'എങ്ങോട്ടു പോകുന്നു ഹേ, ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ'; കെ റെയിലിനെതിരേ റഫീക്ക് അഹമ്മദിെൻറ കവിത -സൈബർ ആക്രമണം
text_fieldsകെ റെയിലിൽ പദ്ധതിക്കെതിരെ കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ ഇടത് അനുകൂലികളുടെ സൈബർ ആക്രമണം. 'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ' എന്നു തുടങ്ങുന്നതാണു കവിത. പിന്നാലെ 'സിൽവർ ലൈൻ പദ്ധതി പിന്തുണയ്ക്കുന്നവരുടെ സൈബർ ആക്രമണങ്ങളെ തെറിയാൽ തടുക്കുവാൻ കഴിയില്ല' എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. റഫീഖ് അഹമ്മദിനു പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.
കവിതുടെ പൂർണരൂപം
ഹേ...കേ...
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?
വിമർശനങ്ങൾ ഉയർന്നതോടെ അതിനുമറുപടിയായി നാലുവരി കവിതയും അദ്ദേഹം പങ്കുവച്ചു.
'തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന
മുനയുള്ള ചോദ്യങ്ങ,ളറിയാത്തകൂട്ടരേ
കുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതു
കരുണ മാത്രം, വെറുപ്പില്ലൊരശേഷവും'-എന്നായിരുന്നു വരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.