പേവിഷ വാക്സിൻ: സൗജന്യം പരിമിതപ്പെടുത്തുന്നു; ഗുരുതര പരിക്കേറ്റവർക്ക് 35,000 രൂപ വരെ ചെലവ് വന്നേക്കും
text_fieldsതിരുവനന്തപുരം: പേവിഷ ബാധക്കെതിരായ വാക്സിന്‍ സൗജന്യമായി നൽകുന്നത് അവസാനിപ്പിക്കാൻ സർക്കാർ ആലോചന. ബി.പി.എൽ വിഭാഗത്തിന് മാത്രമായി സൗജന്യം പരിമിതപ്പെടുത്തണമെന്നും മറ്റ് വിഭാഗങ്ങളിൽനിന്ന് പണമീടാക്കണമെന്നുമുള്ള നിർദേശങ്ങളടങ്ങിയ വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാറിന്‍റെ സജീവ പരിഗണനയിൽ. ഇക്കാര്യം ആരോഗ്യമന്ത്രി വീണ ജോർജ് ബുധനാഴ്ച സ്ഥിരീകരിച്ചു.
തെരുവുനായും വളര്‍ത്തുമൃഗങ്ങളും കടിച്ചാൽ നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ വിഭാഗത്തിനും ചികിത്സ സൗജന്യമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പേവിഷ വാക്സിന്‍റെ ഉപയോഗം കേരളത്തിൽ കൂടുതലാണ്. വാക്സിൻ ക്ഷാമം പലപ്പോഴും രൂക്ഷവുമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിൻ ഉപയോഗം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ടിലാണ് വാക്സിൻ സൗജന്യം പരിമിതപ്പെടുത്തണമെന്ന നിർദേശമുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷബാധക്ക് ചികിത്സ തേടിയെത്തുന്നവരിൽ 60 ശതമാനവും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരാണ്. ഇവരില്‍ ഏറെ പേരുമെത്തുന്നത് വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാണെന്നും സർക്കാർ ആശുപത്രികളിൽ നടത്തിയ പഠനം മുൻനിർത്തി സമിതി ചൂണ്ടിക്കാട്ടുന്നു.
ഒരു വയലിന് 300 മുതല്‍ 350 രൂപ വരെ പൊതുവിപണിയില്‍ വില നല്‍കിയാണ് ആന്റി റാബീസ് വാക്സിൻ മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ വാങ്ങുന്നത്. തെരുവുനായ് കടിച്ച് ഗുരുതര സ്ഥിതിയിലുള്ളവര്‍ക്ക് മനുഷ്യശരീരത്തില്‍നിന്ന് തയാറാക്കിയ റെഡിമെയ്ഡ് ആന്റിബോഡിയാണ് നല്‍കുന്നത്. 20,000 മുതല്‍ 35,000 രൂപ വരെയാണ് സര്‍ക്കാര്‍ ഇതിനായി ചെലവാക്കുന്നത്. അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി തന്നെ വാക്സിന്‍ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്.
ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞത്:
‘‘ധാരാളമായി വാക്സിനും ഇമ്യൂണോ ഗ്ലോബുലിനും സർക്കാർ വാങ്ങുന്ന സാഹചര്യം നിലവിലുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും വാക്സിന്‍റെയും ഇമ്യൂണോ ഗ്ലോബുലിന്‍റെയും ഉപയോഗം കേരളത്തിൽ വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ ഡേറ്റ പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. സർക്കാറിന്‍റെ മുന്നിലുള്ള റിപ്പോർട്ടിൽ ഇങ്ങനെയൊരു (സൗജന്യം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രം) നിർദേശമുണ്ട്. ഇക്കാര്യം പരിശോധിക്കുകയാണ്.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.