റാഗിങ്: പ്രതികളുടെ തുടർപഠനത്തിന് വിലക്ക്; തീരുമാനം അടിയന്തര നഴ്സിങ് കൗൺസിൽ യോഗത്തിൽ
text_fieldsതിരുവനന്തപുരം: കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് സംഭവത്തിൽ കർശന നടപടിയുമായി നഴ്സിങ് കൗൺസിൽ. കേസിൽ പ്രതികളായ അഞ്ച് സീനിയർ വിദ്യാർഥികളുടെ തുടർപഠനം വിലക്കാൻ കൗൺസിൽ തീരുമാനിച്ചു. ശനിയാഴ്ച അടിയന്തരമായി ഓൺലൈനിലാണ് യോഗം ചേർന്നത്.
പ്രതികളായ വിവേക്, സാമുവൽ, ജീവ, രാഹുൽ രാജ്, റിജിൽ എന്നിവരുടെ തുടർപഠനമാണ് തടയുക. അഞ്ചുപേർക്കും ഇനി കേരളത്തിൽ നഴ്സിങ് പഠനം തുടരാനാവില്ല. കൗൺസിലിന്റെ തീരുമാനം പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന രേഖാമൂലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. തുടർന്ന് ശിപാർശ സർക്കാറിലേക്കെത്തും.
ഹീനമായ പ്രവർത്തിയാണ് നടന്നതെന്നും ന്യായീകരിക്കാനാവില്ലെന്നും കൗൺസിൽ അംഗം പി. ഉഷാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. സേവനമേഖലയിൽ മനുഷ്യത്വമുള്ളവരാണ് കടന്നുവരേണ്ടത്. ഇത്തരം ആളുകൾ നഴ്സിങ് മേഖലയിലേക്ക് വരുന്നത് ദുരന്തമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കോളജ് ഹോസ്റ്റലിൽ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിനാൽ പ്രിൻസിപ്പൽ പ്രഫ. എ.ടി. സുലേഖ, അസി. വാർഡന്റെ ചുമതലയുള്ള അസി. പ്രഫസർ അജീഷ് പി. മാണി എന്നിവരെ വെള്ളിയാഴ്ച അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കംചെയ്യാനും നിർദേശം നൽകി.
എസ്.എഫ്.ഐക്ക് ബന്ധമില്ല -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് മനുഷ്യത്വവിരുദ്ധ സമീപനമാണെന്നും സംഭവത്തിൽ എസ്.എഫ്.ഐക്ക് പങ്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നഴ്‌സിങ് വിദ്യാര്‍ഥികളുടെ സംഘടനക്ക് എസ്.എഫ്.ഐയുമായി ബന്ധമില്ല.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഐക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. പൂക്കോട് കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തിലും എസ്.എഫ്.ഐക്കെതിരെ പ്രചാരണം നടത്തി. അന്വേഷണ റിപ്പോര്‍ട്ടില്‍ എസ്.എഫ്.ഐ എന്ന് പരാമര്‍ശമില്ല. വാളയർ കേസിലും സമാനമാണ് സംഭവിച്ചത്. സി.ബി.ഐ അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ ഇപ്പോൾ സത്യം വ്യക്തമായി. സി.പി.എമ്മിനെതിരെ വ്യാജ പ്രചാരണം ഏറ്റെടുത്ത മാധ്യമങ്ങൾ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.