Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേവിഷബാധ: മരിച്ച 21ൽ...

പേവിഷബാധ: മരിച്ച 21ൽ 15 പേരും കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ തേടുകയും ചെയ്യാത്തവരെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

text_fields
bookmark_border
പേവിഷബാധ: മരിച്ച 21ൽ 15 പേരും കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ തേടുകയും ചെയ്യാത്തവരെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
cancel

തിരുവനന്തപുരം: കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി മന്ത്രി വീണ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി. 2022 ജനുവരി മുതല്‍ സെപ്തംബര്‍ വരെ പേവിഷബാധ മൂലമുണ്ടായ 21 മരണങ്ങളെക്കുറിച്ചാണ് സമിതി വിശദമായ പഠനം നടത്തിയത്.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. മൃഗങ്ങളുടെ കടിയേല്‍ക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍, പ്രതിരോധ കുത്തിവെപ്പിന്റെ വിശദാംശങ്ങള്‍, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, ചികിത്സാ രേഖകള്‍, സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ എന്നിവ പഠിച്ച സമിതി, പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും മരണപ്പെട്ടവരുടെ വീടുകൾ സന്ദര്‍ശിച്ച് ബന്ധുക്കളിൽനിന്ന് വിവരങ്ങളും ശേഖരിച്ചു.

മരിച്ച 21 പേരില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ തേടാതിരിക്കുകയും ചെയ്തവരാണ്. ആറ് പേർക്ക് വാക്‌സിന്‍, ഇമ്യൂണോ ഗ്ലോബുലിന്‍ എന്നീ പ്രതിരോധ കുത്തിവെപ്പുകൾ നല്‍കിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കണ്‍പോളകള്‍, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളില്‍ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി മൂന്ന് മുറിവേറ്റവരാണ്. അതിനാല്‍ കടിയേറ്റപ്പോള്‍ തന്നെ റാബീസ് വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

വാക്‌സിന്‍, ഇമ്യൂണോഗ്ലോബുലിന്‍ എന്നിവ കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്‌സിന്‍ എടുത്ത വ്യക്തികളില്‍ പ്രതിരോധ ശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതില്‍ ഉണ്ടെന്ന് ബംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു ചെയര്‍മാനായ കമ്മിറ്റിയില്‍ ഡബ്ല്യു.എച്ച്.ഒ കൊളാബറേറ്റീവ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആൻഡ് റിസര്‍ച്ച് ഫോര്‍ റാബീസ്, നിംഹാന്‍സ്, പ്രഫ. ഡോ. റീത്ത എസ്. മണി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്വപ്ന സൂസന്‍ എബ്രഹാം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ഡോ. എസ്. ഹരികുമാര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി.എം ജയന്‍ എന്നിവരാണ് അംഗങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena GeorgeRabiesExpert committee report
News Summary - Rabies: Expert committee hands over final report to minister Veena George
Next Story