ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊലൂഷൻസ് സി.ഇ.ഒയെ ഇന്ന് ചോദ്യംചെയ്യും
text_fieldsകോഴിക്കോട്: സ്കൂൾതല അർധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസിൽ കൊടുവള്ളിയിലെ എം.എസ് സൊലൂഷൻസ് സി.ഇ.ഒ ശുഹൈബിനെ അന്വേഷണ സംഘം ചൊവ്വാഴ്ച ചോദ്യംചെയ്യും. രാവിലെ പത്തരക്ക് ക്രൈംബ്രാഞ്ചിന്റെ കോഴിക്കോട് ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
ശുഹൈബിനെ കാണാനാവാത്തതിനെ തുടർന്ന് വീട്ടിലെത്തി പിതാവിനാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്. ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കം കുറ്റങ്ങൾ ചുമത്തി കേസിൽ പ്രതിചേർത്തതോടെ ഇയാൾ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
ഈ ഹരജി ജില്ല കോടതി ചൊവ്വാഴ്ച പരിഗണിക്കും. ശുഹൈബ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകി.
കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂർ, താമരശ്ശേരി ഡി.ഇ.ഒ എൻ. മൊയീനുദ്ദീൻ, കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ, ചോദ്യപേപ്പർ ചോർന്നതായി ആദ്യം സംശയം പ്രകടിപ്പിച്ച മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസിലെ അധ്യാപകർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് ക്രൈംബ്രാഞ്ച് ചോദ്യപേപ്പർ ചോർന്നു എന്ന നിഗമനത്തിലെത്തിയതും ശുഹൈബിനെ പ്രതിചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും.
ശുഹൈബിനെ ചോദ്യം ചെയ്യുന്നതോടെ ലഭ്യമാകുന്ന വിവരങ്ങൾ വിശകലനം ചെയ്ത് എം.എസ് സൊലൂഷൻസിലെ മറ്റ് അധ്യാപകരെയും ചോദ്യം ചെയ്യും. ഇവരുടെ പട്ടിക അന്വേഷണസംഘം തയാറാക്കിയിട്ടുണ്ട്. തുടർന്ന് കൂടുതൽ പേരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തുമെന്നാണ് വിവരം.
എം.എസ് സൊലൂഷൻസിലും ശുഹൈബിന്റെ വീട്ടിലും പരിശോധന നടത്തി കസ്റ്റഡിയിലെടുത്ത ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉടൻ ഫോറൻസിക് പരിശോധനക്കയക്കും. കേസിൽ നിർണായകമായേക്കാവുന്ന ലാപ്ടോപ്പിലെയും മൊബൈൽ ഫോണിലെയും ഡിജിറ്റൽ തെളിവുകൾ ഡിലീറ്റ് ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. ഇവയടക്കം വീണ്ടെടുക്കുകയാണ് ലക്ഷ്യം.
ശുഹൈബിന്റെ കഴിഞ്ഞ രണ്ടുവർഷത്തെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. പരീക്ഷയുടെ അരമണിക്കൂർ മുമ്പേ മാത്രമേ പൊട്ടിക്കാവൂ എന്ന നിബന്ധനയോടെ ചോദ്യപേപ്പറുകൾ വിദ്യാഭ്യാസ വകുപ്പ് സീൽചെയ്ത് നേരത്തെ സ്കൂളുകളിലെത്തിക്കുകയാണ് ചെയ്യാറ്. എന്നാൽ, ഏതെങ്കിലും സ്കൂൾ അധ്യാപകരോ മറ്റുള്ളവരോ ഇത് നേരത്തെ പൊട്ടിച്ച് മൊബൈലിൽ ഫോട്ടോയെടുത്ത് വാട്സ് ആപ് വഴിയോ മറ്റു മാർഗങ്ങളിലൂടെയോ ശുഹൈബിന് അയച്ചോ എന്നതടക്കം സംശയിക്കുന്നുണ്ട്.
ഇവയടക്കം കണ്ടെത്താനാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. മാത്രമല്ല പണത്തിനുവേണ്ടിയാണ് ചോദ്യപേപ്പർ ചോർത്തിയതെങ്കിൽ സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ തെളിവ് സമാഹരിക്കാനാണ് മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നത്. എസ്.പി കെ.കെ. മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.