റാഗിങ്ങിനിരയായ പോളിടെക്നിക് കോളജ് വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു
text_fieldsവണ്ടിപ്പെരിയാർ (ഇടുക്കി): ഭീഷണികളുടെ പശ്ചാത്തലത്തിൽ റാഗിങ്ങിനിരയായ വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്നിക് കോളജിലെ വിദ്യാർഥിനി പഠനം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം കോളജിലെ ആൻറി റാഗിങ് സ്‌ക്വാഡിന് മൊഴി നൽകാൻ എത്തിയ പരാതിക്കാരിയായ വിദ്യാർഥിനിയെയും പിതാവിനെയും എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിൽ ജീവന് ഭീഷണിയുള്ളതിനാലാണ് പഠനം അവസാനിപ്പിക്കാൻ നിർബന്ധിതമായതെന്ന് പെൺകുട്ടിയുടെ പിതാവ് ജോൺസൺ പറഞ്ഞു.
ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി സ്പോട്ട് അഡ്മിഷനിലൂടെയാണ് പ്രവേശനം നേടിയത്. ഡിഗ്രി പഠനത്തിന് ശേഷമാണ് കമ്പ്യൂട്ടർ എൻജിനീയറിങ് കോഴ്‌സിനായി പോളിടെക്നിക് കോളജിൽ എത്തിയത്. ആദ്യ ദിവസത്തെ ക്ലാസിനുശേഷം വൈകീട്ട് ഹോസ്റ്റലിൽ എത്തിയപ്പോൾ മുതൽ മുതിർന്ന വിദ്യാർഥിനികളുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. സംഘമായെത്തി പേരു ചോദിക്കുകയും അസഭ്യം പറയുകയും ശാരീരികവും മാനസികവുമായ ക്രൂര റാഗിങ്ങിന് ഇരയാക്കുകയും ചെയ്തതായി പെൺകുട്ടി കോളജ് അധികൃതർക്കും പൊലീസിലും പരാതി നൽകുകയായിരുന്നു.
ആൻറി റാഗിങ് സ്‌ക്വാഡ് വിദ്യാർഥിനിയുടെ മൊഴി എടുത്തെങ്കിലും ബുധനാഴ്ച വീണ്ടും മൊഴി എടുക്കണമെന്ന് ആവശ്യപ്പെടുകയും ഇവരെ ആലപ്പുഴയിൽനിന്ന് വിളിച്ചുവരുത്തുകയും ചെയ്തു. മൊഴിയിൽ ഉറച്ചുനിന്നതോടെയാണ് കോളജിന് പുറത്ത് നിന്നിരുന്ന ഒരു വിഭാഗം വിദ്യാർഥികൾ ഓഫിസ് മുറിയിലേക്ക് ഇരച്ചുകയറുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പിതാവ് വ്യക്തമാക്കി. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെതിരെയടക്കം പരാതി നൽകിയിട്ടുണ്ട്. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർപഠനം അസാധ്യമാണെന്ന് പെൺകുട്ടി പറയുന്നു.
കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ തയാറായെങ്കിലും ടി.സി നൽകിയില്ലെന്ന് ആരോപണമുണ്ട്. റാഗിങുമായി ബന്ധപ്പെട്ട് കോളജിലെ മുതിർന്ന വിദ്യാർഥിനികളായ ഗ്രീഷ്മ (22), ശ്രീലക്ഷ്മി (22), ഹരിക്കുട്ടി (21), ഹോസ്റ്റൽ വാർഡൻ ഗിരിജ (40) എന്നിവരെ പ്രതികളാക്കി റാഗിങ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പീരുമേട് സി.ഐക്കാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.