പ്രതിക്കൂട്ടിൽ ഭരണ-പ്രതിപക്ഷം; വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കൽ എളുപ്പമാകില്ല
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിർമാണം നിർത്തിവെക്കണമെന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആവശ്യത്തിൽ സർക്കാറിനൊപ്പം പ്രതിപക്ഷവും വിഷമവൃത്തത്തിൽ. യു.ഡി.എഫ് കാലത്ത് അദാനി വിഴിഞ്ഞം പോർട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ച 7525 കോടി രൂപയുടെ തുറമുഖ നിർമാണ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങുക എളുപ്പമല്ല. നഷ്ടപരിഹാരവും കേസും താങ്ങാവുന്നതിലും അധികമാകും. 1000 ദിവസത്തിനകം പൂർത്തീകരിക്കുമെന്നാണ് 2015 ആഗസ്റ്റിൽ കരാർ ഒപ്പിടുമ്പോൾ ഗൗതം എസ്. അദാനി പ്രഖ്യാപിച്ചത്. ഇതു പ്രകാരം 2018 സെപ്റ്റംബർ ഒന്നിന് പൂർത്തിയാകേണ്ടതായിരുന്നു. 2019 ഡിസംബർ മൂന്ന് എന്ന സമയപരിധി പാലിക്കാനും അദാനിക്കായില്ല.
സമയപരിധി ലംഘിച്ചാൽ ദിവസം 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടീസ് നൽകി. പക്ഷേ, ഓഖി, പാറകൾ ലഭിക്കാത്തത് എന്നിവ ചൂണ്ടിക്കാട്ടിയ അദാനി ഗ്രൂപ് ആർബിട്രേഷന് പോകുമെന്ന് വ്യക്തമാക്കിയതോടെ സർക്കാർ പിന്നാക്കം പോയി.
നിലവിൽ ഇരുകൂട്ടരുടെയും വാദങ്ങൾ മൂന്നംഗ സമിതി കേൾക്കുകയാണ്.
ചൊവ്വാഴ്ച പ്രതിഷേധക്കാരുടെ ആവശ്യ പ്രകാരം നിർമാണ പ്രവൃത്തി നിർത്തിവെച്ച കമ്പനി കവാടം ഉപരോധിച്ചുള്ള സമരമടക്കമുള്ള വിഷയങ്ങൾ ആർബിട്രേഷനിൽ ചൂണ്ടിക്കാട്ടുമെന്ന് സർക്കാർ ഭയക്കുന്നു. വികസന നിക്ഷേപ സാധ്യതകൾക്കും ഇത് തിരിച്ചടിയാകും. കടലേറ്റത്തിന് കാരണമെന്ന് തീരദേശ സമൂഹം ആക്ഷേപിക്കുന്ന പുലിമുട്ട് നിർമാണം ആകെയുള്ള 3100 മീറ്ററിൽ 1350 മീറ്ററാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്.
1800 മീറ്റർ പൂർത്തീകരിക്കാൻ 23 ലക്ഷം ടൺ കല്ലാണ് വേണ്ടത്. ഇതിൽ 13 ലക്ഷം അദാനി ഗ്രൂപ്പിന്റെ കൈവശമുണ്ട്. ഉപരോധം നീണ്ടാൽ പുലിമുട്ട് നിർമാണവും നീളും.
പുലിമുട്ട് നിർമാണം ആരംഭിച്ചതു മുതൽ കിലോമീറ്ററോളം തീരമാണ് കടലെടുത്തുപോയത്. വലിയതുറ, ശംഖുംമുഖം ഉൾപ്പെടെ പല തീരങ്ങളും വീണ്ടെടുക്കാനാകാതെ അപ്രത്യക്ഷമായി. പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ (സി.ഡബ്ല്യു.പി.ആർ.എസ്) പഠനത്തിൽ തുറമുഖ നിർമാണമല്ല തീരശോഷണത്തിന് കാരണമെന്ന് പറയുന്നതായി സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥ വ്യതിയാനവും ഇതിൽ പങ്കുവഹിക്കുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശ പ്രകാരം രൂപവത്കരിച്ച സമിതിയും വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് വരുന്നതുവരെ കാക്കണമെന്നാണ് സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.