വംശീയത, അസഭ്യം: പാനൂർ നഗരസഭ സെക്രട്ടറിക്കെതിരെ ജനരോഷം
text_fieldsകണ്ണൂർ: വംശീയാധിക്ഷേപവും അസഭ്യവർഷവും നടത്തിയ പാനൂർ നഗരസഭ സെക്രട്ടറിക്കെതിരെ ജനരോഷം. ഭരണപക്ഷമായ യു.ഡി.എഫിനുപിന്നാലെ പ്രതിപക്ഷമായ ഇടതുപക്ഷവും സെക്രട്ടറിക്കെതിരെ രംഗത്തുവന്നു. പരമത വിദ്വേഷ പ്രചാരണം നടത്തുന്ന സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രത്യേക കൗൺസിൽ ചേരും.
നഗരസഭ സെക്രട്ടറിയും ഉദ്യോഗസ്ഥനും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് വംശീയതയും അസഭ്യവർഷവുമുള്ളത്. എൻ.ഡി.എഫാണ് സെക്രട്ടേറിയറ്റ് ഭരിക്കുന്നതെന്ന് പറയുന്ന സെക്രട്ടറി, പാനൂർ നഗരസഭയിൽ ഇസ്ലാമിക് ബ്രദർഹുഡാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നു.
പ്രദേശത്തെ മാപ്പിളമാർ എനിക്ക് വട്ടപ്പൂജ്യമാണ്, എൻ.ഡി.എഫിനുവേണ്ടിയാണ് ചിലരെ സ്ഥലംമാറ്റിയത്, ചെയർമാനേക്കാൾ നല്ല ഇന്ത്യൻ പൗരനാണ് ഞാൻ, കളിച്ചാൽ യു.പിയിലെ ജയിലിലടക്കും, ഇസ്ലാമിക രാജ്യം മനസ്സിൽ പ്രേമിച്ചു നടക്കുന്നവനാണ് ചെയർമാനും ചില കൗൺസിലർമാരും തുടങ്ങി കേട്ടാലറക്കുന്ന വംശീയാധിക്ഷേപമാണ് മിനിറ്റുകൾ നീളുന്ന ശബ്ദരേഖയിലുള്ളത്.
മാപ്പിളമാരുടെ കാര്യത്തിനു മാത്രമുണ്ടാക്കിയതാണ് ലീഗെന്നും ‘തങ്ങൾ’ എന്നു പറഞ്ഞാൽ മതംമാറിയ ടീമാണെന്നും പരിഹസിക്കുന്നു. സ്ഥലംമാറിപ്പോയ എൽ.ഡി ക്ലർക്കിനോടാണ് സെക്രട്ടറിയുടെ സംഭാഷണം. ശബ്ദരേഖ പുറത്തുവന്നതോടെ മുസ്ലിം ലീഗും യു.ഡി.എഫും സമരവുമായി രംഗത്തെത്തി.
നഗരസഭ ഭരണസമിതിയും സെക്രട്ടറിയും ഏറെനാളായി അസ്വാരസ്യത്തിലാണ്. കണ്ടിൻജൻസി ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടറുമായുള്ള അഭിപ്രായ ഭിന്നതയാണ് ഒടുവിലത്തേത്. ഇതിലുള്ള സെക്രട്ടറിയുടെ പ്രതിഷേധമാണ് സംഭാഷണം മുഴുവൻ.
യു.ഡി.എഫാണ് പാനൂർ നഗരസഭ ഭരിക്കുന്നത്. 40 അംഗ കൗൺസിലിൽ മുസ്ലിം ലീഗ് 17, കോൺഗ്രസ് 6, എൽ.ഡി.എഫ് 14, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതായും നഗരസഭ തനത് ഫണ്ടിൽനിന്ന് ആദായ നികുതിയടച്ചതിന് ഇദ്ദേഹത്തിനെതിരെ നേരത്തേ പരാതി നൽകിയിട്ടുണ്ടെന്നും നഗസഭ ചെയർമാൻ വി. നാസർ ‘മാധ്യമ’ത്തോട് പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന പ്രത്യേക കൗൺസിലിൽ സെക്രട്ടറിക്കെതിരെ പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.