അപൂർവതകളും വിവാദങ്ങളും എന്നും ഒപ്പമുണ്ടായിരുന്ന രാഷ്ട്രീയത്തിലെ ഒറ്റയാൻ
text_fieldsനയം, വിനയം, അഭിനയം എന്നിവ വശമില്ലാത്ത രാഷ്ട്രീയക്കാരൻ എന്ന് ആർ. ബാലകൃഷ്ണപിള്ളയെ വിശേഷിപ്പിച്ചത് രാഷ്ട്രീയ നിരീക്ഷകനായ ആർ. ജയശങ്കർ ആണ്. എന്നാൽ, ബാലകൃഷ്ണപിള്ളയുടെ ആത്മകഥയുടെ അവതാരികയിൽ എഴുതിയ ഈ വിശേഷണത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്‍റെ ജീവിതം. കേരള രാഷ്ട്രീയത്തിൽ എന്നും നിറഞ്ഞുനിന്ന തലയെടുപ്പുള്ള നേതാവ്, മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരൻ, കലഹങ്ങളെയും വിവാദങ്ങളെയും ചങ്കുറപ്പോടെ നേരിട്ട ഒറ്റയാൻ എന്നിങ്ങനെ വിശേഷണങ്ങൾക്ക് അനവധിയാണ് ബാലകൃഷ്ണപിള്ള സ്വന്തമാക്കിയത്.
അപൂർവതകളും വിവാദങ്ങളും രാഷ്ട്രീയത്തിൽ ബാലകൃഷ്ണപിള്ളയുടെ സഹയാത്രികരായിരുന്നു. ഇരുമുന്നണികളുടെയും രൂപീകരണ സമയത്ത് അവർക്കൊപ്പമുണ്ടാകാൻ കഴിഞ്ഞ അപൂർവത മറ്റൊരു നേതാവിനും അവകാശപ്പെടാനാകില്ല. ഒരു ഘട്ടത്തിൽ യു.ഡി.എഫുമായി ഇടഞ്ഞ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ പോലും തയാറായത് അപൂർവതയുടെ മറ്റൊരു ചരിത്രം സൃഷ്ടിക്കുമായിരുന്നു. സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം, അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രി, കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികൻ, ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും വഹിച്ചിരുന്നയാൾ തുടങ്ങിയ അപൂർവതകൾ ബാലകൃഷ്ണപിള്ള സ്വന്തമാക്കി. വിവാദമായ 'പഞ്ചാബ് മോഡൽ പ്രസംഗ'ത്തിന്‍റെ പേരിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്നതും അപൂർവതയുടെ മറ്റൊരു ഏട്.
രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഗൗരിയമ്മയുടെ പ്രസംഗം
1947ൽ വാളകം ഹൈസ്കൂളിൽ നാലാം ഫോറത്തിൽ പഠിക്കുമ്പോൾ അന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡൻറ്സ് ഫെഡറേഷെൻറ അംഗത്വമെടുത്തായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള വരവ്. കൈപിടിച്ചു കയറ്റിയതാകട്ടെ പിൽക്കാലത്ത് കേരളത്തിെൻറ മുഖ്യമന്ത്രിയായ പി.കെ. വാസുദേവൻ നായരും. 21 വയസ്സുവരെ കമ്മ്യുണിസ്റ്റുകാരനായിരുെന്നന്നും 1957ൽ ഇ.എം.എസ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ മുതൽ കമ്മ്യുണിസ്റ്റുകൾ ജനാധിപത്യവിരുദ്ധരും അക്രമികളും സുഖലോലുപരുമായതോടെ താൻ പാർട്ടി വിടുകയായിരുന്നെന്നും തുറന്നുപറയാൻ പിള്ള ഒരുമടിയും കാണിച്ചിരുന്നില്ല.
രാഷ്ട്രീയം മതിയാക്കി അച്ഛൻ മാനേജറായ വാളകം സ്കൂളിൽ ഹെഡ്മാസ്റ്ററായി ഒതുങ്ങിക്കൂടിയ കാലത്ത് അന്ന് മന്ത്രിയായിരുന്ന ഗൗരിയമ്മ നടത്തിയ ഒരു പ്രസംഗമാണ് പിള്ളയെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിള്ളയുടെ കുടുംബമായ കീഴൂട്ടിൽ ഒരു കുഞ്ഞ് മരിച്ചാൽ സംസ്കരിക്കണമെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുവാദം വേണമെന്നായിരുന്നു ഗൗരിയമ്മ പ്രസംഗിച്ചത്. തങ്ങളുടെ സ്വത്തിനുമേൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം സ്ഥാപിച്ചിരിക്കുന്നു എന്ന ആ വാക്കുകളിലെ ധാർഷ്ട്യമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ബാലകൃഷ്ണപിള്ള ആത്മകഥയിൽ പറയുന്നുണ്ട്. പിൽക്കാലത്ത് യു.ഡി.എഫ് മന്ത്രിസഭയിൽ ആ ഗൗരിയമ്മയുമൊത്ത് ഇരിക്കാനും പിള്ളക്ക് മടിയുണ്ടായില്ല.
