ഗൺമാനെക്കുറിച്ച് ചോദ്യം: മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി
text_fieldsപത്തനംതിട്ട: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ളവർ മർദിച്ചത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയാതെ പിണറായി വിജയൻ. പത്തനംതിട്ടയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി മൈക്ക് ഓഫാക്കി ഹാൾ വിട്ടു. ഗൺമാൻ അടക്കമുള്ളവർ സുരക്ഷയൊരുക്കിയതാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ന്യായീകരിച്ച പിണറായി വിജയനാണ് ഞായറാഴ്ച പ്രതികരിക്കാതെ വാർത്തസമ്മേളനം അവസാനിപ്പിച്ചത്.
പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകരെ ക്രിമിനലുകൾ എന്നടക്കം വിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലവിട്ട് പെരുമാറുകയാണെന്ന് പിണറായി പറഞ്ഞു. ഞങ്ങൾക്കുനേരെയും പലരും കരിങ്കൊടി വീശിയെന്നും മറ്റുള്ളവർക്കുനേരെ കൈ വീശിയതുപോലെ കരിങ്കൊടിയുമായി വന്നവർക്കുനേരെയും ഞാൻ കൈവീശുകയാണ് ചെയ്തതെന്നും പറഞ്ഞു. അവരെ ചീത്ത പറയാൻ പോയില്ല.
പ്രതിഷേധം അക്രമമാവരുതെന്ന് മാത്രമാണ് പറഞ്ഞത്. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ് ഇടപെടും, പിന്നീട് വിലപിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞത് -മുഖ്യമന്ത്രി പറഞ്ഞുനിർത്തി. ഇതിനുപിന്നാലെ ആലപ്പുഴയിൽ ഗൺമാൻ കെ.എസ്.യുക്കാരെ ആക്രമിച്ചതിനെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിച്ച മുഖ്യമന്ത്രി, ചോദ്യം ഉയരുന്നതിനിടെ സമയം കഴിഞ്ഞെന്നും പിന്നെ കാണാമെന്നും പറഞ്ഞ് മൈക്ക് ഓഫാക്കി എഴുന്നേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.