യുവപ്രതിഭകൾക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ നവകേരള ഫെല്ലോഷിപ്പ് പരിഗണനയിലെന്ന് ആർ. ബിന്ദു
text_fieldsകോതമംഗലം : നവകേരള നിർമിതിക്ക് സവിശേഷ അറിവുകൾ സംഭാവന ചെയ്യുന്ന, ഗവേഷണം നടത്തുന്ന യുവപ്രതിഭകൾക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ നൽകുന്ന നവകേരള ഫെല്ലോഷിപ്പ് എന്ന ആശയം പരിഗണനയിലെന്ന് മന്ത്രി ആർ ബിന്ദു. മൂവാറ്റുപുഴ മണ്ഡലത്തിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷി, വ്യവസായം, ആരോഗ്യം, മാലിന്യ സംസ്ക്കരണം തുടങ്ങിയ മേഖലകളിൽ കേരളം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് യുവാക്കളുടെ പ്രതിഭ ഉപയോഗിക്കുക എന്നുള്ളത് ഏറ്റവും അർത്ഥപൂർണമായ നിലയിലാണ് ഈ കേരള സമൂഹം ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ മാറ്റവും ഈ സംസ്ഥാനത്തുണ്ടാകും.
നമ്മുടെ ഏറ്റവും വലിയ മൂലധനം വിദ്യാഭ്യാസമാണ്. ആ വൈജ്ഞാനിക മൂലധനം ഉപയോഗിച്ച് കേരളത്തിലെ ജീവിത നിലവാരം ഉയർത്തുക എന്ന ഉദ്ദേശമാണ് സർക്കാരിനുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ 6000 കോടി രൂപയുടെ നിക്ഷേപം നടത്തി കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസനം സാധ്യമാക്കി വരുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തി കേരളത്തെ ഉന്നത വിദ്യാഭ്യാസഹബ്ബാക്കാൻ സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച 21 കലാലയങ്ങൾ നിലകൊള്ളുന്നത് കേരളത്തിലാണ്. കേരളത്തിലെ 120 കലാലയങ്ങൾ എ ഗ്രേഡിന് മുകളിൽ നിലവാരമുള്ള കലാലയങ്ങളാണ്. ഏറ്റവും മികച്ച ക്ലാസ് റൂമുകളും പരീക്ഷണശാലകളും വായനശാലകളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉറപ്പാക്കുന്നു.
തൊഴിൽ നൈപുണ്യത്തിനായി പ്രത്യേക പരീശീലനവും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങളും സർക്കാർ ഉറപ്പു വരുത്തുന്നു. യുവാക്കളുടെ സംരംഭക ആശയങ്ങൾ സാക്ഷാത്കരിക്കാൻ സ്റ്റാർട്ട് അപ്പ് മിഷൻ നിലവിൽ വന്നതടക്കം പല സംരംഭക സൗഹ്യദ നടപടികളും കേരളത്തിലെ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്തി. വിദേശ രാജ്യങ്ങളിലടക്കം കേരളത്തിലെ സംരംഭങ്ങൾക്കും , സംരംഭകർക്കും സ്വീകാര്യത ലഭിക്കുന്ന വാർത്തകൾ ഇന്ന് പുറത്ത് വരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലെ വികസനത്തോടൊപ്പം അതി ദാരിദ്ര്യ നിർമാർജനവും സർക്കാരിന്റെ ലക്ഷ്യമാണ്. വീടില്ലാത്തവർക്ക് ഭവനപദ്ധതി, ഭൂമിയില്ലാത്തവർക്ക് ഭൂമി, പട്ടയമില്ലാത്തവർക്ക് പട്ടയം, സൗഖ്യം നിറഞ്ഞ വാർധക്യത്തിന് പെൻഷൻ തുടങ്ങിയവ സർക്കാർ നടപ്പിലാക്കി വരുന്നു. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തി സമഗ്ര വികസനമാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.