കൊല്ലത്ത് യൂത്ത് കോൺഗ്രസുകാരെ ഡി.വൈ.എഫ്.ഐ മർദിച്ചതിന് നേതൃത്വം നൽകിയത് ക്വട്ടേഷൻ സംഘാംഗം; വിഡിയോ പുറത്ത്
text_fieldsകൊല്ലം: കൊല്ലത്ത് പൊലീസ് സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ടു മർദിച്ച ഡി.വൈ.എഫ്.ഐ സംഘത്തിൽ ക്വട്ടേഷൻ സംഘവും ഉണ്ടായിരുന്നതായി പരാതി. മന്ത്രി പി. രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ പ്രവർത്തകരെ മർദിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുണ്ടക്കൽ സ്വദേശി ആനന്ദിന്റെ നേതൃത്വത്തിലാണെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു.
കിളികല്ലൂർ സ്റ്റേഷൻ പരിധിയിൽ വ്യാപാരികളെ തട്ടിക്കൊണ്ട് പോയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ആനന്ദ്. ആനന്ദും സംഘവും വടിവാളുമായി നിൽക്കുന്ന വിഡിയോ യൂത്ത് കോൺഗ്രസ് പുറത്തുവിട്ടു. ആക്രമണ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.
മന്ത്രി രാജീവിന് പൊലീസിൽ വിശ്വാസമില്ലാത്തതാണ് ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടാൻ കാരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കുരുവിള ജോസഫ് ആരോപിച്ചു. അതിനാലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും സഹായം തേടുന്നത്. കണ്ണൂരിൽ ക്വട്ടേഷൻ സംഘത്തിനെതിരെ പരിപാടി സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ കൊല്ലത്ത് ഇത്തരം ആളുകളെ വളർത്തുകയാണെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ചയാണ് കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിനു മുന്നിൽ മന്ത്രി രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചത്. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനും കെ.എസ്.യു പ്രവർത്തകൻ ആഷിക് ബൈജുവിനും ഗുരുതര പരിക്കേറ്റു.
മന്ത്രി രാജീവ് വ്യവസായ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവിന്റെ കടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിൽ ഏതാനും പ്രവർത്തകർ നിന്നിരുന്നു. സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐക്കാർ കടയിലെത്തി യൂത്ത് കോൺഗ്രസുകാരുമായി തർക്കമായി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിന്റെ സാന്നിധ്യത്തിൽ വളഞ്ഞിട്ടാണ് മർദിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കടക്ക് നേരെയും ആക്രമണമുണ്ടായി. വിഷ്ണു സുനിൽ പന്തളത്തിനു ക്രൂരമായി മർദനമേറ്റു. ദൃശ്യങ്ങൾ പകർത്തുന്നതിനിടെ റിപ്പോർട്ടർ ടി.വി കാമറമാൻ രാഗേഷിനു നേരെയും കൈയേറ്റമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.