പേവിഷബാധ: സർക്കാർ വാക്സിൻ നയം പുനരാലോചിക്കണം
text_fieldsഅടുത്ത ദിവസങ്ങളിലായി തെരുവുപട്ടികളുടെ ആക്രമണം, പേവിഷബാധമൂലമുള്ള മരണം തുടങ്ങിയ വാർത്തകൾകൊണ്ട് നിറയുകയാണ് നമ്മുടെ മാധ്യമങ്ങൾ. തെരുവുപട്ടി ശല്യം നിയന്ത്രിക്കുന്നതിലെ പരാജയവും വാക്സിൻ എടുത്തിട്ടും കടിയേറ്റവർ പേവിഷബാധമൂലം മരിക്കുന്നതുമെല്ലാം ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ, പലരും ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയവശങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല.
പേപ്പട്ടിയുടെ കടി, മാന്തൽ എന്നിവമൂലം മനുഷ്യശരീരത്തിലുണ്ടാവുന്ന മുറിവുകളിലൂടെ പകരുന്ന റാബീസ് വൈറസ് സൃഷ്ടിക്കുന്ന രോഗത്തിന് മറ്റു പ്രതിരോധ കുത്തിവെപ്പുകൾപോലെ മൂൻകൂറായി എടുക്കാവുന്ന വാക്സിൻ ലഭ്യമാണെന്ന കാര്യം പൊതുജനങ്ങളിൽ ഭൂരിപക്ഷത്തിനും അറിഞ്ഞുകൂടാ.
സർക്കാർ തുടരുന്ന വാക്സിൻ നയവും ഇതിന് പ്രധാനകാരണമാണ്. ഓരോ വർഷവും 31,000ത്തിലധികം മനുഷ്യർ പേയിളകി മരണമടയുന്ന നമ്മുടെ രാജ്യത്ത് കുട്ടികൾക്കും ഗർഭിണികൾക്കും നൽകുന്ന പ്രതിരോധ കുത്തിവെപ്പുകളുടെ പട്ടികയിൽ റാബീസ് വാക്സിനുകൾ ഉൾപ്പെടുത്തിയിട്ടില്ല.
പല പാശ്ചാത്യ രാജ്യങ്ങളും അവരുടെ വാക്സിൻ പട്ടികയിൽ റാബീസ് വാക്സിൻ ഉൾപ്പെടുത്താത്തത് അവിടങ്ങളിൽ പേവിഷബാധ ഭീഷണിയല്ലാത്തതുകൊണ്ടാണ്. 20 വർഷത്തിലേറെയായി, പോളിയോ രോഗം ഉണ്ടാക്കുന്ന വൈറസ് കേരളത്തിൽനിന്ന് പൂർണമായി അപ്രത്യക്ഷമായിട്ട്. എന്നാൽപോലും ഇപ്പോഴും ഈ രോഗാണുവിനെതിരെയുള്ള വാക്സിൻ കേരളത്തിലെ ഓരോ കുട്ടിക്കും പത്തോളം തവണ നൽകിവരുന്നുണ്ട്. വികസിത രാജ്യങ്ങളെ അനുകരിച്ച് പോളിയോ നിർമാർജനയജ്ഞം തുടരുമ്പോൾതന്നെ തെരുവുപട്ടികൾ, പൂച്ചകൾ, വളർത്തുമൃഗങ്ങൾ, കാട്ടുമൃഗങ്ങൾ തുടങ്ങിയവയുടെ കടിയേറ്റ് ലക്ഷക്കണക്കിനു പേർ ചികിത്സ തേടുന്ന നമ്മുടെ രാജ്യത്ത് മുൻകൂട്ടിതന്നെ ഈ വാക്സിൻ നൽകുന്നതാണ് ഇന്ന് നേരിടുന്ന പേവിഷബാധ മരണങ്ങളെ നേരിടാനുള്ള ഫലപ്രദമായ മാർഗം.
പിഞ്ചുകുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സുരക്ഷിതമാണെന്ന് വിദഗ്ധ വാക്സിൻ ഗുണനിലവാര ഏജൻസികളും ലോകാരോഗ്യ സംഘടനയും സാക്ഷ്യപ്പെടുത്തിയ റാബീസ് വാക്സിൻ ഒരാഴ്ച ഇടവിട്ട് രണ്ട് ഡോസുകൾ നൽകിയാൽ പേവിഷബാധയിൽനിന്നുള്ള പ്രതിരോധ ശേഷി കൈവരുന്നതാണ്. നിർഭാഗ്യവശാൽ പേപ്പട്ടി കടിച്ചവരെ ചികിത്സിക്കാൻ മാത്രമാണ് ഈ പ്രതിരോധ മരുന്ന് ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്നത്. അതേസമയം, മൃഗചികിത്സ രംഗത്ത് ജോലി ചെയ്യുന്ന എല്ലാവരും ഈ വാക്സിൻ എടുക്കുകയും ചെയ്യുന്നുണ്ട്. താരതമ്യേന കുറഞ്ഞ വിലയിൽതന്നെ (ഏകദേശം 300 രൂപ) വിവിധ റാബീസ് വാക്സിനുകൾ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്.
