താൽക്കാലിക ജീവനക്കാരിയായി കാൽനൂറ്റാണ്ട്; സ്ഥിരപ്പെടുത്താൻ ഇനി ആരുടെ കാലുപിടിക്കണം
text_fieldsമലപ്പുറം: പത്തുവർഷം പൂർത്തിയാക്കിയ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ ഒരുഭാഗത്ത് നടക്കവെ 25 കൊല്ലമായി മലപ്പുറം ജില്ല പഞ്ചായത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ കാത്തിരിപ്പ് തുടരുന്നു.
1995ൽ ജില്ല പഞ്ചായത്തിെൻറ ആദ്യ ഭരണസമിതി നിലവിൽ വന്ന കാലത്ത് നിയമിക്കപ്പെട്ട ഇവരിപ്പോൾ വിധവയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളുടെ മാതാവുമാണ്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി ജില്ല പഞ്ചായത്തിലെത്തിയവർ പിന്നീട് എം.എൽ.എമാരും മന്ത്രിമാരുമൊക്കെയായി. അവർക്കൊക്കെ നേരിട്ടറിയാം ഈ ജീവനക്കാരിയുടെ ദുരവസ്ഥ.
1995ൽ ആദ്യ പ്രസിഡൻറ് കെ.പി. മറിയുമ്മയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ടൈപ്പിസ്റ്റ് എന്നീ നിലകളിലായിരുന്നു താൽക്കാലിക നിയമനം.
അക്കാലത്ത് ജില്ല പഞ്ചായത്ത് അംഗവും പിന്നീട് തദ്ദേശ സ്വയംഭരണ മന്ത്രിയുമായ കെ.ടി. ജലീലിന് പലതവണ നിവേദനം നൽകിയിരുന്നു. 2017ൽ 21 വർഷത്തെ ജോലിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെയാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. അവസാനത്തെ അദാലത്തിലും അപേക്ഷ നൽകിയിട്ടുണ്ട്.
സ്ഥിരപ്പെടുത്തിയാൽ ശമ്പളം ജില്ല പഞ്ചായത്തിെൻറ തനത് ഫണ്ടിൽനിന്ന് കൊടുക്കാമെന്നും സർക്കാറിന് ഒരുതരത്തിലും ബാധ്യതയാവില്ലെന്നും ഭരണസമിതി തീരുമാനമെടുത്തിരുന്നു. 2012ൽ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതോടെ ഈ ജീവനക്കാരിയുടെ പ്രാരാബ്ധവും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.