ഞാന്‍ ആർ.ജെ ശ്രീപാര്‍വതി; വെല്‍ക്കം ടു കണ്ണശ റേഡിയോ
text_fieldsനേമം: ഉച്ചഭാഷിണിയില്‍നിന്ന് ആര്.ജെ ശ്രീപാര്‍വതിയുടെ മധുരശബ്ദം... ‘വെല്‍ക്കം ടു കണ്ണശ റേഡിയോ...!’ ഈ ഉച്ചത്തിലുള്ള റേഡിയോ പ്രക്ഷേപണം എവിടെ നിന്ന് എന്നോര്‍ത്ത് ആരും ഞെട്ടരുത്. പേയാട് കണ്ണശ മിഷന് ഹൈസ്കൂളില്‍ വിദ്യാർഥികള്‍ നിയന്ത്രിക്കുന്ന റേഡിയോനിലയത്തില്‍ നിന്നുള്ള പതിവു പ്രക്ഷേപണമാണിത്.
ഉച്ചയൂണ് കഴിഞ്ഞ് ക്ലാസ്മുറികളില്‍ കുട്ടികള്‍ അലസമായിരിക്കുമ്പോഴാണ് പത്തോളം കുട്ടിത്താരങ്ങള്‍ വേറിട്ട പരിപാടികള്‍ റേഡിയോ നിലയത്തിലൂടെ ക്ലാസ് മുറികളില്‍ എത്തിക്കുന്നത്. ചൂടുള്ള വാര്‍ത്തകള്‍, പഞ്ചതന്ത്രം കഥകള്‍, ചിരിയും ചിന്തയും സമ്മാനിക്കുന്ന കുസൃതി ചോദ്യങ്ങള്‍, പിന്നെ അല്‍പ്പം സംഗീതം... നവാഗതര്‍ക്ക് ഇത് പുതിയ അനുഭവം. എന്നാല്‍ കണ്ണശയില്‍ ഏഴ് വര്‍ഷമായി തുടരുന്ന റേഡിയോ പരിപാടികളാണ് വെള്ളിയാഴ്ചയും നടന്നത്.
സ്കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ ഉച്ചക്ക് 12.15 മുതല്‍ 12.45 വരെയുള്ള വിശ്രമവേളയിലാണ് കുട്ടിസംഘംത്തിന്റെ തകര്‍പ്പന്‍ പ്രകടനം. കുട്ടികളിലെ പൊതുവിജ്ഞാനവും കലാഭിരുചിയും വികസിപ്പിക്കാന്‍ സ്കൂളിൽ 2017ല്‍ ആരംഭിച്ചതാണ് റേഡിയോ നിലയം. പരിപാടികളിലെ പുതുമയും അവതരണരീതിയും ഈ സ്കൂള്‍ റേഡിയോയെ വ്യത്യസ്തമാക്കുന്നു. ശ്രീപാര്വതിക്കൊപ്പം സഞ്ജന, മുഹമ്മദ് ഷാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാർഥികള്‍ ടീമുകളായി തിരിഞ്ഞ് മൈക്കുകള്‍ക്ക് മുന്നില്‍ നിന്നാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ശബ്ദക്രമീകരണ സംവിധാനം, വാദ്യതരംഗങ്ങള് എന്നിവയൊക്കെ നിലയത്തിലുണ്ട്. പുറത്തുനിന്നുള്ള ശബ്ദം നിലയത്തില്‍ കടന്നുവരാതിരിക്കാന്‍ പ്രത്യേക സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
സ്കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ, എച്ച്.എം അമൃത ജയദേവന്, അധ്യാപികമാരായ തുഷാര, വിദ്യ എന്നിവര്‍ പരിശീലനം നല്‍കിയാണ് വിദ്യാർഥികളെ റേഡിയോ ജോക്കികളാക്കിയത്. റേഡിയോ പരിപാടികള്‍ കുട്ടികളില്‍ പൊതുവിജ്ഞാനം ഉയര്‍ത്തിയെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.