പേവിഷബാധ: പ്രതിരോധം പ്രഖ്യാപനത്തിൽ, നടപടികൾക്ക് മെല്ലെപ്പോക്ക്
text_fieldsതിരുവനന്തപുരം: പേവിഷബാധമൂലമുള്ള മരണങ്ങൾ കൂടുമ്പോഴും അലംഭാവം തുടർന്ന് ആരോഗ്യ- തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകൾ. ചികിത്സയും പ്രതിരോധവും ഊർജിതമാക്കുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികൾക്ക് ഒച്ചിഴയും വേഗമാണ്.
വാക്സിന്‍റെ ഗുണനിലവാരം അന്വേഷിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് തീരുമാനമെടുത്തിട്ടില്ല. മരണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധസമിതി ഇനിയുമായിട്ടില്ല. കഴിഞ്ഞ 26നാണ് ആരോഗ്യമന്ത്രി വിദഗ്ധസമിതിയെ വെച്ചുള്ള അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ടെന്നായിരുന്നു നിർദേശം.
തെരുവുനായ് ആക്രമണവും പേവിഷബാധയും വര്‍ധിക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ മൃഗസംരക്ഷണ വകുപ്പിന്‍റെ സഹായത്തോടെ നായ്ക്കളെ വന്ധ്യംകരിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും നടപടികൾ തുടങ്ങിയില്ല.
അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നടപ്പാക്കാൻ ആവശ്യത്തിന് അംഗീകൃത സംഘടനകളില്ലാത്തതിനാൽ മൃഗസംരക്ഷണ വകുപ്പിന്‍റെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങൾ വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ സംയുക്ത ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ആശുപത്രികളുടെ സൗകര്യം ഉപയോഗിക്കാൻ ധാരണയായെങ്കിലും പലയിടത്തും അവസ്ഥ പരിതാപകരമാണ്. ഇതിനായി വെറ്ററിനറി ഡോക്ടര്‍മാര്‍, മൃഗപരിപാലകര്‍, നായ് പിടിത്തക്കാര്‍ തുടങ്ങിയവരെ കരാടിസ്ഥാനത്തിൽ നിയമിക്കണം. അതിനുള്ള നടപടികളും തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.