1957ലെ തെരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച പിള്ള തൊട്ടടുത്ത വർഷം കോൺഗ്രസുകാരനാകാൻ മടി കാട്ടിയില്ല. 21 അംഗ കെ.പി.സി.സി നിർവാഹക സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഒപ്പം എ.ഐ.സി.സി അംഗവുമായി. 60ൽ കോൺഗ്രസുകാരനായി പത്തനാപുരത്ത് മത്സരത്തിനിറങ്ങുമ്പോൾ 25 വയസ്സ് തികയുന്നതേ ഉണ്ടായിരുന്നുള്ളു. കന്നിയങ്കത്തിൽ സ്വന്തം അധ്യാപകനായിരുന്ന എൻ. രാജഗോപാലൻ നായരെ പരാജയപ്പെടുത്തി.
1964ൽ കേരള കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രധാനി ബാലകൃഷ്ണ പിള്ളയായിരുന്നു. പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായതും മറ്റാരുമല്ല. 1965ൽ പത്തനാപുരം വിട്ട് കൊട്ടാരക്കരയിൽ ചന്ദ്രശേഖരൻ നായരെ തോൽപ്പിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ സഭ കൂടിയില്ല. 1967ൽ ചന്ദ്രശേഖരൻ നായരോട് കൊട്ടാരക്കരയിൽ ജീവിതത്തിലെ ആദ്യ തോൽവി അറിഞ്ഞു. 70 ലും തോൽവി തന്നെ. 1971ൽ മാവേലിക്കരയിൽ നിന്ന് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തിരാവസ്ഥക്കാലത്ത് ഏതാനും മാസങ്ങൾ ജയിലിലുമായി.
മന്ത്രിസഭയിൽ ചേരാൻ കേരള കോൺഗ്രസ് തീരുമാനിച്ചതോടെ എം.പി സ്ഥാനം രാജിവെക്കാതെ തന്നെ അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. എന്നാൽ, അടിയന്തിരാവസ്ഥ കാരണം തെരഞ്ഞെടുപ്പിന് സാഹചര്യമില്ലാതിരുന്നതിനാലും മന്ത്രിസഭയുടെ കാലാവധി ദീർഘിപ്പിച്ചതിനാലും നിയമസഭാംഗത്വം നേടാൻ കഴിയാതെ 1976 ജൂൺ 25ന് മന്ത്രി സ്ഥാനം രാജിവെച്ച് പാർലമെൻറിലേക്ക് മടങ്ങി.
യു.ഡി.എഫ് രൂപീകരണത്തിൽ ലീഗും മാണിയും ഉണ്ടായിരുന്നില്ല
1977ൽ സി.പി.എമ്മിന്‍റെ സഹായത്തോടെ കൊട്ടാരക്കരയിൽ നിന്ന് ജയിച്ചു. 1980ൽ ഇടതുമുന്നണി രൂപംകൊണ്ടപ്പോൾ സി.പി.എം, സി.പി.ഐ, ആർ.എസ്.പി, അഖിലേന്ത്യ ലീഗ്, കോൺഗ്രസ് (എ) പാർട്ടികളോടൊപ്പം പിള്ളയും ചേർന്നു. ആദ്യ നായനാർ മന്ത്രിസഭയിൽ വൈദ്യുത മന്ത്രിയായി. രണ്ടു വർഷം പൂർത്തിയാവും മുമ്പ് എ കോൺഗ്രസും കേരള കോൺഗ്രസും മുന്നണി വിട്ടപ്പോൾ മന്ത്രിസഭ വീണു. ഈ ഘട്ടത്തിലായിരുന്നു യു.ഡി.എഫ് രൂപീകരിച്ചത്. യു.ഡി.എഫ് രൂപീകരണ യോഗത്തിൽ കെ. കരുണാകരനൊപ്പം താൻ പങ്കെടുക്കുമ്പോൾ എ.കെ ആൻറണിയോ കെ.എം മാണിയോ മുസ്ലിം ലീഗോ ഉണ്ടായിരുന്നില്ലെന്ന് പിള്ളയുടെ ആത്മകഥയിലുണ്ട്.
