മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ദ്രുത നീക്കം
text_fieldsതിരുവനന്തപുരം: യുക്രെയ്നിൽ നിന്ന് ഡൽഹിയിലും മുംബൈയിലും തിരിച്ചെത്തുന്ന മലയാളി വിദ്യാർഥികളെ വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ച് കേരളത്തിലെത്തിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ദ്രുതഗതിയിലാക്കി. ഫെബ്രുവരി 28ന് വൈകീട്ട് ന്യൂഡൽഹിയിലെത്തിയ 36 വിദ്യാർഥികൾക്ക് കേരള ഹൗസിൽ വിശ്രമമൊരുക്കിയശേഷം നാട്ടിലെത്തിച്ചു.
25 പേർ രാവിലെ 5.35നുള്ള വിസ്താര വിമാനത്തിൽ കൊച്ചിയിലും 11 പേർ 8.45നുള്ള വിസ്താര വിമാനത്തിൽ തിരുവനന്തപുരത്തും എത്തി. മുംബൈ വിമാനത്താവളം വഴി ഇതുവരെ 32 പേർ മടങ്ങിയെത്തി. ചൊവ്വാഴ്ച രാവിലെ 7.30ന് ബുക്കാറെസ്റ്റിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുംബൈയിൽ ആറ് മലയാളി വിദ്യാർഥികളെത്തിയത്. ഇവരിൽ മൂന്നുപേരെ തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലും രണ്ടുപേരെ കൊച്ചിയിലെക്കുള്ള ഇൻഡിഗോ വിമാനത്തിലും നാട്ടിലെത്തിച്ചു. ഒരാൾ മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണ്.
ഫെബ്രുവരി 27ന് 26 വിദ്യാർഥികൾ മുംബൈ വഴി മടങ്ങിയെത്തിയിരുന്നു. ന്യൂഡൽഹിയിലും മുംബൈയിലുമെത്തുന്ന മലയാളി വിദ്യാർഥികൾ കേരളത്തിലെ വീടുകളിൽ എത്തുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ സംഘം ഇരുവിമാനത്താവളങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 135 വിദ്യാർഥികൾ കേരളത്തിലെത്തി. മുംബൈയിൽനിന്നും ഡൽഹിയിൽനിന്നും നാട്ടിൽ എത്തുന്നതുവരെയുള്ള ടിക്കറ്റ് ചെലവ് സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. ന്യൂഡൽഹി വിമാനത്താവളത്തിൽ കേരള ഹൗസിലെ ലെയ്സൺ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്നാണ് പ്രവർത്തനം.
മുംബൈ വിമാനത്താവളത്തിൽ കേരള ഹൗസിലെ നോർക്ക വിഭാഗത്തിന്റെ നേതൃത്വത്തിലും. കേരളത്തിലെത്തുന്ന വിദ്യാർഥികളുടെ യാത്രയടക്കം കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നോർക്ക റൂട്ട്സിലെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. യുക്രെയിനിലുള്ള വിദ്യാർഥികൾക്കും നാട്ടിലുള്ള രക്ഷാകർത്താക്കൾക്കും ബന്ധപ്പെടാൻ നോർക്ക റൂട്ട്സിന്റെ 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. 1800-425-3939 ടോൾഫ്രീ നമ്പറിൽ സഹായം ലഭ്യമാകും.
എംബസി അറിയിപ്പ് ശ്രദ്ധിക്കണം –മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭ്യമായ ട്രെയിൻ സർവിസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.