ചോദ്യ ചോർച്ച: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്
text_fieldsകോഴിക്കോട്: കോഴിക്കോട്: സ്കൂൾ ക്രിസ്മസ് പരീക്ഷയുടെ ചോദ്യം ചോർന്ന സംഭവത്തിൽ മൊഴിയെടുപ്പിനും തെളിവുശേഖരണത്തിനും പിന്നാലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. ഗൂഢാലോചന, വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് വെള്ളിയാഴ്ച അന്വേഷണസംഘം കേസ് രജിസ്റ്റർ ചെയ്തത്.
കൊടുവള്ളിയിലെ എം.എസ് സൊല്യൂഷൻസ് ഓഫിസിലും വീട്ടിലും പരിശോധന നടത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും ചില രേഖകളും കസ്റ്റഡിയിലെടുത്തു. സി.ഇ.ഒ മുഹമ്മദ് ശുഹൈബിനെ ഉടൻ ചോദ്യം ചെയ്യും.
പത്താം ക്ലാസ്, പ്ലസ്വൺ പരീക്ഷയുടെ ചോദ്യംചോർന്നെന്ന് സംശയം പ്രകടിപ്പിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരാതി ഡി.ജി.പി മുഖേന കൈമാറിക്കിട്ടിയതോടെ, ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂർ, താമരശ്ശേരി ഡി.ഇ.ഒ എൻ. മൊയീനുദ്ദീൻ, കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ, ചോദ്യപേപ്പർ ചോർന്നതായി ആദ്യം സംശയം പ്രകടിപ്പിച്ച മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസിലെ അധ്യാപകർ എന്നിവരുടെ മൊഴിയെടുത്തിരുന്നു.
ചോദ്യപേപ്പർ ചോർന്നെന്നാണ് സംശയിക്കുന്നതെന്നും, ഇത്രമാത്രം ചോദ്യങ്ങൾ പ്രവചിക്കുക അസാധ്യമാണെന്നുമായിരുന്നു ഇവരുടെ മൊഴി. സമാന്തരമായി വിവാദ വിഡിയോ ഉൾപ്പെടെയുള്ള തെളിവുകളും പൊലീസ് ശേഖരിച്ചു. പിന്നാലെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിന് തുടക്കമിട്ടത്.
പരീക്ഷക്ക് വരുന്ന ചോദ്യങ്ങൾ വിവരിച്ച് ശുഹൈബ് പുറത്തിറക്കിയ വിഡിയോകൾ ഉൾപ്പെടെ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന് ഡിലീറ്റാക്കി എന്ന് പറയപ്പെടുന്ന വിഡിയോകൾ വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായത്തോടെ നടപടി തുടങ്ങിയിട്ടുമുണ്ട്. ട്യൂഷൻ സെന്ററുകൾ വഴി പ്രചരിച്ച ചോദ്യപേപ്പറുകളും യഥാർഥ ചോദ്യപേപ്പറുകളും ചോദ്യപേപ്പർ തയാറാക്കിയ കേന്ദ്രവും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെ വിവരങ്ങളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്.
സാമ്പത്തിക നേട്ടത്തിനു വിദ്യാഭ്യാസ വകുപ്പിലുള്ളവർ തന്നെ ചോദ്യപേപ്പറുകൾ സ്വകാര്യ സ്ഥാപനത്തിന് ചോർത്തി നൽകിയോ എന്നടക്കം സംശയമുണ്ട്. ഇക്കാര്യത്തിലെ സ്ഥിരീകരണം മുൻനിർത്തി ശുഹൈബ് അടക്കം ആരോപണം നേരിടുന്നവരുടെ അടുത്ത കാലത്തെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ, അന്വേഷണസംഘം വെള്ളിയാഴ്ച വൈകീട്ട് എസ്.പി കെ.കെ. മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കേസിന്റെ തുടർ നടപടികൾ തീരുമാനിച്ചു. പ്രതിപ്പട്ടികയിലുള്ളവരെ സംബന്ധിച്ച് ചർച്ചചെയ്ത അന്വേഷണസംഘം, ചോദ്യാവലി തയാറാക്കിയതായാണ് വിവരം.
പൊലീസ് അന്വേഷണം തുടരുന്നതിനിടെ ബുധനാഴ്ച നടന്ന പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളും ശുഹൈബ് വിഡിയോയിലൂടെ പ്രവചിക്കുകയും ഇത് ഏറക്കുറെ കൃത്യമാവുകയും ചെയ്തിരുന്നു. ഇതോടെ ഈ ചോദ്യപേപ്പറും ചോർന്നെന്ന ആരോപണവുമായി കെ.എസ്.യു അടക്കമുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു.
ഇതും, തന്നെപ്പോലെ മറ്റുപല സ്ഥാപനങ്ങളും സമാന വിഡിയോ പുറത്തിറക്കിയെന്നും അതിലെ ചോദ്യങ്ങളും പരീക്ഷക്ക് വന്നെന്നുള്ള ശുഹൈബിന്റെ വെളിപ്പെടുത്തലും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചോർത്തുന്നുവെന്ന് ആരോപിച്ച അധ്യാപകനെ ശുഹൈബ് ഭീഷണിപ്പെടുത്തിയ ഓഡിയോ ക്ലിപ്പും പുറത്തുവന്നതോടെ ഇതും അന്വേഷണ പരിധിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.