ക്വട്ടേഷൻ സംഘങ്ങൾ: ഗുണ്ടാവിരുദ്ധ സ്കോഡ് ആലപ്പുഴ ജില്ലയിലേക്ക്; പിടിയിലായതിൽ എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിലെ പ്രതിയും
text_fieldsകായംകുളം: ക്വട്ടേഷൻ സംഘങ്ങൾ ആഘോഷ നിറവുകളുമായി കളംനിറഞ്ഞതോടെ സംസ്ഥാന ഗുണ്ടാവിരുദ്ധ സ്കോഡ് ആലപ്പുഴ ജില്ലയിലേക്ക് എത്തുന്നു. കായംകുളത്ത് പിടിയിലായ സംഘത്തിന്‍റെ മൊബൈലുകളിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ ലഭ്യമായതോടെ അന്വേഷണം ഇതോടെ വഴിതിരിയുകയാണ്. കരീലക്കുളങ്ങര സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ സ്കോഡിന് കൈമാറി. ഇവരുടെ പ്രാഥമിക പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളുടെ കലവറ തുറക്കാനായി എന്നാണ് സൂചന.
വിദഗ്ധ പരിശോധനകളിലൂടെ കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഗുണ്ടാസംഘങ്ങളിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആറ് സ്ഥലങ്ങളിൽ ക്വട്ടേഷൻ സംഘങ്ങൾ ഒത്തുകൂടിയെന്നാണ് ഒൗദ്യോഗികമായി ലഭിച്ച വിവരം. ഇതിന്‍റെ ഇരട്ടി സംഗമങ്ങൾ അതീവരഹസ്യമായ നടന്നതായാണ് പൊലീസ് വിലയിരുത്തൽ.
ഹരിപ്പാട്, ആലപ്പുഴ, കരീലക്കുളങ്ങര, മുഹമ്മ, ചേർത്തല സ്റ്റേഷൻ പരിധികളിൽ നടന്ന പരിപാടികളാണ് പുറത്തായത്. ജില്ലയിൽ പ്രവേശന വിലക്കുള്ള ക്വട്ടേഷൻ പ്രതികൾ വരെ പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിൽ ഇതിൽ പങ്കാളികളായി. ചിലയിടങ്ങളിൽ ഭരണ കക്ഷി നേതാക്കളുടെ പിൻബലത്തിലാണ് സംഗമങ്ങൾ അരങ്ങേറിയത്. ജില്ലക്ക് പുറത്തുള്ള ക്വട്ടേഷൻ തലവൻമാരടക്കം സംഘടിച്ചത് പൊലീസ് ഗൗരവത്തോടെ വീക്ഷിക്കുന്നതിനിടെയാണ് കായംകുളത്ത് പിടിവീഴുന്നത്.
കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ എരുവയിൽ നടന്ന അമ്പതോളം പേരുടെ ആഘോഷം പൊലീസ് മണത്തറിയുകയായിരുന്നു. തന്ത്രപൂർവമുള്ള പൊലീസ് ഇടപെടലിൽ പത്ത് പേരെ ഇവിടെ നിന്നും വലയിലാക്കാനായി. ഇവരിൽ നിന്നും പിടികൂടിയ മൊബൈലുകളിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളാണ് വിപുലമായ അന്വേഷണത്തിന് വഴിതുറന്നത്. ക്വട്ടേഷൻ രഹസ്യങ്ങളുടെയും മയക്കുമരുന്ന് ഇടപാടുകളുടെയും നിർണായകവിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്.
മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് ഷാനെ വെട്ടിക്കൊന്ന കേസിലെ പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ മണ്ണഞ്ചേരി സ്വദേശി അതുൽ, എറണാകുളം കേന്ദ്രീകരിക്കുന്ന നിധീഷ്കുമാർ, ഇടുക്കിയിൽ നിന്നുള്ള അലൻ ബെന്നി, തൃശൂർ തൃക്കല്ലൂർ സ്വദേശി പ്രശാൽ, കായംകുളം-കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ വിജീഷ്, അനന്ദു, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീൻ, രാജേഷ്കുമാർ എന്നിവരാണ് പിടിയിലായത്. കുപ്രസിദ്ധ ഗുണ്ടയും കൊലപാതക കേസിലെ പ്രതിയുമായ മാട്ട കണ്ണൻ, ഗുണ്ടകളായ ആഷിഖ്, വിഠോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ, മോട്ടി (അമൽ ഫാറൂഖ് സേട്ട്), വിജയ് കാർത്തികേയൻ എന്നിവർ ഓടി രക്ഷപ്പെട്ടിരുന്നു.
ജില്ല വിട്ട ഇവർക്കായി അന്വേഷണം ഊർജിതമാണ്. ഇതിനിടെ പൊലീസ് കളം നിറഞ്ഞതോടെ ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുമായി വിദൂര ബന്ധങ്ങളുള്ളവൾ പോലും നഗരം വിട്ടിരിക്കുകയാണ്. ഇവർ കേന്ദ്രീകരിച്ചിരുന്ന പ്രദേശങ്ങളും സൗഹൃദവലയങ്ങളും കടുത്ത നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.