ജയിൽ മേധാവിയെ വിമർശിച്ച് മുൻ മേധാവിയുടെ പോസ്റ്റ്; വിവാദമായപ്പോൾ അപ്രത്യക്ഷം
text_fieldsതിരുവനന്തപുരം: ജയിൽ മേധാവിയെ പേരാക്ഷമായി വിമർശിച്ച് മുൻ മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജയിലുകളിൽ ന േരത്തേ അരാജകത്വമായിരുന്നെന്നും ഡി.ജി.പി മാറിയതോടെ എല്ലാം ശരിയാകുന്നുവെന്നുമുള്ള വാർത്തകൾക്കെതിരെ മുൻ ജയിൽ മേധാവി ആർ. ശ്രീലേഖയാണ് പോസ്റ്റിട്ടത്. താൻ ജയിൽ മേധാവിയായിരുന്നപ്പോൾ ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും ആരും ജയിലിനകത്ത് കയറ്റിയിട്ടില്ലെന്നും ഇപ്പോൾ ഫോണുകൾ പിടിക്കുന്നുവെന്ന വാർത്തകൾ വരുമ്പോൾ വിഷമം തോന്നുന്നുവെന്നും അവർ േഫസ്ബുക്കിൽ എഴുതി. കുറച്ചുസമയത്തിനകം പോസ്റ്റ് അപ്രത്യക്ഷമായി. ശ്രീലേഖയുടെ പോസ്റ്റ് അല്ലെന്ന പ്രചാരണവുമായി അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
പോസ്റ്റ് ഇങ്ങനെ: ‘ 2019 ജൂൺ 11 വരെ മാത്രമേ ഞാൻ ജയിൽ ഡി.ജി.പി ആയിരുന്നിട്ടുള്ളൂ. രണ്ടുവർഷവും അഞ്ചുമാസവും ഞാൻ അവിടെയുണ്ടായിരുന്ന സമയം യാതൊരു പ്രശ്നങ്ങളുമില്ലാതെ പോയിരുന്ന വകുപ്പാണ്. ചരിത്രത്തിൽ ആദ്യമായി തടവുകാരുടെ എണ്ണം ആയിരത്തോളം കുറഞ്ഞതും ആ സമയത്താണ്. ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും അതേവരെ ജയിലിനുള്ളിൽ ആരും കടത്തിയിട്ടില്ല. അഥവ കണ്ടെത്തിയാൽ ഉടൻതന്നെ അതതു പൊലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുമുണ്ട്.
മൂന്നാംമുറ ഒരു കാരണവശാലും ഉണ്ടാവാതെ ശ്രദ്ധിച്ചിട്ടുണ്ട്. ഏതെങ്കിലും തടവുകാരനെ അവശനിലയിൽ കണ്ടാൽ ഉടൻതന്നെ ചികിത്സ ലഭ്യമാക്കിയിട്ടുമുണ്ട്. എന്നാൽ, ഇതൊന്നും പത്രക്കാരോട് പറയേണ്ട കാര്യങ്ങളായി തോന്നിയിട്ടില്ല. ഈഗോ അൽപം കുറവായതിനാൽ പബ്ലിസിറ്റിയിൽ വലിയ താൽപര്യവുമില്ല. ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് റെയ്ഡ് നടത്തി അനധികൃത വസ്തുക്കൾ പിടിക്കുന്നു. തുടർന്ന് കണ്ണൂർ, വിയ്യൂർ ജയിലുകളിൽനിന്ന് തുടർച്ചയായി ഫോണുകൾ, കഞ്ചാവ് തുടങ്ങിയവ പിടിക്കുന്നു എന്നിങ്ങനെ വാർത്തകൾ വായിക്കുമ്പോൾ വിഷമം തോന്നുന്നു.
അതിലേറെ വിഷമം ജയിലുകളിൽ ആൾക്കാർ മരിക്കുന്നു, സ്ത്രീകൾ ജയിൽ ചാടുന്നു എന്നീ വാർത്തകൾ ഉണ്ടാവുമ്പോഴാണ്. എവിടെ ജോലി ചെയ്യുമ്പോഴും നൂറുശതമാനം ആത്മാർഥതയോടെയും ജനങ്ങൾക്കും സർക്കാറിനും വകുപ്പിനും പരമാവധി നന്മമാത്രം ലാക്കാക്കി പ്രവർത്തിക്കുന്നവർക്ക് വിഷമം തോന്നുക സ്വാഭാവികമാണല്ലോ’ എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.