ഞായറാഴ്ച രാത്രി കളിയിക്കാവിള പൊലീസിൽ കീഴടങ്ങിയത്.
രണ്ട് ദിവസം മുമ്പ് കുലശേഖരത്ത് റോഡരുകിൽനിന്ന് ഇയാളുടെ കാർ പൊലീസ് കണ്ടെത്തിയിരുന്നു. ചെന്നൈയിൽ ഒളവിൽ കഴിഞ്ഞ സുനിൽകുമാർ അഭിഭാഷകനൊപ്പമാണ് കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയ അമ്പിളിക്ക് സർജിക്കൽ ബ്ലേഡ് നൽകിയത് താനാണെന്ന് സുനിൽകുമാർ സമ്മതിച്ചു.
സംഭവ ദിവസം അമ്പിളിയുമൊത്ത് മദ്യപിച്ചെന്നും അയാൾക്ക് ധരിക്കാൻ വസ്ത്രം വാങ്ങി നൽകിയെന്നും കൊലപാതകത്തെക്കുറിച്ച് അമ്പിളി തന്നോട് പറഞ്ഞുവെന്നും സുനിൽകുമാർ പൊലീസിന് മൊഴി നൽകി. എന്നാൽ, ഇൻഷ്വറൻസ് തുക കുടുംബത്തിന് ലഭിക്കാൻ ദീപുതന്നെ കൊലപാതകം നടത്താൻ അമ്പിളിയെ ഏർപ്പാടാക്കിയെന്ന വിവരം സുനിൽ കുമാറിനോട് വെളിപ്പെടുത്തിയത് അമ്പിളിയാണെന്നും ഇയാൾ പറഞ്ഞതായാണ് പൊലീസ് നൽകുന്ന വിവരം.
തുടർന്ന് സുനിൽകുമാറും പ്രതീഷ്ചന്ദ്രനും അമ്പിളിയെ അമരവിളയിൽ ഇറക്കിവിട്ടു. അവിടെനിന്ന് അമ്പിളി കളിയിക്കാവിളയിൽ വന്ന് ദീപു പറഞ്ഞ സ്ഥലത്തെത്തി കൃത്യം നടത്തിയ ശേഷം സമീപത്തെ മെഡിക്കൽ സ്റ്റോറിലെത്തി സുനിൽകുമാറിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫായിരുന്നു.
ഇതേകാര്യം നേരത്തെ അമ്പിളിയും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചില്ല. മരിച്ചയാൾ തന്നെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന തരത്തിലുള്ള വെളിപ്പെടുത്തൽ സംബന്ധിച്ച് പൊലീസിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രമേ വ്യക്തത വരുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.