ക്വോട്ട തികഞ്ഞില്ലെങ്കിൽ മെമ്മോ, ഡീസൽ നിറക്കാൻ സ്വന്തം കീശയിൽനിന്ന് കാശ്; എക്സൈസിന് ഇത് ദുരിതപർവം
text_fieldsകോട്ടയം: കേസുകൾ പിടിക്കാൻ നൽകിയ ക്വോട്ട തികഞ്ഞില്ലെങ്കിൽ മെമ്മോ, മയക്കുമരുന്ന് ഉൾപ്പെടെ പിടിക്കാൻ പോകണമെങ്കിലോ വകുപ്പ് ജീപ്പിന് ഉദ്യോഗസ്ഥൻ സ്വന്തം പോക്കറ്റിൽനിന്നും പൈസമുടക്കി ഇന്ധനം നിറക്കണം... ചുരുക്കത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇത് ദുരിതകാലം.
‘ലഹരിമുക്ത കേരളം’ പദ്ധതിയുമായി ബന്ധപ്പെട്ട് എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കിയപ്പോൾ കുടുങ്ങിയത് എക്സൈസ് ജീവനക്കാരാണ്. മതിയായ ജീവനക്കാരില്ലാതെ വലയുന്ന എക്സൈസിന് ‘കൂനിന്മേൽ കുരു’ പോലെയാണ് ലഹരിവേട്ട.
നിശ്ചിത എണ്ണം കേസുകൾ പിടിക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. മാസംതോറും ഉദ്യോഗസ്ഥർ എത്ര കേസ് പിടിച്ചെന്ന കണക്ക് അവലോകന യോഗത്തിൽ അവതരിപ്പിക്കുകയും വേണം. കേസുകളുടെ എണ്ണം കുറഞ്ഞാൽ ഉദ്യോഗസ്ഥർക്ക് അപ്പോൾതന്നെ മെമ്മോ നൽകുന്ന അവസ്ഥയാണുള്ളത്.
കേസുകളുടെ പേരിൽ കടുത്ത സമ്മർദമാണ് അനുഭവിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേസുകളുടെ ക്വോട്ട നിശ്ചയിച്ചിട്ടുള്ളതിൽ കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. എൻ.ഡി.പി.എസ്, അബ്കാരി, കോട്പ എന്നീ വിഭാഗങ്ങളിലായി കേസുകളുടെ എണ്ണം നിശ്ചയിച്ച് നൽകിയിട്ടുണ്ട്. അതിനാൽ കേസെണ്ണം തികക്കാനുള്ള ഓട്ടത്തിലാണ് ഉദ്യോഗസ്ഥർ.
ക്വോട്ട തികക്കാനുള്ള ഓട്ടത്തിനിടയിൽ പലർക്കും അവധിപോലും എടുക്കാൻ കഴിയുന്നില്ല. അവധിയെടുത്താലും രണ്ട് ദിവസത്തിൽ കൂടുതൽ എടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അവർ പറയുന്നു. ന്യൂജെൻ മയക്കുമരുന്ന് പിടികൂടുന്നത് ഏറെ ദുഷ്കരമാണെന്നാണ് അവരുടെ അഭിപ്രായം.
ഇത്തരം കേസുകളിൽ പ്രതികളാകുന്നവർ പലപ്പോഴും അക്രമാസക്തരാകുകയും എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സ്വയം മുറിവേൽപിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. എങ്കിലും പരിമിതികൾക്കുള്ളിൽ നിന്ന് പരമാവധി കേസുകൾ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ പിടികൂടിയ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലുണ്ടായ വർധന ഇത്തരം സമ്മർദങ്ങളുടെ ഫലമാണെന്നും ചൂണ്ടിക്കാട്ടുന്നു. കേസുകൾ പിടികൂടണമെന്ന് ഉന്നതങ്ങളിൽനിന്ന് നിർദേശമുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങൾ ഇല്ലാത്തതും എക്സൈസിനെ ബാധിക്കുന്നു. മതിയായ പരിശോധന കിറ്റുകൾ ഇല്ലെന്നതിന് പുറമെ പല സർക്കിൾ ഓഫിസുകളിലും വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അതിന് ഇന്ധനം നിറക്കാൻ ഫണ്ട് ലഭിക്കുന്നില്ല.
പൊലീസിനെപോലെ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷതയാണ് ഈ വിഷയത്തിൽ എക്സൈസിനെയും ബാധിച്ചിട്ടുള്ളത്. ഇന്ധനത്തിന് ആയിരക്കണക്കിന് രൂപ സ്വന്തം കീശയിൽനിന്ന് നഷ്ടപ്പെട്ട ഉദ്യോഗസ്ഥർ സേനയിലുണ്ട്. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഇടപെടലുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.