'ഹേ കേ' എഴുതിയപ്പോൾ കല്ലേറ്, സമ്മേളന ഗാനത്തിലൂടെ കൈയടി
text_fieldsകൊച്ചി: 'ഹേ കേ' എന്ന തലക്കെട്ടിൽ കവി റഫീക്ക് അഹമ്മദ് എഴുതിയ കവിത സി.പി.എം പ്രൊഫൈലുകളിൽനിന്ന് കല്ലേറ് ഏറെ ഏറ്റുവാങ്ങിയെങ്കിൽ ഇപ്പോൾ അതേ കവിയുടെ വരികൾതന്നെ ആഘോഷിക്കുകയാണ് സൈബറിടം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അദ്ദേഹം കുറിച്ച വരികളാണ് ഏറെ ശ്രദ്ധ നേടുന്നത്. 'ഈ നൂറ്റാണ്ടിൽ ജീവിക്കാം, ശാസ്ത്രയുഗത്തിൽ ജീവിക്കാം, മൂകയുഗങ്ങളിലൂടെ വളർന്നൊരു മാറാപ്പിവിടെയുപേക്ഷിക്കാം...മനുഷ്യരാകാം' എന്ന വരികളാണ് ഗാനരൂപത്തിൽ ഇറങ്ങിയത്.
'തണ്ണീർത്തടങ്ങളെ പിന്നിട്ട്, തെങ്ങിൻ നിരകളെപ്പിന്നിട്ട്, സഹ്യനെ കുത്തിമറിച്ചിട്ട്...' എന്നിങ്ങനെ കെ-റെയിലിനെ വിമർശിക്കുന്ന കവിത ഫേസ്ബുക്കിൽ കുറിച്ചിട്ട നാൾ മുതൽ റഫീക്ക് അഹമ്മദിന് രൂക്ഷവിമർശനം ലഭിച്ചിരുന്നു. ശകാരവർഷങ്ങളായി വിമർശനം ഉയർന്നപ്പോൾ 'തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരേ' എന്ന് കവി മറുപടിയും നൽകി. ആ കോലാഹലങ്ങൾക്ക് അറുതിയാകുകയാണ് സംസ്ഥാന സമ്മേളനത്തിൽ കവി കുറിച്ചിട്ട വരികളിലൂടെ. സെബി നായരമ്പലം സംഗീത സംവിധാനം നിർവഹിച്ച് കലാഭവൻ സാബുവാണ് ഗാനം ആലപിച്ചത്. 'എല്ലാവർക്കും ഒരേയവകാശം, അല്ലാതെന്തീ സ്വാതന്ത്ര്യം, കണ്ണിനു കണ്ണും പല്ലിനു പല്ലും എന്ന യുഗാന്ത മഹാമൗഢ്യം' എന്ന് റഫീഖ് അഹമ്മദ് വരികളിലൂടെ വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.