പേവിഷബാധക്കെതിരായ കുത്തിവെപ്പുകൾ എടുത്തശേഷവും സംഭവിക്കുന്ന മരണങ്ങൾ പൊതുസമൂഹത്തിൽ റാബീസ് വാക്സിനെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നതും സ്വാഭാവികമാണ്.
ഇതിനു പിറകിലുള്ള കാരണങ്ങൾ വാക്സിനുകളുടെ പരാജയമല്ല, മറിച്ച് പേപ്പട്ടിയുടെ കടിയേറ്റ വ്യക്തിക്ക് ലഭിക്കുന്ന ചികിത്സകളിലെ കാലതാമസമടക്കമുള്ള പഴുതുകളാണ്. കടിയേറ്റവർക്ക് പരിചരണം നൽകുന്നതിലെ കാലതാമസം, കടിയേറ്റ ഭാഗത്തെ മുറിവുകൾ കൈകാര്യം ചെയ്യുന്നതിലെ പിഴവ്, പരിചരണം ലഭിക്കാതെപോകുന്ന ശ്രദ്ധിക്കപ്പെടാത്ത മുറിവുകൾ, വ്യക്തിയുടെ ഞരമ്പുകളിൽ നേരിട്ട് കടിയേൽക്കുന്നതുമൂലം വൈറസ് പ്രതിരോധ കുത്തിവെപ്പ് ലഭിക്കുന്നതിനും മുമ്പുതന്നെ വേഗത്തിൽ മസ്തിഷ്കമടക്കമുള്ള ഭാഗങ്ങളെ ബാധിക്കുന്നത്, ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന സമയത്തും കാലയളവിലും തുടർ കുത്തിവെപ്പുകൾ എടുക്കുന്നതിലെ വീഴ്ച തുടങ്ങിയവ രോഗിയെ പേവിഷമേൽക്കാൻ ഇടയാക്കും.
ഇവിടെ സംഭവിക്കുന്നത് മുറിവിലൂടെ ശരീരത്തിലെത്തുന്ന റാബീസ് വൈറസുകൾ മുറിപ്പാടുകൾക്കരികെയുള്ള കോശങ്ങളിലെത്തി വിഘടിച്ച് പെരുകുന്നു. തുടർന്ന് ഞരമ്പുകളിലൂടെ (Nerves) സഞ്ചരിച്ചാണ് തലച്ചോറിലെത്തുന്നത്. ഇങ്ങനെ തലച്ചോറിലെത്തിയശേഷമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഞരമ്പുകളിലൂടെ റാബീസ് വൈറസിന് തലച്ചോറിലെത്താൻ വേണ്ട സമയമാണ് പേപ്പട്ടി ആക്രമണത്തിനും രോഗലക്ഷണത്തിനുമിടയിൽ കാണപ്പെടുന്ന ആഴ്ചകളുടെയോ ചിലപ്പോൾ മാസങ്ങളുടെയോ ഇടവേള (Incubation period). അതേസമയം, പേപ്പട്ടി ആക്രമണത്തിന് വിധേയരാകുന്ന കുട്ടികളുടെയും മറ്റും തലയിലും മുഖത്തും കടിയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ റാബീസ് വൈറസുകൾക്ക് തലച്ചോറിലെത്താൻ വളരെ കുറച്ച് സമയം മതിയാവും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലുണ്ടാവുന്ന കുറഞ്ഞ 'ഇൻകുബേഷൻ' കാലയളവാണ് കൃത്യസമയത്ത് ചികിത്സിച്ചിട്ടും അഥവാ കടിയേറ്റു കഴിഞ്ഞ ശേഷം വാക്സിൻ നൽകിയിട്ടും മരണം സംഭവിക്കുന്നതിൽ ഒരു പ്രധാന കാരണം.
കടിയേറ്റ ശേഷം കുത്തിവെപ്പെടുത്തവർക്ക് ലഭിക്കുന്ന രോഗപ്രതിരോധ ശേഷിയിലൂടെ ശരീരത്തിൽ സംഭവിക്കുന്ന ആന്റി ബോഡീസ് ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങാൻ ചുരുങ്ങിയത് ഏഴു മുതൽ 14 ദിവസങ്ങളെടുക്കും. ഈ കാലയളവിനുള്ള വൈറസ് മസ്തിഷ്കത്തെ ബാധിച്ചാൽ രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യത വിരളമാണ്.
മാരകമായിത്തീരാവുന്ന മറ്റേതൊരു രോഗാവസ്ഥയെപ്പോലെതന്നെ ഇവിടെയും പ്രതിരോധമാണ് ചികിത്സയേക്കാൾ ഫലപ്രദം. അതുകൊണ്ടുതന്നെ നിലവിലുള്ള വാക്സിൻ നയം സർക്കാർ പുനരാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(കോഴിക്കോട്ടെ ശിശുരോഗ വിദഗ്ധനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.