റൂളിങ്ങിന് വിരുദ്ധമായി ചോദ്യം; ബഹിഷ്കരിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: റൂളിങ്ങിന് വിരുദ്ധമായി നിയമസഭയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേളയിലെ ഉപചോദ്യങ്ങള്‍ ബഹിഷ്‌കരിച്ചു. രാഷ്ട്രീയ ഗൂഢാലോചന കേസുകള്‍ സംബന്ധിച്ച ചോദ്യമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇക്കാര്യം ചൂണ്ടിക്കാട്ടി. തങ്ങള്‍ നക്ഷത്ര ചിഹ്നമിട്ട് കൊണ്ടുവരുന്ന ചോദ്യങ്ങള്‍പോലും നക്ഷത്രമില്ലാത്ത ചോദ്യമായി മാറ്റുകയാണ്. മുമ്പുതന്നെ ഇത്തരം ചോദ്യങ്ങള്‍ സംബന്ധിച്ച് ചെയര്‍ റൂളിങ് നല്‍കിയതാണ്. അതിന് വിരുദ്ധമായാണ് ഈ ചോദ്യത്തിന് അനുമതി നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് എ.പി. അനില്‍കുമാറിന്റെ പരാതി ലഭിച്ചെന്നും പരിശോധിച്ച് നടപടി സ്വീകരിച്ചെന്നും സ്പീക്കര്‍ എം.ബി. രാജേഷ് മറുപടി നല്‍കി. വലിയതോതില്‍ എഡിറ്റ് ചെയ്താണ് ഈ ചോദ്യത്തിന് അനുമതി നല്‍കിയത്. അംഗങ്ങള്‍ ചട്ടമനുസരിച്ചാകണം ചോദ്യങ്ങള്‍ നല്‍കേണ്ടത്. അഭ്യൂഹങ്ങള്‍, ആരോപണങ്ങള്‍ തുടങ്ങിയവ ഉന്നയിക്കുന്നത് ഒഴിവാക്കണം. അടുത്ത സമ്മേളനം മുതല്‍ ഇക്കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
ഈ ചോദ്യം ഒഴിവാക്കുമോയെന്ന് പ്രതിപക്ഷനേതാവ് ആരാഞ്ഞെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വന്ന ചോദ്യമായതിനാല്‍ ഒഴിവാക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് ചോദ്യങ്ങളിലേക്ക് ഭരണപക്ഷം കടന്നു.കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഇതേതുടർന്ന് ഉപചോദ്യങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷനേതാവ് അറിയിച്ചു. സ്വര്‍ണക്കടത്ത്, എ.കെ.ജി സെന്റര്‍ ആക്രമണം സംബന്ധിച്ച പ്രതിപക്ഷ ചോദ്യങ്ങളില്‍ ദുരാരോപണം ചൂണ്ടിക്കാട്ടിയാണ് അവ 'അണ്‍സ്റ്റാര്‍ഡി'ലേക്ക് മാറ്റിയതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നു.
എന്നാല്‍ തൊട്ടടുത്തദിവസം എം.പിമാരെ അധിക്ഷേപിച്ചും വെള്ളിയാഴ്ച കെ.പി.സി.സി അധ്യക്ഷനെതിരെ ദുരാരോപണം ഉള്‍പ്പെടുന്ന ചോദ്യങ്ങളും വന്നു.സ്പീക്കറുടെ റൂളിങ് പ്രതിപക്ഷത്തിന് മാത്രമാണോ ബാധകമെന്ന ചോദ്യമാണ് തങ്ങള്‍ സ്പീക്കറോട് ഉന്നയിച്ചത്. ഉപചോദ്യങ്ങള്‍ അനുവദിക്കാത്തതിലൂടെ പ്രതിപക്ഷത്തിന്‍റെ പരാതി സ്പീക്കര്‍ പരിഗണിച്ചെന്നാണ് കരുതുന്നത്. ഇനി ഇത് സംഭവിക്കില്ലെന്ന ഉറപ്പ് സ്പീക്കര്‍ നല്‍കിയിട്ടുണ്ടെന്ന് സതീശൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.