വംശീയാക്രമണങ്ങൾ സ്പോൺസർ ചെയ്യുന്നത് ബി.ജെ.പി ഭരണകൂടം -ഹമീദ് വാണിയമ്പലം
text_fieldsദലിത് - ആദിവാസികൾക്കെതിരെ രാജ്യമാകെ നടക്കുന്ന വംശിയാക്രമണങ്ങൾ സ്പോൺസർ ചെയ്യുന്നത് ബി.ജെ.പി ഭരണകൂടമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ദലിത്-ആദിവാസി വിരുദ്ധ വംശിയതക്കെതിരെ വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധു കേസ് അട്ടിമറിക്കപ്പെടുകയും രാജസ്ഥാനിൽ ദലിത് വിദ്യാർത്ഥി ദാഹജലം തൊട്ടതിന്റെ പേരിൽ അധ്യാപകനാൽ കൊല ചെയ്യപ്പെട്ടതുമെല്ലാം നിലനിൽക്കുന്ന ജാതി ബോധത്തിന്റെ തുടർച്ചയാണ്. മോദി ഭരണകൂടം അധികാരമേറ്റതോടെ സവർണാധിപത്യത്തിന്റെ ഔദ്യോഗികമായ തിരിച്ചുവരവാണ് ഉണ്ടായത്. ഹഥ്റസ് സംഭവം, ഉനയിലെ ദലിത് വിഭാഗങ്ങൾക്ക് നേരേ നടന്ന ആക്രമണം, രോഹിത് വെമുലയുടെ രക്ത സാക്ഷ്യം അടക്കമുള്ള നൂറ് കണക്കിന് സംഭവങ്ങളാണ് കഴിഞ്ഞ എട്ട് വർഷം രാജ്യത്ത് നടന്നത്.
ബി.ജെ.പിക്ക് രാഷ്ട്രീയാധികാരം ഇല്ലെങ്കിലും കേരളത്തിലും സവർണ വംശീയതയെയാണ് ഭരണകൂടം താലോലിക്കുന്നത്. വാളയാർ കേസ്, മധു കേസ് എന്നിവ അട്ടിമറിക്കപ്പെട്ടതും വടയമ്പാടി ജാതി മതിലുമടക്കമുള്ള സംഭവങ്ങൾ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ പിന്നോട്ട് നയിക്കുന്നതാണ്. ദലിതരും പിന്നാക്ക മത ന്യൂനപക്ഷങ്ങളും അണിനിരക്കുന്ന ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുക മാത്രമാണ് വംശീയതയെ ചെറുക്കാനുള്ള ശരിയായ വഴിയെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ഡി.സി.ഐ.എഫ് ചെയർമാൻ രാജ്മോഹൻ തമ്പുരാൻ, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, അനീഷ് പാറമ്പുഴ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.എം അൻസാരി സ്വാഗതവും അഡ്വ. അനിൽകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.