റഫാല്‍ ഇടപാടിൽ ഒന്നാംപ്രതി പ്രധാനമന്ത്രി -ചെന്നിത്തല
text_fieldsതിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഒന്നാം പ്രതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദേശിച്ചത് ഇന്ത്യാ സര്‍ക്കാരാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഒാലൻഡ് തന്നെ വ്യക്തമാക്കിയതോടെ പ്രധാനമന്ത്രിയുടെ കള്ളക്കളിയാണ് പുറത്തു വന്നിരിക്കുന്നത്.
2015 ഏപ്രില്‍ 10ന് പ്രധാനമന്ത്രി പാരീസില്‍ വച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഒാലൻഡുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാര്‍ കാര്യം പ്രഖ്യാപിച്ചത്. റാഫല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ തെരഞ്ഞെടുത്തതെന്ന ബി.ജെ.പി സര്‍ക്കാറിന്‍റെ ഇതുവരെയുള്ള വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ചര്‍ച്ച നടത്തിയ ഫ്രാങ്സ്വ ഒാലൻഡ് തന്നെ സത്യം പുറത്തു വിടുമ്പാള്‍ അതിന് ആധികാരികത വര്‍ധിക്കുന്നു. വിമാന നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്ലിനെ തഴഞ്ഞിട്ടാണ് 12 ദിവസം മുന്‍പ് മാത്രം രൂപീകരിച്ച റിലയന്‍സ് കമ്പനിക്ക് ആയിരക്കണക്കിന് കോടികളുടെ കരാര്‍ നല്‍കിയത്. ഇതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
യു.പി.എ സര്‍ക്കാറിന്‍റെ കാലത്താണ് 126 റാഫേല്‍ പോര്‍ വിമാനങ്ങളും അവയുടെ സാങ്കേതികവിദ്യയും ഇന്ത്യക്ക് കൈമാറുന്ന തരത്തില്‍ കരാറിന് ശ്രമിച്ചത്. പൊതുമേഖലാ സ്ഥാപനമായ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ 108 എണ്ണം നിര്‍മിക്കുകയും ബാക്കി 18 എണ്ണം ഫ്രാന്‍സ് കൈമാറുകയും ചെയ്യണമെന്നായിരുന്നു പദ്ധതി. എന്നാല്‍, മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ 126 യുദ്ധവിമാനം എന്നുള്ളത് 36 ആയി വെട്ടിക്കുറക്കുകയും ഇത് മുഴുവന്‍ ഫ്രാന്‍സില്‍ നിര്‍മിക്കാന്‍ തിരുമാനിക്കുകയുമാണുണ്ടായത്.
യു.പി.എ കാലത്ത് 590 കോടി രൂപക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന വിമാനത്തിന്‍റെ വില 1690 കോടിയായി ഉയര്‍ന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. മാത്രമല്ല സാങ്കേതികവിദ്യ കൈമാറണ്ടെന്നും തിരുമാനിച്ചു. യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ സ്വയംപര്യാപ്തത നേടുക എന്ന യു.പി.എ സര്‍ക്കാറിന്‍റെ നയം അട്ടിമറിക്കുകയാണ് ഇതിലൂടെ ബി.ജെ.പി സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.