ചോദ്യപേപ്പർ ചോർച്ച: രേഖപ്പെടുത്തിയത് 20 പേരുടെ സാക്ഷിമൊഴി
text_fieldsകോഴിക്കോട്: അർധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത് 20 പേരുടെ സാക്ഷിമൊഴി. ചോദ്യപേപ്പർ ചോർന്നുവെന്ന് വ്യക്തമാക്കുന്നതാണ് കൂടുതൽ സാക്ഷിമൊഴികളും. ഡി.ഡി.ഇ മനോജ് മണിയൂർ, താമരശ്ശേരി ഡി.ഇ.ഒ എൻ. മൊയീനുദ്ദീൻ, കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ, ചോദ്യപേപ്പർ ചോർന്നതായി ആദ്യം സംശയം പ്രകടിപ്പിച്ച മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസിലെ അധ്യാപകർ, മാനാഞ്ചിറ ബി.ഇ.എം സ്കൂളിലെ അധ്യാപകർ, കൊടുവള്ളി എം.എസ് സൊലൂഷൻസിലെ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവരുടെ സാക്ഷിമൊഴികളാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്.
അതേസമയം എം.എസ് സൊലൂഷൻസിലെ രണ്ട് അധ്യാപകർ തിങ്കളാഴ്ചയും അന്വേഷണസംഘം മുമ്പാകെ ഹാജരായില്ല. ജിഷ്ണു, ഫഹദ് എന്നീ അധ്യാപകർക്കായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് രണ്ടുതവണയായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഹാജരാകാത്ത സാഹചര്യത്തിൽ ഇരുവരെയും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചത്.
എം.എസ് സൊലൂഷൻസ് സി.ഇ.ഒ ഷുഹൈബിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘം വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുകയാണ്. ഇയാളുടെ മുൻകൂർ ജാമ്യഹരജി ചൊവ്വാഴ്ച ജില്ല കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.