ജീവിതസായാഹ്നം തനിച്ചാവരുത്, രാധാകൃഷ്ണ കുറുപ്പ് മല്ലിക കുമാരിക്ക് താലികെട്ടി; നിറഞ്ഞ മനസ്സോടെ സാക്ഷിയായി മക്കളും മരുമക്കളും
text_fieldsതിരുവല്ല: വാർധക്യത്തിൽ അച്ഛന് തണലൊരുക്കാൻ മക്കൾ ഒരുക്കി കല്യാണം. കുറ്റൂർ പൊട്ടൻമല രഞ്ചു ഭവനിൽ 62കാരനായ രാധാകൃഷ്ണ കുറുപ്പിനാണ് മക്കളും മരുമക്കളും ചേർന്ന് കല്യാണം ഒരുക്കിയത്. അടൂർ എനാദിമംഗലം സ്വദേശിയായ 60കാരി മല്ലിക കുമാരിയാണ് രാധാകൃഷ്ണക്കുറുപ്പിന് വധുവായത്. മക്കളുടെയും മരുമക്കളുടെയും അടുത്ത ബന്ധുക്കളുടെയും ആശീർവാദത്തോടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.05ന് കാവുംഭാഗം തിരു ഏറെങ്കാവ് ഭഗവതി ക്ഷേത്രത്തിൽ വച്ച് രാധാകൃഷ്ണക്കുറുപ്പ് മല്ലികയ്ക്ക് താലി ചാർത്തി.
മൂന്ന് പതിറ്റാണ്ട് കാലമായി ഏറങ്കാവ് ക്ഷേത്രത്തിന് സമീപം സർബത്തും സുഗന്ധ മുറുക്കാനും സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന കട നടത്തുകയാണ് രാധാകൃഷ്ണക്കുറുപ്പ്. ഹൃദയാഘാതത്തെ തുടർന്ന് ഒന്നര വർഷം മുമ്പാണ് ഭാര്യ മരിച്ചത്. മല്ലിക കുമാരിയുടെ ഭർത്താവ് അഞ്ചുവർഷം മുമ്പ് മരിച്ചിരുന്നു. ഇവർക്ക് മക്കൾ ഇല്ല. അതിനാൽ മല്ലിക വീട്ടിൽ തനിച്ചായിരുന്നു താമസം. രശ്മി, രഞ്ജു, എന്നീ പെൺമക്കളും രഞ്ജിത്ത് എന്ന മകനുമാണ് രാധാകൃഷ്ണക്കുറുപ്പിനുള്ളത്. പെണ്മക്കൾ രണ്ടുപേരും വിവാഹിതരായി കുടുംബിനികളായി കഴിയുകയാണ്. മകൻ രഞ്ജിത്ത് ഏതാനും മാസങ്ങളായി പഠനാവശ്യത്തിനായി കൊല്ലത്ത് ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്.
പഠനാവശ്യത്തിനായി മകൻ കൂടി വീട്ടിൽ നിന്ന് പോയതോടെ രാധാകൃഷ്ണക്കുറുപ്പിന്‍റെ ജീവിതം തീർത്തും ഒറ്റപ്പെട്ടതായി. ഭർത്താവുമൊത്ത് വിദേശത്തുള്ള ഇളയ മകൾ രഞ്ജു രണ്ടുമാസം മുമ്പ് നാട്ടിലെത്തിയിരുന്നു. അപ്പോഴാണ് വാർധക്യ സഹജമായ അസുഖങ്ങൾ ആരംഭിച്ച പിതാവിന്‍റെ ഒറ്റപ്പെട്ട ജീവിതത്തിലെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയത്. അങ്ങനെയാണ് ജീവിതസാഹായഹ്നത്തിൽ അച്ഛനൊരു കൂട്ട് വേണമെന്ന ചിന്തയിലേക്ക് മക്കൾ എത്തിയത്.
അച്ഛന്‍റെയും സഹോദരങ്ങളുടെയും സമ്മതത്തോടെ മക്കൾ വിവാഹാലോചന ആരംഭിച്ചു. അങ്ങനെ മാട്രിമോണി വഴി മല്ലിക കുമാരിയുടെ നമ്പർ ലഭിക്കുകയായിരുന്നു. പുനർവിവാഹ കാര്യത്തിൽ മല്ലികയുടെ ബന്ധുക്കളും പൂർണ്ണസമ്മതം അറിയിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. തുടർന്നായിരുന്നു അടുത്ത ബന്ധുക്കളായ അമ്പതോളം പേരെ സാക്ഷിനിർത്തി രാധാകൃഷ്ണക്കുറുപ്പ് മല്ലികയുടെ കഴുത്തിൽ താലി ചാർത്തിയത്. വാർധക്യത്തിൽ പരസ്പരം തുണയാകാൻ കഴിയും എന്ന വിശ്വാസത്തിലാണ് നവ ദമ്പതികൾ. ഒറ്റപ്പെടലിന്‍റെ പ്രയാസങ്ങൾ മറന്ന് ഇരുവരും പുതിയൊരു ജീവിതം തുടങ്ങുമല്ലോയെന്ന ആശ്വാസത്തിലും സന്തോഷത്തിലുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.