ആറാം നിയമസഭയിൽ ഇരു മുന്നണികളും ഭരിച്ചപ്പോഴും പിള്ള മന്ത്രിയായിരുന്നു. 82 മുതൽ 87 വരെ ഏഴാം നിയമസഭയിൽ പിള്ള കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. വിവാദമായ 'പഞ്ചാബ് മോഡൽ' പ്രസംഗം അപ്പോഴായിരുന്നു. ഒമ്പതാം നിയമസഭയിൽ കരുണാകരനും എ.കെ. ആൻറണിക്കും കീഴിൽ മന്ത്രിയായി. ആൻറണി വീണ്ടും മുഖ്യമന്ത്രിയായ പതിനൊന്നാം നിയമസഭയിൽ മകൻ ഗണേഷ് കുമാറും ബാലകൃഷ്ണപിള്ളയും ഗതാഗത മന്ത്രിമാരായിരുന്നു. രണ്ടു വർഷം മന്ത്രിയായിരുന്ന ഗണേഷിനെ രാജിവെപ്പിച്ച് പിള്ള മന്ത്രിയായതും ഏറെ ചർച്ചയായ വിഷയമാണ്. പിന്നെ പിള്ള മന്ത്രി ആയതുമില്ല. 87ൽ സി.പി.ഐയിലെ ഇ. രാജേന്ദ്രനെയും 91ലും 96ലും സി.പി.എമ്മിലെ ജോർജ് മാത്യുവിനെയും 2001ൽ സി.പി.എമ്മിന്‍റെ രവീന്ദ്രൻ നായരെയും പിള്ള തോൽപ്പിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ പുതുമുഖമായ പി. ആയിഷ പോറ്റി എന്ന പുതുമുഖത്തോട് തോൽവി വഴങ്ങിയതോടെ പിള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് സലാം പറഞ്ഞു.
2011ൽ പാർട്ടി സ്ഥാനാർർഥി ഡോ. എൻ.എൻ. മുരളി കൊട്ടാരക്കരയിൽ ആയിഷ പോറ്റിയോടെ തോറ്റത് നിരാശയായെങ്കിലും ഗണേഷ് കുമാർ പത്തനാപുരത്തുനിന്ന് ജയിച്ചത് ആശ്വാസമായി. കാബിനറ്റ് പദവിയിൽ മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായി പിള്ളയെ നിയമിച്ചത് സി.പി.എമ്മും വി.എസ് അച്യുതാനന്ദനും എതിർത്തിരുന്നു. ബാർ കോഴ കേസിന്‍റെ കാലത്ത് ബാറുടമ ബിജു രമേശുമായി നടത്തിയ ഫോൺ സന്ദേശം ചോർന്നതിനെ തുടർന്ന് ആ പദവി രാജിവെച്ചു. 2015ൽ പിള്ള യു.ഡി.എഫ് വിടുകയും ചെയ്തു. 2016ൽ പിള്ളയുടെ പാർട്ടി ഇടതു മുന്നണിക്കൊപ്പമായിരുന്നു. അതോടെ ഒരിക്കൽ എതിർത്ത മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ പദവി അവർ പിള്ളക്ക് കാബിനറ്റ് റാങ്കോടെ നൽകുകയും ചെയ്തു.
ജയിൽവാസമൊരുക്കിയ രണ്ടുകേസുകൾ
കുറഞ്ഞകാലത്തേക്ക് ആണെങ്കിലും ബാലകൃഷ്ണപിള്ളയെ ജയിലിൽ കിടത്തിയ കേസുകളാണ് ഗ്രാഫൈറ്റ് കേസും ഇടമലയാർ കേസും. വൈദ്യുതി മന്ത്രിയായിരിക്കെ കർണാടകയിലെ ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റ് കമ്പനിക്ക് വൻ ലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയും സംസ്ഥാന സർക്കാറിന് ഭീമമായ നഷ്ടം വരുത്തിവെക്കുകയും ചെയ്തുവെന്ന കേസിലായിരുന്നു 2001ൽ ജയിലിൽ കിടന്നത്. ഏതാനും നാളുകൾക്കു ശേഷം ജയിൽമോചിതനായി.
കാൽനൂറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2011ൽ ഇടമലയാർ കേസിൽ വീണ്ടും ജയിലിലായി. ഒരു വർഷത്തേക്കാണ് ശിക്ഷിക്കപ്പെട്ടതെങ്കിലും 69 ദിവസം മാത്രമേ ജയിലിൽ കിടന്നുള്ളു. 251 ദിവസത്തിൽ 75 ദിവസം പരോളിലും 87ദിവസം ആശുപത്രിയിലുമായിരുന്നു. തന്നെ ജയിലിലാക്കിയ ഇടതുമുന്നണിയിൽ അവസാന കാലത്ത് കാബിനറ്റ് പദവിയിൽ മുന്നാക്ക ക്ഷേമ കമീഷൻ ചെയർമാനായി തിരിച്ചുകയറിയത് പിള്ളയുടെ മധുരപ്രതികാരം കൂടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.