ഷാൻ വധക്കേസ് പ്രതിയടക്കമുള്ള ക്വട്ടേഷൻ സംഘം കായംകുളത്ത് പിടിയിൽ
text_fieldsകായംകുളം: എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ പത്തോളം ഗുണ്ടാ സംഘം പിടിയിൽ. കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാൾ സംഗമത്തിനിടയിൽ നിന്നാണ് ഇവർ പിടിയിലായത്. 40 ഓളം പേർ ഓടി രക്ഷപ്പെട്ടു.
ഷാൻ വധക്കേസിൽ ജാമ്യത്തിലിറങ്ങിയ മണ്ണഞ്ചേരി സ്വദേശി അതുലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിന്റെ വിധി വന്നതിന് പിന്നാലെ ഒത്തുകൂടിയത്. ഇത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.
കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ ഗുണ്ടയായ നിധീഷിന്റെ പിറന്നാൾ ആഘോഷ മറവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടകൾ എരുവയിൽ സംഗമിച്ചത്. ഷാൻ കേസിലെ പ്രതി മണ്ണഞ്ചേരി സ്വദേശി അതുൽ, നിധീഷ്, പത്തിയൂർ സ്വദേശി വിജീഷ്, കൃഷ്ണപുരം സ്വദേശി അനന്ദു, ഇടുക്കി സ്വദേശി അലൻ ബെന്നി, തൃശ്ശൂർ സ്വദേശി പ്രശാൽ, പത്തിയൂർ കാല ഹബീസ്, ഏനാകുളങ്ങര വിഷ്ണു, ചേരാവള്ളി സെയ്ഫുദ്ദീൻ, ഹരിപ്പാട് സ്വദേശി രാജേഷ് കുമാർ എന്നിവരാണ് പിടിയിലായത്.
ഇവരോടൊപ്പമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടയും കൊലപാതക കേസിലെ പ്രതിയുമായ മാട്ട കണ്ണൻ, ആഷിഖ്, വിഠോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ, മയക്കുമരുന്ന് സംഘത്തിൽപ്പെട്ട ഗുണ്ടകളായ മോട്ടി (അമൽ ഫാറൂഖ് സേട്ട്), വിജയ് കാർത്തികേയൻ എന്നിവരടക്കമുള്ളവരാണ് രക്ഷപ്പെട്ടതത്രെ. ഗുണ്ടകൾ വന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തതായി അറിയുന്നു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ. ഗിരിലാൽ, കരീലക്കുളങ്ങര സി.ഐ. സുനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം വീട് വളഞ്ഞാണ് ഗുണ്ടാസംഘത്തെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.