റാഗിങ്ങിനിടെ വിദ്യാർഥിയുടെ കർണപുടം അടിച്ചുപൊട്ടിച്ചു
text_fieldsനാദാപുരം: എം.ഇ.ടി കോളജിൽ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയുടെ ചെവിയുടെ കർണപുടം അടിച്ചു തകർത്തതായി പരാതി. ഒന്നാം വർഷ ബി.കോം വിദ്യാർഥി അയിച്ചോത്ത് നിഹാൽ ഹമീദ്, മുഹമ്മദ് റാദി, ബി.സി.എ വിദ്യാർഥി സലാഹുദ്ദീൻ എന്നിവർക്കാണ് റാഗിങ്ങിനിടെ സാരമായി പരിക്കേറ്റത്. ഇതിൽ നിഹാൽ ഹമീദ് കർണപുടത്തിനേറ്റ പരിക്കുകാരണം വിദഗ്ധ ചികിത്സയിലാണ്.
വിദ്യാർഥികളെ റാഗ് ചെയ്തതായി രക്ഷിതാക്കളാണ് പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയത്. കോളജിലെ ആന്റി റാഗിങ് വിരുദ്ധ സമിതി യോഗംചേരുകയും റാഗിങ് നടന്ന വിവരം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, പൊലീസിൽ ആവശ്യമായ രേഖകൾ നൽകാതെ നടപടി വൈകിപ്പിക്കുകയാണെന്ന പരാതി ഉയർന്നിരിക്കുകയാണ്. ഒറിജിനൽ റിപ്പോർട്ട് നൽകാതെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയതെന്ന് ഇരയാക്കപ്പെട്ടവർ പറഞ്ഞു. ഇതേ തുടർന്ന് പൊലീസ് കടലാസ് കോളജിലേക്ക് തന്നെ തിരിച്ചയച്ചിരിക്കുകയാണ്.
അസ്സൽ റിപ്പോർട്ട് പൊലീസിന് നൽകുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. പതിനഞ്ചോളം പേർ റാഗിങ് സംഘത്തിൽ ഉണ്ടെന്നാണ് വിവരം. രണ്ടു മാസം മുമ്പാണ് ജൂനിയർ വിദ്യാർഥികൾ കോളജിൽ പ്രവേശനം നേടിയത്.
കോളജിൽ റാഗിങ്ങിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കേസ് മധ്യസ്ഥശ്രമത്തിലൂടെ ഒത്തുതീർക്കലാണ് പതിവ്. ഇതേതുടർന്ന് ആർക്കെതിരെയും നടപടി ഉണ്ടാകാറില്ല. എം.ഇ.ടിയിലെ റാഗിങ്ങിനെതിരെ ശക്തമായ നടപടി വേണമെന്ന് നാദാപുരം ഫ്രൻഡ്സ് ഫോറം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് വി.എ. അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ആർ.കെ. ഹമീദ്, സി.പി. സലാം, ഇബ്രാഹീം പടിഞ്ഞാറയിൽ, വി.എ. റഹീം, നാസർ കരയത്ത്, ഹമീദ് ആയിച്ചോത്ത്, എൻ.കെ. മജീദ്, ഡോ. പി. ഹമീദ്, നാസർ ആലക്കൽ, കുഞ്ഞാലി തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.