ലോഡഡ് റിവോള്‍വര്‍ കൈയില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നത്; ഭർത്താവിനെ വധിക്കാൻ ആർ.എസ്.എസ് ഗുണ്ടകൾ പദ്ധതിയിട്ടു -ചർച്ചയായി ആർ. ശ്രീലേഖയുടെ മുൻ വെളിപ്പെടുത്തൽ
text_fieldsതിരുവനന്തപുരം: മുൻ ഡി.ജി.പിയും കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ശ്രീലേഖ രണ്ടുവർഷം മുമ്പ് ആർ.എസ്.എസിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാവുന്നു. ഭർത്താവിനെ വധിക്കാൻ ആർ.എസ്.എസ് ഗുണ്ടകൾ പദ്ധതിയിട്ടിരുന്നുവെന്നാണ് അന്ന് സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനൽ വഴി ശ്രീലേഖ വെളിപ്പെടുത്തിയത്. എന്നാൽ ഭർത്താവിന്റെ ബി.ജെ.പി ബന്ധം അറിഞ്ഞതോടെ ആർ.എസ്.എസ് സംഘം ക്വട്ടേഷനിൽ നിന്ന് പിൻമാറുകയായിരുന്നുവത്രെ.
''ഒരിക്കൽ ഭർത്താവിനെ വെട്ടിക്കൊല്ലാൻ ആരോ ക്വട്ടേഷൻ കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥരാണോ അബ്കാരി മുതലാളിമാരാണോ അതോ വേറെ ആരെങ്കിലുമാണോ എന്നറിയില്ല. ആർ.എസ്.എസ് ഗുണ്ടകളായ ചിലർ ക്വട്ടേഷന് നാല് ലക്ഷം രൂപയും കൈപ്പറ്റി. ബസിൽ കയറി കൊല്ലാനായിരുന്നു പദ്ധതിയിട്ടത്. അന്ന് ഭർത്താവ് ബസിൽ കയറിയാണ് ദിവസവും ആലപ്പുഴ മെഡിക്കൽ കോളജിൽ പോയിരുന്നത്. തിരിച്ചും ബസിൽ തന്നെയായിരുന്നു യാത്ര. ബസിൽ കയറി ആളെ അന്വേഷിച്ചപ്പോഴാണ് ശ്രീലേഖ എന്ന എസ്.പിയുടെ ഭർത്താവിന് എന്തോ ബി.ജെ.പി ബന്ധമുണ്ടെന്ന് അവർക്ക് മനസിലായത്. കൂടുതൽ അന്വേഷിച്ചപ്പോൾ ഭർത്താവിന്റെ വീട്ടുകാർ പലരും ബി.ജെ.പി അംഗങ്ങളാണെന്നും അദ്ദേഹവും ബി.ജെ.പി അനുഭാവിയാണെന്നും മനസിലാക്കി. ക്വട്ടേഷൻ വിവരം അവർ തന്നെയാണ് എന്നോട് പറഞ്ഞത്. ക്വട്ടേഷൻ ഉണ്ടായിരുന്നു, സൂക്ഷിച്ചു പോകണമെന്ന് സാറിനോട് പറയണമെന്നാണ് പറഞ്ഞത്. ഞങ്ങൾക്ക് ചെയ്യാൻ പറ്റില്ലെന്ന് മനസ്സിലായാൽ വേറെ ആർക്കെങ്കിലും അവർ ക്വട്ടേഷൻ കൈമാറുമെന്നും അവർ പറഞ്ഞിരുന്നു.''-എന്നായിരുന്നു ശ്രീലേഖയുടെ മറുപടി.
1997ലെ വ്യാജചാരായ വേട്ടക്ക് പിന്നാലെയായിരുന്നു നടപടി.പൊലീസ് അടക്കമുള്ള നിരവധി ഉദ്യോഗസ്ഥര്‍ അതിന്‍റെ പിറകിലുള്ള മദ്യരാജാവില്‍ നിന്നും മാസപ്പടി കൈപ്പറ്റുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ താന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തന്‍റെ കീഴിലുള്ള 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ശിപാര്‍ശ ചെയ്തിരുന്നു. പിന്നാലെ സര്‍വീസ് റിവോള്‍വറുമായി വന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചുട്ടുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രീലേഖ പറയുകയുണ്ടായി.
തന്‍റെ വീട്ടില്‍ കെട്ടുകണക്കിന് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് പരാതി കിട്ടിയെന്ന് ഒരിക്കല്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് പറഞ്ഞെന്നും ശ്രീലേഖ പറയുകയുണ്ടായി. വീട് റെയ്ഡ് ചെയ്യണമെന്നാണ് പരാതി ലഭിച്ചത്. സൂക്ഷിക്കമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെയും കുടുക്കാന്‍ ശ്രമമോ എന്ന് പേടിച്ചിരുന്നു. എന്‍ഫോഴ്സ്മെന്‍റില്‍ ഒരുകാര്യത്തിന് വിളിച്ചപ്പോള്‍ മാഡത്തിന്‍റെ വീട്ടില്‍ സ്വര്‍ണക്കട്ടികള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന പരാതി കിട്ടിയെന്നു പറഞ്ഞു. വളരെയധികം പേടിച്ച് ലോഡഡ് റിവോള്‍വര്‍ കൈയില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നതെന്നും ശ്രീലേഖ വെളിപ്പെടുത്തുകയുണ്ടായി.
കഴിഞ്ഞ ദിവസമാണ് ശ്രീലേഖ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പാർട്ടിയുടെ ആദർശങ്ങളിൽ വിശ്വാസമുള്ളതു കൊണ്ടാണ് കൂടെ കൂടിയതെന്നാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനു ശേഷം ശ്രീലേഖ പറഞ്ഞത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വീട്ടിലെത്തിയാണ് ശ്രീലേഖക്ക് അംഗത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.