ക്വാർട്ടേഴ്‌സുകൾ തകർച്ചയിൽ; താമസിക്കാനിടമില്ലാതെ ഇരിട്ടിയിലെ പൊലീസുകാർ
text_fieldsഇരിട്ടി: 42 കൊല്ലം മുമ്പ് നിർമിച്ച ഇരിട്ടി പൊലീസ് സ്‌റ്റേഷൻ വളപ്പിലെ ക്വാർട്ടേഴ്‌സുകൾ തകർച്ചയിൽ. ക്വാർട്ടേഴ്‌സുകൾ നിർമിച്ച ഘട്ടത്തിൽ തന്നെ നിർമാണ ഘടനയെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു.
മുറികൾക്ക് വീതിയും സുരക്ഷിതത്വവും ഇല്ലാത്തതും ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾക്ക് ഉയരമില്ലാത്തതുമായിരുന്നു പരാതികൾക്കാധാരം. 30 കൊല്ലത്തോളം പൊലീസുകാർ കുടുംബസമേതം ഏറെ ബുദ്ധിമുട്ടി താമസിച്ചുപോന്ന ക്വാർട്ടേഴ്‌സുകൾ മേൽക്കൂരകളും വാതിലുകളും ഭിത്തിയും അടക്കം തകർന്ന് ചോർന്നൊലിക്കാൻ തുടങ്ങിയതോടെ അവർ താമസം അവിടെനിന്ന് മാറ്റി.
ഇങ്ങനെ അനാഥമായ ക്വാർട്ടേഴ്‌സുകൾ കാടുകയറി തകർന്നുവീഴാറായ അവസ്ഥയിലാണ്. പൊലീസുകാർക്ക് താമസിക്കാൻ ക്വാർട്ടേഴ്‌സ് സൗകര്യങ്ങളില്ലാതായിട്ട് വർഷങ്ങളായിട്ടും ഒരു നടപടിയും ഇല്ലെന്ന് പരാതിയുണ്ട്.
പൊലീസ് സബ് ഡിവിഷൻ ആസ്ഥാനമാണ് ഇരിട്ടി. സർക്കിൾ, എസ്.ഐ ഓഫിസുകളും ഡിവൈ.എസ്.പി ഓഫിസും പ്രവർത്തിക്കുന്ന പഴകിയ കെട്ടിടങ്ങളിലും ആവശ്യത്തിന് സൗകര്യമില്ല.
ലോക്കപ് സൗകര്യം ഏറെ കൊല്ലം മുമ്പ് ഒരുക്കിയ ഇടുങ്ങിയ സ്ഥലത്താണ്. കെ.എ.പി വിഭാഗം തെരഞ്ഞെടുപ്പ് ചുമതലകൾക്കും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും എത്തിയാൽ ഇരിപ്പിടം പോലുമില്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.