റേഡിയോ ജോക്കി വധക്കേസ്: മുഖ്യസാക്ഷി കുട്ടൻ കൂറുമാറി
text_fieldsതിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ മുഖ്യസാക്ഷി കൂറുമാറി. കൊലപാതക വേളയിൽ രാജേഷിനൊപ്പം സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന കുട്ടനാണ് വീണ്ടും സാക്ഷിവിസ്താരത്തിനെത്തിയപ്പോൾ കൂറുമാറിയത്. കൊല്ലാനായി എത്തിയ പ്രതികൾ മുഖംമൂടി ധരിച്ചിരുന്നെന്നും ഇതുകാരണം ആരെയും തിരിച്ചറിയാൻ കഴിയില്ലെന്നും ഒന്നാം സാക്ഷിയായ ഇയാൾ കോടതിയെ അറിയിച്ചു.
ആദ്യഘട്ട വിചാരണയിൽ പ്രതികൾക്കെതിരെ കുട്ടൻ മൊഴി നൽകിയിരുന്നു. ചില നിർണായക വിവരങ്ങൾകൂടി ലഭിക്കാനാണ് പ്രോസിക്യൂഷൻ ആവശ്യപ്രകാരം കുട്ടനെത്തിയത്. എന്നാൽ, ഇയാൾ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത് അന്വേഷണസംഘത്തെയും കോടതിയെയും ഞെട്ടിച്ചു.
രണ്ടും മൂന്നും നാലും പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി, തൻസീർ എന്നിവർ ചേർന്ന് രാജേഷിനെ വെട്ടിക്കൊല്ലുന്നത് താൻ കണ്ടെന്നായിരുന്നു ആദ്യ വിചാരണവേളയിൽ കുട്ടൻ കോടതിയിൽ പറഞ്ഞിരുന്നത്. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം അന്ന് കുട്ടൻ തിരിച്ചറിഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ മൊഴിമാറ്റി പറയുന്നതെന്ന കോടതിയുടെ ചോദ്യത്തോട് അന്ന് തന്നെക്കൊണ്ട് പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും ഇന്ന് താൻ സഹോദരനൊപ്പമെത്തിയതിനാൽ ഭയമില്ലാതെയാണ് കോടതിയിൽ സത്യം പറയുന്നതെന്നും കുട്ടൻ മറുപടി പറഞ്ഞു.
12 പ്രതികളുള്ള കേസിൽ 11 പേരാണ് വിചാരണ നേരിടുന്നത്. ഒന്നാം പ്രതി മുഹമ്മദ് സത്താർ ഒളിവിലാണ്. രണ്ടുമുതൽ നാലുവരെ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2018 മാർച്ച് 27ന് പുലർച്ച രണ്ടുമണിയോടെ മടവൂർ ജങ്ഷനിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിലാണ് രാജേഷിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്‍റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.