കണ്ണൂർ വി.സിക്കായി ഗവർണർക്ക് കത്ത്; കടുപ്പിച്ച് പ്രതിപക്ഷം, മിണ്ടാതെ മന്ത്രി
text_fieldsതിരുവനന്തപുരം: കണ്ണൂർ വി.സി പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ കത്ത് സർക്കാറിനെയും ഇടതുമുന്നണിയെയും കടുത്ത പ്രതിസന്ധിയിലാക്കി. സർക്കാറിനെതിരെ നിയമനടപടിക്കും പ്രക്ഷോഭത്തിനും തയാറെടുക്കുന്ന പ്രതിപക്ഷം മന്ത്രിയുടെ രാജിയും ആവശ്യപ്പെടുന്നു. ഗവർണറുടെ നിലപാടിന് മുഖ്യമന്ത്രി നേരിട്ടും പാർട്ടി നേതാക്കൾ രാഷ്ട്രീയമായും മറുപടി നൽകിയെങ്കിലും കത്തിെൻറ സാഹചര്യത്തിൽ പ്രതികരിക്കാൻ ആരും തയാറായില്ല. മന്ത്രി ആർ. ബിന്ദുവിെൻറ പ്രതികരണം തേടി മാധ്യമപ്രവർത്തകർ ഔദ്യോഗിക വസതിക്കു മുന്നിലെത്തിയെങ്കിലും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. സർവകലാശാല ചട്ടങ്ങൾ ലംഘിച്ചാണ് വി.സിക്ക് പുനർനിയമനം നൽകാൻ പ്രോ-ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്തെഴുതിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രോ-ചാൻസലർക്ക് ചാൻസലറുടെ അഭാവത്തിൽ ഭാഗികമായി മാത്രമേ ഇടപെടാൻ കഴിയുകയുള്ളൂ. വി.സി സ്ഥാനത്തേക്ക് ഒരാളുടെ പേര് ശിപാർശ ചെയ്യാനാകില്ല. സെർച്ച് കമ്മിറ്റിയാണ് ശിപാർശ ചെയ്യേണ്ടത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് പേര് ശിപാർശ ചെയ്തത് ചട്ട വിരുദ്ധമാണെന്ന വിമർശനമാണ് ഉയർന്നിട്ടുള്ളത്. വി.സി നിയമനത്തിൽ ഇതിനകം തന്നെ ഹൈകോടതിയിൽ കേസുള്ളതിനാൽ മന്ത്രിയുടെ കത്ത് കുരുക്കാകും. ഗവർണറും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചാലും നിയമ നടപടികൾ തലവേദനയാണ്. കത്ത് വിഷയത്തിൽ രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി സ്വന്തം തീരുമാന പ്രകാരം കത്തയക്കാനിടയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിെൻറ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട പ്രത്യുപകാരമെന്ന നിലക്കാണ് വി.സി.ക്ക് തുടർനിയമനമെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
പ്രോ-ചാൻസലർ എന്ന നിലയിൽ വിഷയത്തിൽ മന്ത്രി ഇടപെട്ടെന്നാണ് അനൗദ്യോഗികമായി നൽകുന്ന വിശദീകരണം. മന്ത്രി ഇടപെട്ടതിൽ തെറ്റില്ലെന്നും പ്രോ-ചാൻസലർ എന്ന നിലയിൽ ഇടപെടാനാകുമെന്നും ഇടതു കേന്ദ്രങ്ങൾ വിശദീകരിക്കുന്നു. ഹൈകോടതി നിലപാട് നോക്കിയാകും ഇനി സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.