ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹാരാജാസിന്റെ സംഭാവന മഹത്തരമെന്ന് ആര്‍. ബിന്ദു
text_fieldsകൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹാരാജാസിന്റെ സംഭാവന മഹത്തരമെന്ന് മന്ത്രി ആര്‍.ബിന്ദു. എറണാകുളം മഹാരാജാസ് കോളജിലെ പുതിയ വനിത ഹോസ്റ്റല്‍ മന്ദിരത്തിന്റെയും കെമിസ്ട്രി സെമിനാര്‍ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചുക്കുകയായിരുന്നു മന്ത്രി.
കാലാനുസൃതമായ വികസനം മഹാരാജാസില്‍ നടപ്പിലാക്കുമെന്നും ഭൗതിക വികസനത്തിനൊപ്പം അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മഹാരാജാസ് നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്. ഒന്നര നൂറ്റാണ്ടു കാലത്തെ മഹത്തായ പാരമ്പര്യമുള്ള മഹാരാജാസ് എക്കാലവും ധൈഷണികതയുടെ ഉറവിടമാണ്. എൻ.ഐ.ആർ.എഫ് റാങ്കിങ്ങില്‍ 46-ാം സ്ഥാനവും നാക് അക്രഡിറ്റേഷനില്‍ എ യും ലഭിച്ച ഈ കലാലയം ജീവിതത്തിലെ സമസ്ത മേഖലകളിലും ഒട്ടേറ പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്.
ആ പാരമ്പര്യത്തെ പുതിയ കാലത്തും നാം ഉയര്‍ത്തിപ്പിടിക്കണം. കാലാനുസൃതമായ വികസനം മഹാരാജാസില്‍ സര്‍ക്കാര്‍ നടപ്പിലാക്കും. മികച്ച പൂര്‍വ വിദ്യാർഥി സമ്പത്താണ് മഹാരാജാസിനുള്ളത്. ആ സമ്പത്തിനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണം. പൂര്‍വ വിദ്യാർഥികളുമായി സംവദിക്കാന്‍ പുതിയ കുട്ടികള്‍ക്ക് അവസരമൊരുക്കണം.
മഹാരാജാസിന്റെ വികസനത്തിനായി എല്ലാവരും ഒരുമിച്ചു നില്‍ക്കണം. ദീര്‍ഘ വിക്ഷണത്തോടെയുള്ള പദ്ധതികളാകണം കോളജില്‍ ഉണ്ടാകേണ്ടത്. അതിനായി സര്‍ക്കാര്‍ ഒപ്പം ഉണ്ടാകും. ഇവിടത്തെ അക്കാദമിക് സമൂഹം ആത്മാര്‍ഥമായ ഇടപെടല്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 10 കോടി രൂപ ചെലവില്‍ ഹോസ്റ്റല്‍, കെമിസ്ട്രി സെമിനാര്‍ ഹാള്‍, കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം എന്നിവ മഹാരാജാസിനോടും ഉന്നത വിദ്യാഭ്യാസമേഖലയോടും സര്‍ക്കാരിന്റെ പരിഗണനയുടെ ഉദാഹരണമാണ്. മഹാരാജാസിനെ കരിതേച്ചു കാണിക്കാനുള്ള ഗൂഢശ്രമങ്ങളെ പ്രതിരോധിക്കാന്‍ അക്കാദമിക് സമൂഹത്തിന് കഴിയണം. മഹാരാജാസിന്റെ പൂര്‍വികര്‍ വിതച്ചുപോയ വിത്തുകള്‍ നൂറു മേനിയോടെ കൊയ്‌തെടുക്കുവാന്‍ നമ്മുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ദേശീയ അന്തര്‍ദേശീയ മാനകങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം മൂന്നാമതാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലാണെന്ന പ്രചാരണത്തെ നാം പ്രതിരോധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ചുള്ള വികസനത്തോടെയാണ് ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ടുകൊണ്ടുപോകുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ചരിത്രത്തിലാദ്യമായി കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപപ്പെടുത്തി. അതില്‍ അതത് സര്‍വകലാശാലകള്‍ക്ക് ജൈവപ്രകൃതിയനുസരിച്ച് മാറ്റങ്ങള്‍ വരുത്താം. പുതിയ കാലത്തിനും സമൂഹത്തിനുമനുസരിച്ച് പുതിയ കോഴ്‌സുകളെ രൂപപ്പെടുത്തുന്നതില്‍ അക്കാദമിക് സമൂഹത്തിന് നിർണായക പങ്കുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള ഒരു അധ്യയനരീതിക്ക് അധ്യാപകര്‍ ഉള്‍പ്പെടുന്ന സമൂഹം തയാറാകണമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 9 കോടി രൂപയോളം ചെലവഴിച്ച് മൂന്നു നിലകളിലായി 46 മുറികള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലാണ് ഉദ്ഘാടനം ചെയ്തത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിനോട് ചേര്‍ന്ന് പി.ടി ഉഷ റോഡിലാണ് പുതിയ ഹോസ്റ്റല്‍. കൂടാതെ കെമിസ്ട്രി സെമിനാര്‍ ഹാളും ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ.സുധീര്‍, മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ് ജോയ്, ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഡോ.എന്‍.രമാകാന്തന്‍, എം.ജി യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.എസ്.ഷജിലബീവി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ബിന്ദു ശര്‍മ്മിള, പി.ടി.എ വൈസ് പ്രസിഡന്റ് സിജി ബാബു, സെക്രട്ടറി ഡോ.എം.എസ് മുരളി തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനിയര്‍ ജെസി മോള്‍ ജോഷ്വാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.