ക്വട്ടേഷൻ ആക്രമണം: കടയ്ക്കാട് സ്വദേശി അറസ്റ്റിൽ
text_fieldsതിരുവല്ല: വിദേശ മലയാളി നൽകിയ ക്വട്ടേഷൻ പ്രകാരം കവിയൂർ സ്വദേശിയായ യുവാവിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി.
കവിയൂർ പഴംമ്പള്ളി തുണ്ട് പറമ്പിൽ വീട്ടിൽ മനീഷ് വർഗീസിനെ (38) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതി പന്തളം കടക്കാട് വലിയവിള കിഴക്കേതിൽ സജു ജോസാണ് (29) പന്തളം കുളനടയിൽ നിന്ന് തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് സജു. കഴിഞ്ഞ ഒക്ടോബർ 12ന് വൈകീട്ട് നാലോടെ കവിയൂർ പഴംപള്ളി ജംഗ്ഷന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം.
വഴിയരികിൽ കാറിൽ കാത്തുകിടന്ന സംഘം ബൈക്കിൽ എത്തിയ മനീഷിന്റ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് അടക്കം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
വിദേശ മലയാളിയായ കവിയൂർ തെക്കേ മാകാട്ടിൽ വീട്ടിൽ അനീഷ് നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടത്താൻ മറ്റൊരു സംഘത്തെ നിയോഗിച്ച പ്രതിയാണ് പിടിയിലായ സജു ജോസ്.
ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടപ്പിലാക്കിയ മുഖ്യപ്രതി മാവേലിക്കര നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽ കുമാർ (അക്കു -30), കാർത്തികപ്പള്ളി ചെറുതന ഇലഞ്ഞിക്കൽ വീട്ടിൽ ജി. യദു കൃഷ്ണൻ (വിഷ്ണു -26), വിയപുരം കാരിച്ചാൽ കൊച്ചിക്കാട്ടിൽ വീട്ടിൽ കെ.ഡി. സതീഷ് കുമാർ (43), അമ്പലപ്പുഴ കരുമാടി സംഗീത മന്ദിരത്തിൽ റോയി എന്ന് വിളിക്കുന്ന ഷമീർ ഇസ്മയിൽ (32), വിദേശ മലയാളിയായ അനീഷിന് സജുവിനെ പരിചയപ്പെടുത്തി നൽകിയ തുകലശ്ശേരി സ്വദേശി അഭിലാഷ് മോഹനൻ എന്നിവർ കേസിൽ നേരത്തെ പിടിയിലായിരുന്നു.
മനേഷ് വർഗീസ് അടങ്ങുന്ന നാലംഗ സംഘം രണ്ടു വർഷം മുമ്പ് കവിയൂരിൽ വച്ച് കേസിൽ ക്വട്ടേഷൻ നൽകിയ കവിയൂർ സ്വദേശിയായ വിദേശ മലയാളിയായ അനീഷിനെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കുന്നതിനായാണ് അനീഷ് സജു ജോസിന് ക്വട്ടേഷൻ നൽകിയത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളത്ത് നടന്ന നാമജപ ഘോഷയാത്രക്ക് നേരെ ഉണ്ടായ കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താൻ എന്ന 60കാരൻ കൊലചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് പിടിയിലായ സജു ജോസ്. പെൺകുട്ടിയെ ആക്രമിച്ചതടക്കം സജു ജോസിനെതിരെ പന്തളം സ്റ്റേഷനിൽ മൂന്ന് കേസുള്ളതായി പൊലീസ് പറഞ്ഞു.
തിരുവല്ല സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ സി.പി.ഒമാരായ അഖിലേഷ്, മനോജ്, അവിനാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.